3.53 കോടിക്ക് ഒരു വിലയുമില്ലേ? പഞ്ചായത്ത് കയ്യൊഴിഞ്ഞതോടെ 2 തടയണകൾ നശിക്കുന്നു
Mail This Article
മൂന്നാർ ∙ മൂന്നാറിലെ ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിനായി കോടികൾ ചെലവിട്ട് രണ്ടര വർഷം മുൻപ് നിർമിച്ച 2 തടയണകൾ തുടർ നടപടികളില്ലാതെ നശിക്കുന്നു. തടയണകൾ ഏറ്റെടുത്ത് തുടർ നടപടികൾ നടപ്പാക്കേണ്ടെന്ന് പഞ്ചായത്ത് തീരുമാനമെടുത്തതോടെയാണ് തടയണകൾ രണ്ടും ഉപേക്ഷിക്കപ്പെട്ടത്. മേഖലയിലെ ശുദ്ധജല ക്ഷാമം പരിഹരിക്കുന്നതിനാണ് ടൗണിനു സമീപമുള്ള പെരിയവരകവല, പെരിയവരപാലം എന്നിവിടങ്ങളിലായി കന്നിയാറിനു കുറുകെ 3.53 കോടി രൂപ ചെലവിൽ രണ്ടര വർഷം മുൻപ് 2 തടയണകൾ നിർമിച്ചത്.
2022 മാർച്ച് 31നാണ് ഇവയുടെ നിർമാണം പൂർത്തീകരിച്ചത്. ചെറുകിട ജലസേചന വകുപ്പാണ് തടയണകൾ നിർമിച്ചത്. തടയണകളിൽ വെള്ളം ശേഖരിച്ച് സമീപത്തെ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനു സമീപത്ത് നിർമിക്കുന്ന സംഭരണിയിലെത്തിച്ച് ശുദ്ധീകരിച്ച് മേഖലയിൽ വിതരണം ചെയ്യുന്നതിനാണ് ലക്ഷ്യമിട്ടിരുന്നത്.
തടയണകൾ കൈമാറിയ ശേഷമുളള സംഭരണി നിർമാണമുൾപ്പെടെയുള്ള കാര്യങ്ങൾ പഞ്ചായത്തുതലത്തിൽ നടപ്പാക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാൽ പദ്ധതി പ്രകാരം തടയണയിൽനിന്ന് 500 അടിയിലേറെ ഉയരത്തിലുള്ള മലമുകളിലേക്ക് വെള്ളം എത്തിക്കുന്നതും റവന്യു ഭൂമിയിൽ സംഭരണി, ശുദ്ധീകരണ സംവിധാനം എന്നിവ നിർമിക്കുന്നതിനുളള തടസ്സവും വൻ ചെലവും ഉൾപ്പെടെ പദ്ധതി നടപ്പാക്കുന്നത് അപ്രായോഗികമാണെന്നും കണ്ടെത്തിയതോടെയാണ് പഞ്ചായത്ത് കമ്മിറ്റി പദ്ധതി ഏറ്റെടുക്കേണ്ട എന്ന തീരുമാനത്തിലെത്തിയത്. പഞ്ചായത്ത് കയ്യൊഴിഞ്ഞതോടെ കോടികൾ ചെലവഴിച്ചു നിർമിച്ച തടയണകൾ ഉപേക്ഷിച്ച നിലയിൽ കിടക്കുകയാണ്.