സംരക്ഷണഭിത്തി ഇടിഞ്ഞിട്ട് ഒന്നരമാസം; ലേശംകൂടി ഉഷാറാക്കാം
Mail This Article
ഇരട്ടയാർ ∙ ശാന്തിഗ്രാം പാലത്തിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞിട്ട് ഒന്നരമാസമായിട്ടും പണികൾ ഇഴയുന്നതായി ആരോപണം. ഒക്‌ടോബർ 7ന് ഉച്ചയോടെയാണ് ശക്തമായ മഴയിൽ സംരക്ഷണഭിത്തി ഇടിഞ്ഞത്. അതേതുടർന്ന് ഇതുവഴിയുള്ള വലിയ വാഹനങ്ങളുടെ ഗതാഗതം നിയന്ത്രിച്ചിരുന്നു. തുടർന്ന് മന്ത്രി എം.എം.മണി എംഎൽഎ ഇടപെടുകയും സംരക്ഷണഭിത്തി നിർമിക്കാനായി 13,85,000 രൂപ അനുവദിക്കുകയും ചെയ്തു. നടപടിക്രമങ്ങൾ പൂർത്തിയാക്കി പണി ആരംഭിക്കാൻ വൈകിയതിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു. തുടർന്ന് പണികൾ ആരംഭിച്ചപ്പോൾ വീണ്ടും മണ്ണിടിഞ്ഞ് റോഡ് കൂടുതൽ അപകടാവസ്ഥയിലായതോടെ ഇതുവഴിയുള്ള ഗതാഗതം പൂർണമായി നിരോധിച്ചു.
എന്നാൽ ഗതാഗതം നിരോധിച്ചിട്ട് 22 ദിവസം പിന്നിട്ടിട്ടും പണികൾ ഇഴഞ്ഞാണ് നീങ്ങുന്നതെന്നാണ് ആരോപണം. പല ദിവസങ്ങളിലും പണികൾ നടക്കുന്നില്ല. ചില ദിവസങ്ങളിൽ ഒന്നോ രണ്ടോ തൊഴിലാളികൾ മാത്രമാണുണ്ടാകാറുള്ളത്. ആവശ്യത്തിന് തൊഴിലാളികളെ എത്തിച്ച് പണികൾ വേഗത്തിൽ പൂർത്തിയാക്കാൻ കരാറുകാരൻ തയാറാകുന്നില്ലെന്നാണ് ആരോപണം. ഇതിനാൽ സമീപ പ്രദേശത്തെ സ്‌കൂളുകളിലേക്കുള്ള കുട്ടികൾ ഉൾപ്പെടെ കാൽനടയായി സഞ്ചരിക്കേണ്ട ഗതികേടിലാണ്.