മാക്കൂട്ടം അതിർത്തി തുറക്കാൻ നടപടി വേണമെന്ന് സോണി സെബാസ്റ്റ്യൻ
Mail This Article
കണ്ണൂർ ∙ കോവിഡിന്റെ പേരിൽ സംസ്ഥാനാന്തര പാതകൾ അടയ്ക്കരുതെന്നു കേന്ദ്രം നിർദേശം നൽകിയിട്ടും ഇരിട്ടി - കൂട്ടുപുഴ – മാക്കൂട്ടം ചുരം പാതയിലൂടെ ഇപ്പോഴും നിയന്ത്രണങ്ങളോടെ മാത്രമാണു പ്രവേശനമെന്നു കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ. ആർടിപിസിആർ സർട്ടിഫിക്കറ്റിന്റെ പേരിൽ ഒട്ടേറെ മലയാളികളെ കുടക് അധികൃതർ തിരിച്ചയച്ചിട്ടും കണ്ണൂർ ജില്ലാ ഭരണകൂടം ഇടപെട്ടിട്ടില്ല.
ചീഫ് സെക്രട്ടറി തലത്തിൽ പോലും ഇടപെടലുണ്ടായില്ല. കലക്ടർ ഇതുവരെ സ്ഥലം സന്ദർശിച്ചിട്ടില്ല. മലയാളികളെ ബുദ്ധിമുട്ടിക്കുന്ന കർണാടക സർക്കാരിനു പൂർണ പിന്തുണയാണു കേരള സർക്കാർ നൽകുന്നത്. മാക്കൂട്ടത്തു ബാരാപോൾ ജല വൈദ്യുത പദ്ധതിയും സമീപത്തെ ഭൂമിയും കയ്യേറാൻ നടത്തുന്ന ശ്രമങ്ങൾ പലതവണ വാർത്തയായെങ്കിലും സർക്കാർ അവഗണിക്കുകയാണ്.അതിർത്തിയിൽ താമസിക്കുന്ന മലയാളി കുടുംബങ്ങളും കുടിയൊഴിപ്പിക്കൽ ഭീഷണിയിലാണ്.
മൈസൂരു, ബെംഗളൂരു തുടങ്ങി ദീർഘദൂര ബസ് സർവീസുകൾ, ടൂറിസ്റ്റ് ബസുകൾ, കുടകിലേക്കുള്ള സ്വകാര്യ ബസുകൾ എന്നിവയുടെ സർവീസ് നിലച്ചിട്ടു മാസങ്ങളായി. ആയിരക്കണക്കിനു മലയാളികളാണു യാത്രാസൗകര്യമില്ലാതെ കുടുങ്ങിയത്. പൊതുഗതാഗതം പുനരാരംഭിക്കാനുള്ള അടിയന്തര ഇടപെടൽ സർക്കാർ തലത്തിൽ ഉണ്ടാകണമെന്നും സോണി സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.
സോണി സെബാസ്റ്റ്യന് സ്വീകരണം നൽകി
കണ്ണൂർ ∙ കെപിസിസി ജനറൽ സെക്രട്ടറിയായി നിയോഗിക്കപ്പെട്ട സോണി സെബാസ്റ്റ്യനു ഡിസിസി ഓഫിസിൽ സ്വീകരണം നൽകി. ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് ഷാൾ അണിയിച്ചു. സതീശൻ പാച്ചേനി, എൻ.പി.ശ്രീധരൻ, പി.മാധവൻ, രജിത്ത് നാറാത്ത്, ടി.ജയകൃഷ്ണൻ, റഷീദ് കവ്വായി, ടി.കെ.അജിത്ത് എന്നിവർ പ്രസംഗിച്ചു.