കാലാങ്കിയുടെ സൗന്ദര്യം രാത്രിയിലാണ്: ഉളിക്കലിന്റെ അനുഗ്രഹം, പ്രകൃതിയുടെ സൗന്ദര്യം
Mail This Article
കുടകും ഉളിക്കലുമായുള്ള ബന്ധത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഭക്തിയുടെ കാര്യത്തിലും വിനോദ സഞ്ചാരത്തിന്റെ കാര്യത്തിലുമെല്ലാം അങ്ങോട്ടുമിങ്ങോട്ടും ഇടപഴകി വളർന്നതാണ് ആ ഇഴയടുപ്പം. വയത്തൂർ കാലിയാർ ക്ഷേത്രവുമായി കുടകർക്കുള്ള ആത്മബന്ധമാണ് ഭക്തിമാർഗത്തിൽ അവരെ ഉളിക്കലിലേക്ക് ആകർഷിക്കുന്നത്. പ്രകൃതി ഭംഗികൊണ്ട് അനുഗൃഹീതമായ കുടക് മേഖലയിൽ നിന്നെത്തുന്നവരെപോലും ആകർഷിക്കുന്ന പ്രകൃതിഭംഗിയുമായി കാത്തിരിക്കുന്ന കാലാങ്കിയാണ് ഉളിക്കലിന്റെ മറ്റൊരു പ്രധാന ആകർഷണം. ജില്ലയിലെ പ്രധാന ഇക്കോ ടൂറിസം കേന്ദ്രങ്ങളിലൊന്നായി വളരാനൊരുങ്ങുകയാണ് കാലാങ്കി ഇപ്പോൾ.
സമുദ്ര നിരപ്പിൽ നിന്ന് 2600 അടി ഉയരമുള്ള കാലാങ്കി മല മുകളിൽ ഉദയവും അസ്തമയവും കാണാമെന്നതും കുളിരുള്ള കാലാവസ്ഥയും പ്രധാന ആകർഷകമാണ്. ഒരു ഭാഗം കർണാടക വനം അതിരിടുമ്പോൾ ബാക്കി മൂന്നു ഭാഗങ്ങളിലെയും ദൂരക്കാഴ്ച അത്ഭുതപ്പെടുത്തുന്നതാണ്. കണ്ണൂർ വിമാനത്താവളം, ബാരാപോൾ ജല വൈദ്യുത പദ്ധതി മാക്കൂട്ടം വനപാത തുടങ്ങി കിലോമീറ്ററുകൾ അകലെയുള്ള കാഴ്ച അടുത്തു നിന്നെന്നപോലെ ആസ്വദിക്കാവുന്ന സ്ഥലം എന്ന നിലയിലാണ് കാലാങ്കി വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി മാറുന്നത്.
കാലാങ്കിയുടെ സൗന്ദര്യം രാത്രിയിലാണ്
കർണാടക വനത്തോടു അതിരിടുന്ന പ്രദേശമാണെങ്കിലും കാട്ടാന ശല്യം ഈ പ്രദേശത്ത് ഉണ്ടാവുന്നില്ല എന്നതും പ്രത്യേകതയാണ്. ഭൂ നിലയുടെ പ്രത്യേക മൂലം വന്യ മൃഗങ്ങൾ ടൂറിസം സ്പോട്ടിലേക്ക് എത്തിനോക്കാറില്ല. ഉദയവും അസ്തമയവും കണ്ണൂർ വിമാനത്തിന്റെയും ബാരാപോളിന്റെയും രാത്രി കാല മനോഹര ദൃശ്യം ആസ്വദിക്കാൻ രാത്രി ഇവിടെ താമസിക്കണമെന്നു മാത്രം.
തണുത്ത കാലാവസ്ഥ ആയതിനാൽ ടെന്റ് അടിച്ച് രാത്രി ചെലവഴിക്കാൻ എത്തുന്നവർക്ക് മാത്രമാണ് കാലാങ്കിയുടെ മുഴുവൻ സൗന്ദര്യവും ആസ്വദിക്കാൻ സാധിക്കുകയുള്ളു എന്ന പരിമിതി ഉണ്ട്. സാഹസികർക്ക് ഇതൊരു അനുഗ്രഹവുമാണ്. കണ്ണൂർ വിമാനത്താവളത്തിൽ നിന്നു 35 കിലോമീറ്റർ സഞ്ചരിച്ചാൽ എത്തിച്ചേരാവുന്ന സ്ഥലമാണ് കാലാങ്കി. സാഹസിക താൽപര്യമുള്ളവർക്ക് ഓഫ് റോഡ് ഡ്രൈവും ആസ്വദിക്കാം.
അടിസ്ഥാന സൗകര്യം വർധിപ്പിക്കണം
ഇവിടെ എത്തിച്ചേർന്നാൽ അടിസ്ഥാന സൗകര്യത്തിന്റെ പരിമിധിയാണു പ്രധാന പ്രശ്നം. മികച്ച റോഡു സൗകര്യവും താമസ സൗകര്യവും ഒരുക്കിയായാൽ വിനോദ സഞ്ചാരികളുടെ ഒഴുക്കാവും ഇവിടേക്കെന്നു തീർച്ച. ടൂറിസം സാധ്യത കണ്ടറിഞ്ഞ് അടിസ്ഥാന സൗകര്യം ഒരുക്കുന്നതിന് പഞ്ചായത്തും പ്രദേശവാസികളും മുൻകൈ എടുക്കുന്നുണ്ട്. കംഫർട്ട് സ്റ്റേഷൻ അടക്കമുള്ളവ ഒരുക്കുന്നതിന് ഇത്തവണ ഉളിക്കൽ പഞ്ചായത്ത് 25 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്.
തീർഥാടന ടൂറിസം
തീർഥാടന ടൂറിസത്തിന്റെ സാധ്യത വയത്തൂർ കാലിയാർ ക്ഷേത്രവും നൽകുന്നു. കുടകുമായി നൂറ്റാണ്ടുകളുടെ ബന്ധം ഈ ക്ഷേത്രത്തിന് ഉള്ളതിനാൽ കുടകിൽ നിന്നുള്ള ടൂറിസ്റ്റുകളും ഇവിടേക്ക് എത്തുന്നുണ്ട്. വയത്തൂർ ക്ഷേത്രത്തിലെ പ്രധാന ഉത്സവ ചടങ്ങുകൾക്കു കുടക് സ്ഥാനികരുടെ സാന്നിധ്യം വേണം എന്നതും ക്ഷേത്ര ഉത്സവം അറിയിച്ച് വയത്തൂരിൽ നിന്നു കുടകിലേക്ക് അറിയിപ്പുമായി സ്ഥാനിക കോമരം പോകുന്നതും ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള ഭക്തി സൗഹൃദത്തിന്റെ ഉദാഹരണമാണ്.