നായനാരെ കാണാം, കേൾക്കാം, സംസാരിക്കാം; മ്യൂസിയത്തിൽ!
കണ്ണൂർ ∙ ‘ശാരദാസി’ലെ നായനാരുടെ വായനമുറിയും അദ്ദേഹം ഉപയോഗിച്ച വസ്തുക്കളുമെല്ലാമായി നായനാർ അക്കാദമിയിലെ നായനാർ മ്യൂസിയം തുറന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് മ്യൂസിയം ഉദ്ഘാടനം ചെയ്തത്. അന്ന് ഉപയോഗിച്ചിരുന്ന അതേ മേശയ്ക്കരികിൽ കസേരയിട്ട് കയ്യിലൊരു പേനയുമായി ഇരിക്കുന്ന സഖാവിന്റെ സിലിക്കൺ പ്രതിമ
കണ്ണൂർ ∙ ‘ശാരദാസി’ലെ നായനാരുടെ വായനമുറിയും അദ്ദേഹം ഉപയോഗിച്ച വസ്തുക്കളുമെല്ലാമായി നായനാർ അക്കാദമിയിലെ നായനാർ മ്യൂസിയം തുറന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് മ്യൂസിയം ഉദ്ഘാടനം ചെയ്തത്. അന്ന് ഉപയോഗിച്ചിരുന്ന അതേ മേശയ്ക്കരികിൽ കസേരയിട്ട് കയ്യിലൊരു പേനയുമായി ഇരിക്കുന്ന സഖാവിന്റെ സിലിക്കൺ പ്രതിമ
കണ്ണൂർ ∙ ‘ശാരദാസി’ലെ നായനാരുടെ വായനമുറിയും അദ്ദേഹം ഉപയോഗിച്ച വസ്തുക്കളുമെല്ലാമായി നായനാർ അക്കാദമിയിലെ നായനാർ മ്യൂസിയം തുറന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് മ്യൂസിയം ഉദ്ഘാടനം ചെയ്തത്. അന്ന് ഉപയോഗിച്ചിരുന്ന അതേ മേശയ്ക്കരികിൽ കസേരയിട്ട് കയ്യിലൊരു പേനയുമായി ഇരിക്കുന്ന സഖാവിന്റെ സിലിക്കൺ പ്രതിമ
കണ്ണൂർ ∙ ‘ശാരദാസി’ലെ നായനാരുടെ വായനമുറിയും അദ്ദേഹം ഉപയോഗിച്ച വസ്തുക്കളുമെല്ലാമായി നായനാർ അക്കാദമിയിലെ നായനാർ മ്യൂസിയം തുറന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് മ്യൂസിയം ഉദ്ഘാടനം ചെയ്തത്. അന്ന് ഉപയോഗിച്ചിരുന്ന അതേ മേശയ്ക്കരികിൽ കസേരയിട്ട് കയ്യിലൊരു പേനയുമായി ഇരിക്കുന്ന സഖാവിന്റെ സിലിക്കൺ പ്രതിമ വർഷങ്ങൾക്കു മുൻപത്തെ നായനാർക്കാലത്തേക്ക് കാഴ്ചക്കാരെ കൂട്ടിക്കൊണ്ടുപോകും.
ഹോളോഗ്രാം സാങ്കേതികവിദ്യയുടെ സഹായത്തോടെ നായനാരോടു സംസാരിക്കാനുള്ള സൗകര്യവും മ്യൂസിയത്തിൽ ഒരുക്കിയിട്ടുണ്ട്. നായനാരുടെ ജീവിതവുമായി ബന്ധപ്പെട്ട 10 ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകും. നായനാരുടെ ആത്മകഥയിലെ പ്രസക്തഭാഗങ്ങൾ രേഖപ്പെടുത്തുന്ന ചിത്രങ്ങൾ നിറഞ്ഞ ചുമരിൽ കാരിക്കേച്ചറുകളുമുണ്ട്. ഇന്ത്യൻ കമ്യൂണിസ്‌റ്റ് പ്രസ്ഥാനത്തിന്റെ പോരാട്ടങ്ങൾ വിവരിക്കുന്ന ഓറിയന്റേഷൻ തിയറ്ററാണ് ഒന്നാംനിലയിൽ. പ്രവേശനകവാടത്തിൽ കർഷകർ, തൊഴിലാളികൾ, സ്‌ത്രീകൾ, വിദ്യാർഥികൾ എന്നിവരുടെ പ്രതിബിംബങ്ങളുമുണ്ട്.നായനാരുടെ അപൂർവമായ ഒട്ടേറെ ചിത്രങ്ങളും ഓഡിയോ വിഡിയോ പ്രസന്റേഷനും ഒരുക്കിയിട്ടുണ്ട്.
നായനാർ മുഖ്യമന്ത്രിയായപ്പോൾ നടത്തിയ ‘മുഖ്യമന്ത്രിയോട് ചോദിക്കാം’ പരിപാടിയും പ്രദർശിപ്പിക്കുന്നുണ്ട്. അക്കാദമിയിലെ രണ്ടാമത്തെ നിലയിൽ നായനാർ ജനിച്ചുവളർന്ന വീടും പഠനവും രാഷ്‌ട്രീയവും ജയിൽവാസവും ഒളിവുജീവിതവും മുഖ്യമന്ത്രിയായതുമെല്ലാം ചിത്രങ്ങളിലൂടെ കണ്ടറിയാം. എകെജി, ഇഎംഎസ്, പി.കൃഷ്‌ണപിള്ള, കെ.ദാമോദരൻ, എൻ.സി.ശേഖർ എന്നിവരുടെ ജീവൻതുടിക്കുന്ന മെഴുകു പ്രതിമകളും മ്യൂസിയത്തിൽ കാണാം. ശിൽപി സുനിൽ കുണ്ടല്ലൂരാണ് പ്രതിമകൾ ഒരുക്കിയത്.
ലോകത്തെ മുൻനിര മ്യൂസിയങ്ങളുടെ ശിൽപി വിനോദ് ഡാനിയേലാണ് മ്യൂസിയം ക്രമീകരിച്ചത്. ചരിത്രസ്മാരകങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് ഓസ്ട്രേലിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന രാജ്യാന്തര ഏജൻസിയായ ഓസ്ഹെരിറ്റേജിന്റെ ചെയർമാനാണ് വിനോദ്. നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശങ്കർ രാമകൃഷ്ണനാണ് ക്രിയേറ്റീവ് ഹെഡ്. വിനോദ് മേനോൻ, സന്തോഷ് രാമൻ, പ്രേമചന്ദ്രൻ തുടങ്ങിയവരും സഹായത്തിനുണ്ടായിരുന്നു. പാർട്ടി കോൺഗ്രസ് കഴിഞ്ഞ ശേഷമായിരിക്കും പൊതുജനങ്ങൾക്കുള്ള പ്രവേശനം.
‘ശാരദാസി’ലെ നായനാരുടെ വായനമുറി കാര്യമായ മാറ്റങ്ങളില്ലാതെയാണ് ബർണശ്ശേരിയിലെ നായനാർ അക്കാദമിയിൽ സജ്ജീകരിച്ചിരിക്കുന്നത്. ചാരുകസേരയും പുസ്തകങ്ങളും ആ പഴയ മേശയും മേശപ്പുറത്തുണ്ടായിരുന്ന കൊമ്പുകോർത്തു നിൽക്കുന്ന ആനകളുടെ ശിൽപവുമെല്ലാം അതേപടി ക്രമീകരിച്ചു. നായനാർക്കു കുളിർകാറ്റേകിയ ആ ടേബിൾ ഫാനും രാഷ്ട്രീയവും ചിരിയും ചിന്തയുമെല്ലാം കേട്ട പഴയ ടെലിഫോണും വലിയ അക്കങ്ങളിൽ സമയം കാണിച്ചിരുന്ന ക്ലോക്കുമെല്ലാം തൊട്ടരികിലുണ്ട്.
ശാരദാസിൽ നിന്നെത്തിച്ച, വർഷങ്ങൾ പഴക്കമുള്ള ചാരുകസേരയുടെ പ്ലാസ്റ്റിക് കണ്ണികളിൽ ചിലതു പൊടിഞ്ഞു തുടങ്ങിയിരുന്നു. ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളും പുസ്തകങ്ങളും ഡയറികളും പത്രത്തിൽ നിന്നു മുറിച്ചെടുത്തു സൂക്ഷിച്ച വാർത്തകളും നിറംമങ്ങിത്തുടങ്ങി. ഇവയെല്ലാം അന്ന് നായനാർ ഉപയോഗിച്ചിരുന്നപ്പോൾ എങ്ങനെയായിരുന്നോ അതേ രീതിയിലാണ് സംരക്ഷിക്കുന്നതെന്നു വിനോദ് ഡാനിയേൽ പറഞ്ഞു. വിമാനയാത്രകൾ കഴിഞ്ഞ് നായനാർ സൂക്ഷിച്ചുവച്ച ഇന്ത്യൻ എയർലൈൻസിന്റെയും ജെറ്റ് എയർവെയ്സിന്റെയുമെല്ലാം ബോർഡിങ് പാസുകൾ ഇക്കൂട്ടത്തിലുണ്ട്.
ഇക്കണോമി ക്ലാസിൽ മാത്രം യാത്ര ചെയ്ത നായനാരുടെ ലാളിത്യം അടുത്തറിയാൻ ഈ ടിക്കറ്റുകൾ സഹായിക്കും. ഈ രണ്ടു വിമാനക്കമ്പനികളും ഇപ്പോൾ നിലവിലില്ല, അതുകൊണ്ടുതന്നെ രാജ്യത്തിന്റെ വ്യോമയാന ചരിത്രത്തിന്റെ കൂടി ഭാഗമാണ് ഈ ബോർഡിങ് പാസുകൾ – വിനോദ് പറഞ്ഞു.കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം അനാവരണം ചെയ്യുന്ന ഗാലറിയും രക്തസാക്ഷികളെ അടുത്തറിയാൻ സഹായിക്കുന്ന മറ്റൊരു ഗാലറിയും ഉൾപ്പെട്ടതാണ് നായനാർ അക്കാദമിയിലെ മ്യൂസിയം. മറ്റു ഗാലറികൾ പാർട്ടി കോൺഗ്രസിനു ശേഷമേ സജ്ജമാകൂ.