രാത്രി നടത്തവുമായി സ്ത്രീകൾ; ക്യാംപെയ്ന് തുടക്കം
Mail This Article
തലശ്ശേരി ∙ രാത്രികൾ ഞങ്ങളുടേതു കൂടിയാണെന്നും ഈ വഴികൾ ഞങ്ങളുടെയും സ്വന്തമാണെന്നും പ്രഖ്യാപിച്ച് വനിതകൾ കൂട്ടത്തോടെ രാത്രി നടത്തത്തിനു നിരത്തിലിറങ്ങി. നഗരത്തിലെ പൈതൃക വീഥികൾ അതിനു സാക്ഷ്യം വഹിച്ചു. തലശ്ശേരി പൈതൃക ടൂറിസം പദ്ധതിയുടെ പ്രോത്സാഹനത്തിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ഡെസ്റ്റിനേഷൻ മാനേജ്മെന്റ് കമ്മിറ്റിയും ചേർന്നാണു പരിപാടി സംഘടിപ്പിച്ചത്.
രാത്രികളിൽ നഗരസൗന്ദര്യം ആസ്വദിച്ച് സ്ത്രീകൾക്കും സഞ്ചരിക്കാൻ സാധിക്കുമെന്ന ക്യാംപെയ്ന് ഇതുവഴി തുടക്കം കുറിച്ചു. ഓവർബറിയിൽ നിന്നു തുടങ്ങിയ നടത്തം പഴയ ബസ് സ്റ്റാൻഡ്, ലോഗൻസ് റോഡ്, പാരിസ് റോഡ് ഇടവഴിയിലൂടെ മെയിൻ റോഡിൽ എത്തി കടൽപാലത്തിനു സമീപം സമാപിച്ചു. രാത്രി നടത്തം സിനിമാതാരം ടൊവിനോ തോമസ് ഫ്ലാഗ് ഓഫ് ചെയ്തു.
നഗരസഭാധ്യക്ഷ കെ.എം.ജമുനാ റാണി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ, സബ് കലക്ടർ അനുകുമാരി, നടി റീമ കല്ലിങ്കൽ, സംവിധായകൻ ആഷിഖ് അബു, കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ ആർ.ഇളങ്കോ, തലശ്ശേരി എ സി പി വിഷ്ണു പ്രദീപ്, എ.എൻ.ഷംസീർ എംഎൽഎ എന്നിവർ പ്രസംഗിച്ചു. ആൽമരം മ്യൂസിക് ബാൻഡിന്റെ സംഗീത പരിപാടിയും ഉണ്ടായിരുന്നു.