കാട്ടാനക്കലിയുടെ രക്തസാക്ഷി; ദാമുവിന് വിടചൊല്ലി നാട്
Mail This Article
ഇരിട്ടി ∙ ആറളം ഫാമിൽ കാട്ടാനയെ പ്രതിരോധിക്കാത്ത ഭരണകൂട നിസംഗതയുടെ പത്താമത്തെ രക്തസാക്ഷിയായ ബ്ലോക്ക് 7 ലെ പുതുശ്ശേരി ദാമുവിനു കണ്ണീരോടെ വിടചൊല്ലി നാട്. അമ്മ നാരായണിയെയും കുടുംബാംഗങ്ങളെയും ആശ്വസിപ്പിക്കാൻ വാക്കുകൾ കിട്ടാതെ തേങ്ങി അയൽവാസികളും സുഹൃത്തുക്കളും. ആറളം ഫാമിൽ 3 വർഷം മുൻപ് പ്രഖ്യാപിച്ച ആനമതിൽ പദ്ധതിയടക്കം പൊളിച്ച അധികൃതരോടുള്ള രോക്ഷം ഉള്ളിലടക്കിയാണ് പുനരധിവാസ മേഖലയിലെ താമസക്കാരും പ്രദേശവാസികളും അന്തിമോപചാരം അർപ്പിച്ചത്.
പരിയാരം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം പടിയൂർ മാങ്കുഴിയിലെ വീട്ടിൽ എത്തിച്ചു. തുടർന്ന് ആറളം ഫാമിൽ ദാമു വർഷങ്ങളായി താമസിക്കുന്ന അമ്മയുടെ വീട്ടിലേക്ക് കൊണ്ടുവന്നു. പുനരധിവാസ മേഖലയിലെ താമസക്കാരും പൊതുപ്രവർത്തകരും പൊതുജനങ്ങളും അന്ത്യോപചാരം അർപ്പിക്കാനായി ഒഴുകിയെത്തി.
കലക്ടർ എസ്.ചന്ദ്രശേഖർ, ഡിഎഫ്ഒ പി.കാർത്തിക്, ആറളം വൈൽഡ് ലൈഫ് വാർഡൻ വി.സന്തോഷ് കുമാർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധൻ, ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി.രാജേഷ് തുടങ്ങി ഒട്ടേറെ ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി നേതാക്കളും ഉദ്യോഗസ്ഥരും അന്ത്യോപചാരം അർപ്പിച്ചു.