തളിപ്പറമ്പ് - കൂർഗ് ബോർഡർ റോഡിലെ ഒടുവള്ളി വളവിൽ ഭാരവാഹനങ്ങൾ അപകടത്തിൽപ്പെടുന്നു
Mail This Article
ആലക്കോട് ∙ സംസ്ഥാന പാതയായ തളിപ്പറമ്പ് - കൂർഗ് ബോർഡർ റോഡിലെ ഒടുവള്ളി വളവിൽ ഭാരവാഹനങ്ങൾ കുടുങ്ങുന്നതും മറിയുന്നതും പതിവാകുന്നു.മിക്കപ്പോഴും ഇതു ഗതാഗതക്കുരുക്കിനും കാരണമാകുന്നു. ഇന്നലെ മരം കയറ്റിപോയ മിനിലോറി മറിഞ്ഞത് ഭാഗിക ഗതാഗത തടസ്സത്തിനു കാരണമായി.
കുത്തനെ ചെരിവും കൊടുംവളവുകളുമുള്ള ഇവിടെ ഇറക്കമിറങ്ങി വരുന്ന വലിയ ഭാരവാഹനങ്ങളാണ് കുടുങ്ങുന്നതെങ്കിൽ ഉയരത്തിൽ അടുക്കിവച്ച മരവും വഹിച്ച് കയറ്റം കയറുന്ന മിനിലോറികളാണ് മറിയുന്നത്. വളവ് തിരിക്കുന്നതിനിടെ ലോറി റോഡരികിലുള്ള ക്രാഷ്ബാരിയറിൽ തട്ടുകയും മുന്നോട്ട് പോകാനാകാത്ത സ്ഥിതിയുമുണ്ടാകുന്നു.
റോഡ്സൈഡ് വൻ താഴ്ചയാണ്. പലപ്പോഴും ഭാരം ഇറക്കിയ ശേഷമാണ് ലോറി നീക്കുന്നത്. നിരന്തരമുള്ള ഇത്തരം സംഭവങ്ങളെ തുടർന്ന് ക്രാഷ്ബാരിയറിന്റെ ഏറിയ ഭാഗവും തകർന്ന നിലയിലാണ്. ഇവിടെ കുടുങ്ങുന്ന വാഹനങ്ങളിലേറെയും മറ്റു സ്ഥലങ്ങളിൽ നിന്നുള്ളവയാണ്. ഡ്രൈവർമാരിൽ പലർക്കും സ്ഥലപരിചയം കുറവായിരിക്കും.
അരിയും പലവ്യഞ്ജന സാധനങ്ങളും മലയോര മേഖലയിലേക്ക് കൊണ്ടുവരുന്ന ലോറികളാണു മുക്കതും. ആഴ്ചയിൽ രണ്ടും മൂന്നും തവണ ഇത്തരത്തിലുള്ള സംഭവമുണ്ടാകുന്നു. പലപ്പോഴും ഭാഗ്യംകൊണ്ടാണ് ദുരന്തമുണ്ടാതെ പോകുന്നത്. അതേസമയം, റോഡ് നിർമാണത്തിലെ അശാസ്ത്രീയതയാണു
ഇതിനു കാരണമെന്നു നാട്ടുകാർ പറയുന്നു. ഇത് പരിഹരിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിച്ചിട്ടും അധികൃതർ കണ്ടില്ലെന്നു നടിക്കുകയാണെന്ന് നാട്ടുകാർ ആരോപിച്ചു. ജനപ്രതിനിധികൾ ഇവിടം സന്ദർശിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.