ട്രോളിങ് നിരോധനം: തീരമണഞ്ഞ് ബോട്ടുകൾ
Mail This Article
കണ്ണൂർ∙ ട്രോളിങ് നിരോധനം ഇന്ന് രാത്രി 12 മുതൽ നിലവിൽ വരും. ജൂലൈ 31ന് രാത്രി 12 വരെയാണ് നിരോധനം. ട്രോളിങ് നിരോധന സമയത്ത് കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾക്ക് ലൈഫ് ജാക്കറ്റ്, ബയോമെട്രിക് ഐഡി കാർഡ്, ആധാർ കാർഡ് എന്നിവ നിർബന്ധമാക്കിയിട്ടുണ്ട്. നിരോധനം ഫലപ്രദമായി നടപ്പാക്കാൻ ഫിഷറീസ് വകുപ്പ് രണ്ട് ബോട്ടുകൾ വാടകയ്ക്കെടുക്കും. 4 ലൈഫ് ഗാർഡുമാരെ അധികമായി നിയോഗിച്ച് മൊത്തം അംഗബലം എട്ടാക്കും. ഹാർബറുകളിലെ ഡീസൽ ബങ്കുകൾ അടയ്ക്കും.
ഇൻബോർഡ് വള്ളങ്ങൾക്ക് ഇന്ധനത്തിനായി മത്സ്യഫെഡ് ബങ്കുകൾ അനുവദിക്കും. ഇതര സംസ്ഥാന ബോട്ടുകൾ കേരള തീരം വിട്ടു തുടങ്ങി. ഇന്ന് വൈകിട്ടോടെ മുഴുവൻ ട്രോളിങ് ബോട്ടുകളും കടലിൽ നിന്നു മാറ്റിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തേണ്ട ചുമതല മറൈൻ എൻഫോഴ്സ്മെന്റിനും കോസ്റ്റൽ പൊലീസിനുമാണ്.
പരമ്പരാഗത വള്ളങ്ങളിൽ മീൻപിടിത്തത്തിനു പോകുന്നവർ മത്സ്യക്കുഞ്ഞുങ്ങളെ പിടിക്കരുതെന്നു നിർദേശമുണ്ട്. മീൻ പിടിക്കാൻ പോകുന്നവർ കാലാവസ്ഥാ മുന്നറിയിപ്പുകൾ ശ്രദ്ധിക്കണം.