പുണ്യസ്മരണയിൽ നബിദിനാഘോഷം
Mail This Article
കണ്ണൂർ ∙ പ്രവാചക പ്രകീർത്തനങ്ങളുമായി നാടെങ്ങും വിശ്വാസികൾ നബിദിനം ആഘോഷിച്ചു. ദീനുൽ ഇസ്‌ലാം സഭയുടെ നേതൃത്വത്തിൽ സിറ്റിയിൽ നടത്തിയ മദ്രസ വിദ്യാർഥികളുടെ നബിദിന റാലി അസിസ്റ്റന്റ് കലക്ടർ അനൂപ് ഗാർഗ് ഉദ്ഘാടനം ചെയ്തു. സി.സമീർ അധ്യക്ഷത വഹിച്ചു. കണ്ണൂർ കാംബസാർ മഹൽ കമ്മിറ്റി നബിദിന റാലിയും നബിദിന പൊതു സമ്മേളനവും മദ്രസ വിദ്യർഥികളുടെ കലാപരിപാടികളും സംഘടിപ്പിച്ചു. ഖത്തീബ് സിറാജുദ്ദീൻ ദാരിമി ഉദ്ഘാടനം ചെയ്തു. കാട്ടാമ്പള്ളി കൊല്ലറത്തിക്കലിൽ നടന്ന നബിദിന റാലിക്ക് മാധവറാവു സിന്ധ്യ കോട്ടക്കുന്ന് കൂട്ടായ്മയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. കെപിസിസി പ്രസിഡന്റ് രാജീവൻ എളയാവൂർ ഉദ്ഘാടനം ചെയ്തു.
തലശ്ശേരിയിൽ കേരള മുസ്‌ലിം ജമാഅത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നബിദിന റാലി നടത്തി. സെയ്ദാർ പള്ളി സുബുലുസ്സലാം ജുമാ മസ്ജിദ് പരിസരത്തു നിന്നാരംഭിച്ച് പുതിയ ബസ് സ്റ്റാൻഡിൽ സമാപിച്ചു. പ്രഫ.അബ്ദുൽ മജീദ്, യാക്കൂദ് സഅദി, പി.അബ്ദുൽ മന്നാൻ, കെ.പി.മുഹമ്മദ് റഫീഖ് എന്നിവർ നേതൃത്വം നൽകി. തളിപ്പറമ്പിൽ ഹൈവേ ഹിദായത്തുൽ ഇസ്‌ലാം സഭയുടെയും മന്ന ഹദ്ദാദ് ജുമാ മസ്ജിദിന്റെ നേതൃത്വത്തിൽ നബിദിന റാലി നടത്തി. ബദരിയ നഗർ, കരിമ്പം, അള്ളാംകുളം, സയിദ് നഗർ എന്നിവിടങ്ങളിലും മറ്റു മഹൽ കമ്മിറ്റികളുടെ കൂട്ടായ്മയിലും റാലികൾ നടത്തി.
കൂത്തുപറമ്പ് വേങ്ങാട് ഊർപ്പള്ളി മഹല്ല് കമ്മിറ്റി നബിദിനാഘോഷത്തിന്റെ ഭാഗമായി സഹോദര മതസ്ഥരുടെ വീട്ടുപറമ്പിൽ സ്നേഹമരം പരിപാടി നടത്തി. ഊർപ്പള്ളിയിലെ കെ.വിജയന്റെ വീട്ടുപറമ്പിൽ തൈ നട്ടു മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ എം.പി.റിയാസ് ഉദ്ഘാടനം ചെയ്തു. പാനൂർ പൂക്കോം ഇത്തിഹാദുൽ മുസ്‌ലിമീൻ സംഘത്തിന്റെ നേതൃത്വത്തിൽ മീലാദ് റാലി നടത്തി. പയ്യന്നൂർ പെരുമ്പ ജമാഅത്ത് കമ്മിറ്റി, തായിനേരി ജമാഅത്ത് കമ്മിറ്റി, കാറമേൽ ജമാഅത്ത് കമ്മിറ്റി, രാമന്തളി ജമാഅത്ത് കമ്മിറ്റി, എട്ടിക്കുളം താജുൽ ഉലമ എജുക്കേഷൻ സെന്റർ എന്നിവിടങ്ങളിലും നബിദിന ആഘോഷം നടന്നു.