ADVERTISEMENT

കണ്ണൂർ ∙ മുഴപ്പിലങ്ങാട് – തലശ്ശേരി – മാഹി ബൈപാസിൽ മാഹി – അഴിയൂർ റെയിൽവേ മേൽപാലത്തിൽ പാളങ്ങൾക്കു നേരെ മുകളിലുള്ള ഭാഗത്തു ഗർഡറുകൾ സ്ഥാപിക്കുന്ന പ്രവൃത്തി പൂർത്തിയായി. പാളങ്ങൾക്കു മുകളിലെ ഭാഗത്ത് 14 ഗർഡറുകളാണു സ്ഥാപിച്ചത്. പാലത്തിനടിയിൽ റെയിൽവേ ഹൈപവർ ലൈൻ കടന്നുപോകുന്നതിനു മുകളിലായി കവചരൂപത്തിൽ ഷീറ്റ് ഘടിപ്പിക്കുന്ന ജോലിയും പൂർത്തിയായിട്ടുണ്ട്. ഇതോടെ പ്രവൃത്തി നടക്കുന്ന രാത്രി 12 മുതൽ പുലർച്ചെ 5 വരെ ഏർപ്പെടുത്തിയിരുന്ന ട്രെയിൻ ഗതാഗതനിയന്ത്രണം ഭാഗികമായി നീക്കാൻ കഴിയുമെന്ന് അധികൃതർ പറഞ്ഞു. 

പാലത്തിന്റെ മറ്റു ഭാഗത്തു ഗർഡറുകൾ സ്ഥാപിക്കുന്ന പ്രവൃത്തിയാണ് ഇനി നടത്തേണ്ടത്. ഇന്നു മുതൽ ഈ പ്രവൃത്തികൾ തുടരും. പാളത്തിനു നേരെ മുകളിലുള്ള ഭാഗത്തു ഗർഡറുകൾ സ്ഥാപിക്കുന്ന പ്രവൃത്തികൾ പൂർത്തിയായിട്ടുണ്ടെങ്കിലും മറ്റു ഭാഗങ്ങളിൽ സ്ഥാപിക്കുന്ന സമയത്ത് ആവശ്യമെങ്കിൽ ട്രെയിൻ ഗതാഗതത്തിൽ ക്രമീകരണം വേണ്ടി വന്നേക്കുമെന്നും അധികൃതർ അറിയിച്ചു. 150 മീറ്റർ നീളത്തിൽ നിർമിക്കുന്ന റെയിൽവേ മേൽപാലത്തിനായി 42 ഫാബ്രിക്കേറ്റഡ് കോംപസിറ്റ് ഗാർഡുകളാണു സ്ഥാപിക്കുന്നത്. ഇനി 28 ഗർഡറുകളാണു സ്ഥാപിക്കാനുള്ളത്. 600 ടൺ ഭാരം വഹിക്കാൻ ശേഷിയുള്ള 2 കൂറ്റൻ ക്രെയിനുകൾ കൊണ്ടാണു ഗർഡറുകൾ സ്ഥാപിക്കുന്നത്. റെയിൽവേ പാലക്കാട് ഡിവിഷൻ അധികൃതരും ദേശീയപാതാ അതോറിറ്റി അധികൃതരും സ്ഥലത്തു ക്യാംപ് ചെയ്താണു പ്രവൃത്തികൾക്കു മേൽനോട്ടം വഹിക്കുന്നത്. 

ബൈപാസിലെ ബാലം പാലത്തിന്റെ പ്രവൃത്തിയും പുരോഗമിക്കുന്നുണ്ട്. പാലത്തിന്റെ ഗർഡറുകൾ സ്ഥാപിക്കുന്ന പ്രവൃത്തി പൂർത്തിയായി. ഇപ്പോൾ ‌സ്ലാബിന്റെ പ്രവൃത്തികളാണു നടക്കുന്നത്. ധർമടം പുഴയ്ക്കു കുറുകേയുള്ള ബാലം പാലം 900 മീറ്റർ നീളത്തിൽ നിർമിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ ചതുപ്പിലുളള അനുബന്ധ റോഡിന്റെ നിർമാണം കാര്യക്ഷമമാകാത്തതിനാൽ ബാക്കി ഭാഗത്തും പാലം നിർമിക്കാൻ തീരുമാനിക്കുകയായിരുന്നു. അഴിയൂർ റെയിൽവേ മേൽപാലം, തലശ്ശേരി റെയിൽവേ മേൽപാലം എന്നിവയുടെ നിർമാണം പൂർത്തിയാകുന്നതോടെ ബൈപാസിലൂടെ ഗതാഗതം അനുവദിക്കാനാവും. പ്രവൃത്തികളുടെ നിലവിലെ പുരോഗതി തുടർന്നാൽ ജനുവരിയോടെ ബൈപാസിലൂടെ ഗതാഗതം അനുവദിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ദേശീയപാത അതോറിറ്റി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com