കരിവെള്ളൂരുകാരുടെ നായനാർ ബസിന് ഇന്ന് ഇരുപത്തിയേഴാം പിറന്നാൾ
Mail This Article
കരിവെള്ളൂർ∙ഒരു ഗ്രാമത്തിന്റെ സ്നേഹവും ലാളനയും ഏറ്റുവാങ്ങിയ കരിവെള്ളൂരുകാരുടെ പ്രിയപ്പെട്ട നായനാർ ബസിന് ഇന്ന് ഇരുപത്തിയേഴാം പിറന്നാൾ. ഗ്രാമീണ മേഖലയെ ബന്ധിപ്പിച്ച് കരിവെള്ളൂർ സമരത്തിന്റെ അൻപതാം വാർഷികത്തിന് അനുവദിച്ച കെഎസ്ആർടിസിയാണ് നായനാർ ബസ്. 1996ൽ മുഖ്യമന്ത്രിയായ ഇ.കെ.നായനാർ ആയിരുന്നു ബസ് അനുവദിച്ചത്. അതുകൊണ്ട് ഈ ബസിന് ആദരപൂർവം കരിവെള്ളൂർ ഗ്രാമം നൽകിയ പേരാണ് നായനാർ ബസ്. കുണിയൻ സമരഭൂമിയെയും പുത്തൂരിനെയും ബന്ധിപ്പിച്ചു കൊണ്ടാണ് നായനാർ ബസ് സർവീസ് ആരംഭിച്ചത്.രാവിലെ 8 മണിക്ക് പുത്തൂരിൽ നിന്നു ആരംഭിച്ച് പലിയേരി കരിവെള്ളൂർ വഴി പയ്യന്നൂരിലേക്കു പോകുന്ന ബസാണിത്.
പുത്തൂർ, കൂക്കാനം, പലിയേരി ഭാഗങ്ങളിലെ ആളുകൾ ഏറെ ആശ്രയിക്കുന്നത് ഈ ബസിനെയാണ്. ആദ്യകാലത്ത് രാവിലെ പയ്യന്നൂരിൽ നിന്ന് ആരംഭിക്കുകയും കുണിയൻ സമരഭൂമിയിലേക്കും അവിടെ നിന്ന് പുത്തൂരിലേക്കുമാണ് സർവീസ് നടത്തിയത്. കോവിഡിനെ തുടർന്ന് കുണിയനിലേക്കുള്ള സർവീസ് നിർത്തിവച്ചു. കുണിയനിലേക്കുള്ള ബസ് സർവീസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ നവകേരള സദസ്സിൽ നിവേദനം നൽകിയിട്ടുണ്ട്.
രാത്രി 9 മണിയോടെ പുത്തൂരിലെത്തുന്ന നായനാർ ബസ് അവിടെയാണ് നിർത്തിയിടുന്നത്. പയ്യന്നൂർ ഡിപ്പോയിൽ നിന്ന് നായനാർ ബസ് ഒരിക്കൽ പോലും ഓട്ടം മുടക്കാറില്ലായിരുന്നു. കോവിഡിനെ തുടർന്ന് ഇടക്കാലത്ത് മാത്രമാണ് സർവീസ് മുടങ്ങിയത്. കർഷക പോരാട്ടത്തിന്റെ 77 ാം ഇന്ന് ആചരിക്കുമ്പോൾ കരിവെള്ളൂർ ഗ്രാമം യാത്രാ സൗകര്യം ഒരുക്കി തന്ന ഇ.കെ.നായനാരെ കൂടി അനുസ്മരിക്കുന്നു.