മലയോര കർഷകർക്ക് ആശ്വാസമായി മാങ്ങ; കിലോയ്ക്ക് 40 രൂപ വരെ
Mail This Article
ചെറുപുഴ∙ കാർഷിക വിളകളുടെ വിലയിടിവും രോഗബാധയും മൂലം സാമ്പത്തിക പ്രതിസന്ധിയിലായ മലയോര കർഷകർക്ക് മാങ്ങയിൽ നിന്നു ലഭിക്കുന്ന വരുമാനം ആശ്വാസമാകുന്നു. ചെറുപുഴ പഞ്ചായത്തിലെ രാജഗിരി, ജോസ്ഗിരി, മരുതുംതട്ട്, താബോർ തുടങ്ങിയ പ്രദേശങ്ങളിലെ കർഷകർക്കാണു മാങ്ങയിൽ നിന്നു ലഭിക്കുന്ന വരുമാനം തെല്ലു ആശ്വാസമായി മാറിയത്. ഒരു കിലോ പച്ചമാങ്ങയ്ക്ക് 40 രൂപയാണു വിപണിയിൽ നിന്നു കർഷകർക്ക് ലഭിക്കുന്നത്.
കർഷകരിൽ നിന്നു 40 രൂപയ്ക്ക് വാങ്ങുന്ന പച്ചമാങ്ങ 41 രൂപയ്ക്കാണു വ്യാപാരികൾ മറിച്ചു വിൽപന നടത്തുന്നത്. കണ്ണൂർ, കാസർകോട് മംഗളൂരു ഭാഗങ്ങളിൽ നിന്നുള്ള ഏജന്റുമാർ വാഹനങ്ങളുമായി വന്നാണു മലയോരത്തെ ചെറുകിട വ്യാപാരികളിൽ മാങ്ങ മൊത്തമായി വാങ്ങുന്നത്. കണ്ണൂർ, കാസർകോട്, മംഗളൂരു ഭാഗങ്ങളിൽ 60 രൂപയ്ക്കാണു ഒരു കിലോ മാങ്ങ വിൽപന നടത്തുന്നത്. കമുക്, തെങ്ങ് ഉൾപ്പെടെയുള്ള കൃഷികൾ വ്യാപകമായി നശിച്ചതോടെയാണു പലരും മാവുകൾ നട്ടുപിടിപ്പിക്കാൻ തുടങ്ങിയത്. ഇപ്പോൾ രണ്ടും മൂന്നും മാവുകൾ മലയോരത്തെ ഒട്ടുമിക്ക കൃഷിയിടങ്ങളിലും കാണാം. വിപണിയിൽ നിന്നു മാങ്ങയ്ക്ക് നല്ല വില ലഭിക്കാൻ തുടങ്ങിയതോടെ മലയോര മേഖലയിൽ ഒട്ടേറെ കർഷകരാണു മാവ് കൃഷിയിലേക്ക് തിരിയുന്നത്.