ADVERTISEMENT

പിണറായി ∙ പുരുഷോത്തമനു വേണ്ടി ഇരുപത്തിയെട്ട് വർഷമായി കാത്തിരിക്കുകയാണ് ഭാര്യ രമയും മൂന്നു പെൺമക്കളും.  സ്യൂട്ട്കേസ്, ഒരു ജോടി ചെരിപ്പ്... പുരുഷോത്തമന്റേതായി അവശേഷിക്കുന്ന ഓർമകൾ ഇത്ര മാത്രം. മുഖ്യമന്ത്രി പിണറായി വിജയന്റെ കടത്തുകൂലി സമരത്തിലെ സഹനായകന്റേത് ദുരൂഹമായ തിരോധാനത്തിന്റെ കഥയാണ്.  അണ്ടലൂർക്കടവിലെ ആദ്യ സമരത്തിൽ പിണറായി വിജയനൊപ്പം പുരുഷോത്തമനും ഉണ്ടായിരുന്നു ഒന്നാം ക്ലാസു മുതൽ ബ്രണ്ണൻ കോളേജ് വരെ പിണറായി വിജയന്റെ സഹപാഠിയായിരുന്നു. പട്ടാളത്തിൽ യുഡി ക്ലാർക്ക് ആയി ജോലി ചെയ്യുന്നതിനിടെ ജമ്മു കശ്മീരിൽ നിന്ന്  1996ൽ വിഷുവിനു ട്രെയിനിൽ നാട്ടിലേക്കു പുറപ്പെട്ട പിണറായി ഡോക്ടർ മുക്ക് റിഥം വീട്ടിൽ  സി.പുരുഷോത്തമനെ യാത്രയ്ക്കിടെ  കാണാതാവുകയായിരുന്നു. 

ഉടമസ്ഥനില്ലാതെ തുറന്നുകിടക്കുന്ന സ്യൂട്ട്കേസ് ശ്രദ്ധയിൽപ്പെട്ട മംഗലാപുരം റെയിൽവേ സ്റ്റേഷൻ അധികൃതർ കുടുംബത്തെ വിവരം അറിയിക്കുകയായിരുന്നു. പുരുഷോത്തമനെ ട്രെയിനിൽ  വിജയവാഡ വരെ കണ്ടതായി ട്രെയിനിലെ എ.സി ഓപ്പറേറ്റർ ധർമ്മടം പാലയാട് സ്വദേശി പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ കൂടുംബം വിജയവാഡ പൊലീസിൽ പരാതി നൽകി. നാലു വർഷത്തെ അന്വേഷണത്തിനു ശേഷം തെളിവില്ലെന്ന് പറഞ്ഞ് പൊലീസ്  കേസ് അവസാനിപ്പിച്ചു. ആറു വർഷത്തോളം അന്വേഷിച്ചെങ്കിലും തെളിവൊന്നും കിട്ടാത്തതിനാൽ സൈന്യവും അന്വേഷണം അവസാനിപ്പിച്ചു.

പുറപ്പെടുന്നതിന് നാലു ദിവസം മുൻപ്  അടുത്ത വീട്ടിൻ വിളിച്ച് ഫോണിൽ ഭാര്യയുമായി  സംസാരിച്ചിരുന്നു. ട്രെയിൻ കവർച്ചക്കാർ ഇദ്ദേഹത്തെ അപകടപ്പെടുത്തി പുഴയിലോ മറ്റോ തള്ളിയിരിക്കുമെന്നായിരുന്നു പൊലീസിന്റെ നിഗമനം. മൂത്തമകൾക്കു ജോലിയും ഭാര്യയ്ക്കു കുടുംബ പെൻഷനും നൽകിയെങ്കിലും മരണം സ്ഥിരീകരിക്കാത്തതിനാൽ സൈന്യത്തിൽ നിന്നു കൂടുതൽ ആനുകൂല്യങ്ങൾ കിട്ടിയില്ല. കാണാതാകുമ്പോൾ 52 വയസ്സായിരുന്നു പുരുഷോത്തമന്. എന്തെങ്കിലും അപകടം സംഭവിച്ചെന്നു കുടുംബം ഇപ്പോഴും വിശ്വസിക്കുന്നില്ല. എന്നെങ്കിലുമൊരിക്കൽ പുരുഷോത്തമൻ തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ ഭാര്യ രമയും മക്കളായ ഷെറിൻ, രേഷ്മ, ഷൈമ എന്നിവരും കാത്തിരിപ്പു 
തുടരുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com