‘ആരെയാണു പേടി?, ദൈവത്തെ മാത്രം’; എതിരാളി ആരായാലും കൂസാതെ നേരിടാനുള്ള നെഞ്ചുറപ്പ്
Mail This Article
‘ആരെയാണു പേടി?’ ‘ദൈവത്തെ മാത്രം’.
അതാണു കെ.സുധാകരൻ. എതിരാളി ആരായാലും കൂസാതെ നേരിടാനുള്ള നെഞ്ചുറപ്പ്. സിപിഎമ്മിനെ രാഷ്ട്രീയമായി നേരിടാൻ കെ.സുധാകരനുള്ള ചങ്കൂറ്റമാണു കണ്ണൂരിലെ കോൺഗ്രസ്.വാക്കുകൾ തിളച്ചുമറിയും. അതു കൊള്ളേണ്ടിടത്തു കൊള്ളും. പൊള്ളേണ്ടവർക്കു പൊള്ളും. കയ്യിലെ കൈലേസ് പ്രസംഗപീഠത്തിലങ്ങ് വിരിച്ചിട്ടു സുധാകരൻ തീപ്പൊരിക്കു തുടക്കമിട്ടാൽ ഓരോ കൂരമ്പും ചെന്നുതറയ്ക്കുക സിപിഎമ്മിനോ ബിജെപിക്കോ ആയിരിക്കും. വിട്ടുവീഴ്ചയില്ലാത്ത പോരാട്ടങ്ങളും പ്രസംഗങ്ങളുമാണു കെ.സുധാകരനെ കോൺഗ്രസ് പ്രവർത്തകർക്കു പ്രിയങ്കരനാക്കിയത്.
കോൺഗ്രസുകാരെ ഇത്രയധികം കാലം രോമാഞ്ചം കൊള്ളിച്ച ഏതു നേതാവുണ്ട് വേറെ.
അച്‌ഛൻ വയക്കര രാമുണ്ണിയുടെ ബിസിനസ് പരാജയപ്പെട്ടപ്പോൾ കുടുംബത്തെ ചേർത്തുനിർത്തിയത് അമ്മ മാധവിയുടെ ഇച്ഛാശക്തിയായിരുന്നു. ആ അമ്മയുടെ ധീരതയാണു സുധാകരന്റെ സിരകളെയും ത്രസിപ്പിക്കുന്നത്. സമ്പന്നതയും ദുരിതവും ഒന്നിച്ചനുഭവിച്ചതു കൊണ്ടാവാം അമ്മയ്‌ക്കു നല്ല മനോബലമുണ്ടായിരുന്നു. തീരുമാനിച്ചാൽ അതങ്ങു നടത്തും. അതുതന്നെയാണു സുധാകരന്റെ രീതിയും.എടക്കാട് നടാലിൽ വയക്കര രാമുണ്ണി മേസ്ത്രിയുടെയും കുമ്പക്കുടി മാധവിയുടെയും മകനായി 1948ൽ ആണ് സുധാകരൻ ജനിച്ചത്. ബ്രണ്ണൻ കോളജിൽനിന്നു ചരിത്രത്തിൽ പിജി, പിന്നീട് നിയമബിരുദം.കെഎസ്‌യു താലൂക്ക് പ്രസിഡന്റായാണു രാഷ്ട്രീയ തുടക്കം. സംഘടനാ കോൺഗ്രസ് വഴി ജനതയിലെത്തി. വൈകാതെ തിരിച്ചു കോൺഗ്രസിൽ. കണ്ണൂർ ഡിസിസി പ്രസിഡന്റ്, കെപിസിസി നിർവാഹക സമിതിയംഗം, ജനറൽ സെക്രട്ടറി, രാഷ്ട്രീയകാര്യ സമിതിയംഗം എന്നീ പദവികളും വഹിച്ചു.
2001ലെ എ.കെ.ആന്റണി മന്ത്രിസഭയിൽ വനം, കായികമന്ത്രിയായി. 2009ലും 2019ലും കണ്ണൂരിൽനിന്ന് ലോക്സഭാംഗമായി. മൂന്നു തവണ (1996, 2001, 2006) കണ്ണൂർ എംഎൽഎ.2019ൽ കണ്ണൂരിൽ നിന്നു പാർലമെന്റിലേക്കു മത്സരിക്കുമ്പോൾ കെപിസിസി വർക്കിങ് പ്രസിഡന്റായിരുന്നെങ്കിൽ 2024ൽ ജയിക്കുമ്പോൾ കെപിസിസി പ്രസിഡന്റ്. പാർട്ടിയുടെ അമരത്തിരുന്ന് നയിച്ചപ്പോൾ ലഭിച്ചത് റെക്കോർഡ് ഭൂരിപക്ഷം.സുധാകരന്റെ ജനസമ്മതിയുടെ ഗ്രാഫ് ഉയരുകയാണ്. ഉയരും കൂടുംതോറും കടുപ്പം കൂടുമെന്നല്ലേ. അതു സുധാകരനെ സംബന്ധിച്ച് അധികവാക്കാകില്ല.ഭാര്യ: കെ.സ്മിത (റിട്ട.അധ്യാപിക, ഹയർ സെക്കൻഡറി സ്‌കൂൾ, കാടാച്ചിറ). മക്കൾ: സൻജോഗ് സുധാകർ (ബിസിനസ്), സൗരവ് സുധാകർ. മരുമകൾ: ശ്രീലക്ഷ്മി.
കണ്ണൂർ വോട്ടുനില
കെ.സുധാകരൻ (യുഡിഎഫ്): 5,18,524
എം.വി.ജയരാജൻ (എൽഡിഎഫ്): 4,09,542
സി.രഘുനാഥ് (ബിജെപി): 1.19,876
യുഡിഎഫ് ഭൂരിപക്ഷം: 1,08,982