എന്നു തുറക്കും ഫുട്ട് ഓവർബ്രിജ് ? നടപ്പാത അടച്ചിട്ട് ഒന്നര മാസത്തോളം; പെരുവഴിയിലായി ജനം
കണ്ണൂർ ∙ പ്രസ് ക്ലബ്ബിനു സമീപത്തുനിന്ന് മുനീശ്വരൻ കോവിൽ ഭാഗത്തേക്കുള്ള ഫുട്ട് ഓവർബ്രിജ് അറ്റകുറ്റപ്പണിയുടെ പേരിൽ റെയിൽവേ അനിശ്ചിതമായി അടച്ചതോടെ പെരുവഴിയിലായി ജനം. നടപ്പാത അടച്ചിട്ട് ഒന്നര മാസത്തോളമായിട്ടും അറ്റകുറ്റപ്പണി പേരിലൊതുങ്ങി. പാലത്തിന്റെ മുകൾഭാഗം പൊളിച്ചതല്ലാതെ മറ്റൊന്നും നടന്നില്ല.

കണ്ണൂർ ∙ പ്രസ് ക്ലബ്ബിനു സമീപത്തുനിന്ന് മുനീശ്വരൻ കോവിൽ ഭാഗത്തേക്കുള്ള ഫുട്ട് ഓവർബ്രിജ് അറ്റകുറ്റപ്പണിയുടെ പേരിൽ റെയിൽവേ അനിശ്ചിതമായി അടച്ചതോടെ പെരുവഴിയിലായി ജനം. നടപ്പാത അടച്ചിട്ട് ഒന്നര മാസത്തോളമായിട്ടും അറ്റകുറ്റപ്പണി പേരിലൊതുങ്ങി. പാലത്തിന്റെ മുകൾഭാഗം പൊളിച്ചതല്ലാതെ മറ്റൊന്നും നടന്നില്ല. നടപ്പാതയുടെ പണി പൂർത്തിയാക്കി എന്ന് തുറന്നുനൽകുമെന്ന് റെയിൽവേയിൽ നിന്ന് മറുപടിയുമില്ല.
ഇതോടെ യാത്രക്കാരും ഈ ഭാഗത്തുള്ള വ്യാപാരികളും കടുത്ത ദുരിതത്തിലാണ്. ഓഗസ്റ്റ് മൂന്നാം വാരത്തോടെയാണ് നടപ്പാത റെയിൽവേ അടച്ചത്. പ്രസ് ക്ലബ് ഭാഗത്ത് നിന്ന് മുനീശ്വരൻ കോവിൽ ഭാഗത്തെ ബന്ധിപ്പിക്കുന്ന എളുപ്പവഴികൂടിയാണ് ഈ നടപ്പാത. ട്രെയിൻ– ബസ് യാത്രക്കാർക്കും മുനീശ്വരൻ കോവിൽ ഭാഗത്തേക്ക് പോകേണ്ടവർക്കും ഏറെ ആശ്വാസമാണിത്. നടപ്പാതയ്ക്കു തൊട്ടു താഴെയാണ് പ്രവേശനം നിരോധിച്ചതായുള്ള മുന്നറിയിപ്പ് ബോർഡും ബാരിക്കേഡും ഉള്ളത്. ഇതറിയാതെ നടന്ന് വയോധികർ ഉൾപ്പെടെയുള്ളവർ എത്തുമ്പോഴാണ് നടപ്പാത അടച്ചതായി കാണുക. തുടർന്ന് മറ്റ് വഴികളില്ലാതെ യാത്രക്കർക്ക് തിരിച്ച് പോകേണ്ട സ്ഥിതിയാണ്.
കച്ചവടം വഴിമുട്ടി വ്യാപാരികൾ
നടപ്പാത അനിശ്ചിതമായി അടച്ചതോടെ ഈ ഭാഗത്തുള്ള വ്യാപാരികൾ കടുത്ത പ്രതിസന്ധിയിലാണ്. വ്യാപാരം വൻതോതിൽ കുറഞ്ഞു. ഈ ഭാഗത്ത് ഒട്ടേറെ കച്ചവട സ്ഥാപനങ്ങളും തെരുവ് കച്ചവടക്കാരും ഉണ്ട്. ആളുകൾ ഇല്ലാതായതോടെ ഇവരുടെ വരുമാനവും മുട്ടി. ഏറെ കാത്തിരുന്ന ഓണക്കച്ചവടവും ഇത്തവണയുണ്ടായില്ലെന്നും വ്യാപാരം പൂർണമായും നിലച്ചതായും ഇവിടത്തെ വ്യാപാരികൾ പറഞ്ഞു.
പെറ്റിയും പെരുവഴിയും
റെയിൽവേയുടെ നടപ്പാത പ്രവൃത്തി പൂർത്തീകരിക്കും വരെ കണ്ണൂർ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോം വഴിയുള്ള മേൽനടപ്പാത തുറന്നു നൽകിയതായുള്ള റെയിൽവേയുടെ അറിയിപ്പ് കേട്ട് പോയാൽ കുടുങ്ങിയത് തന്നെ. അതിക്രമിച്ച് കടന്നെന്ന് ആരോപിച്ച് റെയിൽവേ അധികൃതരും പൊലീസും പെറ്റി കേസെടുത്ത് 200 രൂപ വാങ്ങുന്നതായാണു പരാതി.
കഴിഞ്ഞ ദിവസം ചായയും പലഹാരവുമായി റെയിൽവേ സ്റ്റേഷനിലൂടെ പുറത്തേക്ക് പോയ വ്യാപാരിയിൽ നിന്നും 200 രൂപ പിഴയീടാക്കിയതായി വ്യാപാരികൾ പറയുന്നു. ഇതോടെ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ് ഫോം വഴിയിലൂടെയുള്ള യാത്രയും സാധിക്കാതെയായി. റെയിൽവേയുടെ നടപ്പാത അടച്ചതോടെ പഴയ ബസ് സ്റ്റാൻഡ് അണ്ടർ പാസ് വഴിയിലൂടെ വേണം കാൽനടയാത്രക്കാർക്ക് വരാനും പോകാനും. എന്നാൽ ഒരു മഴ പെയ്താൽ അണ്ടർ പാസിൽ വെള്ളം കയറും. പിന്നീട് ഈ വഴിയിലൂടെയുള്ള യാത്രയും നിലയ്ക്കും. സന്ധ്യയായാൽ ഇതുവഴി ധൈര്യത്തോടെ പോകാനാകില്ല. അണ്ടർ പാസിലും പരിസരത്തും വെളിച്ചം ഇല്ല. പോരാത്തതിന് സാമൂഹിക വിരുദ്ധരുടെ കേന്ദ്രം കൂടിയാണ് അണ്ടർ പാസ്.
റെയിൽവേയുടെ നിലപാട്
നടപ്പാത അപകടാവസ്ഥയിലായതിനെ തുടർന്നാണ് അറ്റകുറ്റപ്പണിക്കായി അടച്ചതെന്നാണ് റെയിൽവേ പറയുന്നത്. പുനർനിർമാണത്തിന് ഏജൻസിക്ക് നൽകാൻ സമയം വേണ്ടിവരുമെന്നും റെയിൽവേ പറയുന്നു.
പ്രതികരിച്ച് നേതാക്കൾ
റെയിൽവേയുടെ നടപ്പാത അറ്റകുറ്റപ്പണി ഉടൻ പൂർത്തീകരിച്ച് തുറന്ന് നൽകണമെന്ന് ചൂണ്ടിക്കാട്ടി വി.ശിവദാസൻ എംപി ദക്ഷിണ റെയിൽവേ ജനറൽ മാനേജർക്ക് കത്ത് അയച്ചിട്ടുണ്ട്. ഒന്നര മാസത്തോളമായി അടച്ചിട്ട റെയിൽവേ നടപ്പാത തുറന്ന് നൽകാത്തത് നീതീകരിക്കാനാകില്ലെന്നും എത്രയും വേഗം തുറന്ന് നൽകണമെന്നും കെ.സുധാകരൻ എംപി പറഞ്ഞു. നടപ്പാതയുടെ അറ്റകുറ്റപ്പണി എത്രയും വേഗം പൂർത്തീകരിക്കാൻ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി റെയിൽവേയോട് നിർദേശിച്ചിട്ടുണ്ട്.