നാടകാന്തം നൊമ്പരം; വഴിതേടി ഇറങ്ങിയത് അപകടത്തിലേക്ക്; തീരാനൊമ്പരമായി ജെസിയും അഞ്ജലിയും
കണ്ണൂർ∙ അരങ്ങിനു മുൻപിലുള്ളവരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഒടുവിൽ കരയിച്ചും ജെസി മോഹനും അഞ്ജലിയും ജീവിതത്തിന്റെ തിരശ്ശീലയ്ക്കു പിന്നിലേക്കു മാഞ്ഞു. കേളകത്തെ വാഹനാപകടത്തിൽ മരിച്ച ഇരുവരും കായംകുളം ദേവ കമ്യൂണിക്കേഷൻസിലെ പ്രധാന നടിമാരായിരുന്നു.ഇവർ അഭിനയിച്ചുതകർത്ത ‘വനിതാ മെസ്’ എന്ന നാടകത്തിലെ രംഗങ്ങൾ
കണ്ണൂർ∙ അരങ്ങിനു മുൻപിലുള്ളവരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഒടുവിൽ കരയിച്ചും ജെസി മോഹനും അഞ്ജലിയും ജീവിതത്തിന്റെ തിരശ്ശീലയ്ക്കു പിന്നിലേക്കു മാഞ്ഞു. കേളകത്തെ വാഹനാപകടത്തിൽ മരിച്ച ഇരുവരും കായംകുളം ദേവ കമ്യൂണിക്കേഷൻസിലെ പ്രധാന നടിമാരായിരുന്നു.ഇവർ അഭിനയിച്ചുതകർത്ത ‘വനിതാ മെസ്’ എന്ന നാടകത്തിലെ രംഗങ്ങൾ
കണ്ണൂർ∙ അരങ്ങിനു മുൻപിലുള്ളവരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഒടുവിൽ കരയിച്ചും ജെസി മോഹനും അഞ്ജലിയും ജീവിതത്തിന്റെ തിരശ്ശീലയ്ക്കു പിന്നിലേക്കു മാഞ്ഞു. കേളകത്തെ വാഹനാപകടത്തിൽ മരിച്ച ഇരുവരും കായംകുളം ദേവ കമ്യൂണിക്കേഷൻസിലെ പ്രധാന നടിമാരായിരുന്നു.ഇവർ അഭിനയിച്ചുതകർത്ത ‘വനിതാ മെസ്’ എന്ന നാടകത്തിലെ രംഗങ്ങൾ
കണ്ണൂർ∙ അരങ്ങിനു മുൻപിലുള്ളവരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഒടുവിൽ കരയിച്ചും ജെസി മോഹനും അഞ്ജലിയും ജീവിതത്തിന്റെ തിരശ്ശീലയ്ക്കു പിന്നിലേക്കു മാഞ്ഞു. കേളകത്തെ വാഹനാപകടത്തിൽ മരിച്ച ഇരുവരും കായംകുളം ദേവ കമ്യൂണിക്കേഷൻസിലെ പ്രധാന നടിമാരായിരുന്നു. ഇവർ അഭിനയിച്ചുതകർത്ത ‘വനിതാ മെസ്’ എന്ന നാടകത്തിലെ രംഗങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുമ്പോൾ കാഴ്ചക്കാരുടെ മനസ്സിൽ ബാക്കിയാകുന്നതു നൊമ്പരം മാത്രം. പ്രദീപ് കാവുന്തറ എഴുതി രാജീവൻ മമ്മിളി സംവിധാനം ചെയ്ത വനിതാ മെസ്സിന്റെ പതിനഞ്ചാമത്തെ വേദിയായിരുന്നു കടന്നപ്പള്ളി തെക്കേക്കരയിലെ റെഡ് സ്റ്റാറിന്റെ നാടകോത്സവ വേദി. ഇരട്ടവേഷത്തിലായിരുന്നു ജെസി. ഇന്ദ്രാണി, മേരി എന്നീ രണ്ടു കഥാപാത്രങ്ങളെ ഗംഭീരമായിട്ടാണ് ജെസി അവതരിപ്പിച്ചത്.
അച്ചു എന്ന പെൺകുട്ടിയുടെ വേഷമായിരുന്നു അഞ്ജലിക്ക്. വനിതാശാക്തീകരണം വിഷയമായ നാടകം വളരെ പെട്ടെന്നുതന്നെ പേരെടുത്തിരുന്നു. നാടകം ജീവിതോപാധി മാത്രമായിരുന്നില്ല രണ്ടുപേർക്കും. അരങ്ങിനെ അവർ അത്രയേറെ ഇഷ്ടപ്പെട്ടിരുന്നെന്ന് പ്രദീപ് കാവുന്തറ മനോരമയോടു പറഞ്ഞു. ‘‘നാടകത്തിന്റെ പ്രമേയവും അവതരണരീതിയും ശ്രദ്ധിക്കപ്പെട്ടതിനാൽ ഒട്ടേറെ ബുക്കിങ് വന്നിരുന്നു. എല്ലാവരെയും സങ്കടത്തിലാഴ്ത്തി അവർ കടന്നുപോയി. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പ്രയാസപ്പെടുന്നവരാണ് എല്ലാവരും. കലാകാരന്മാരുടെ കൈപിടിക്കാൻ സർക്കാർ വരുമെന്നാണു പ്രതീക്ഷ’’– പ്രദീപ് കാവുന്തറ പറഞ്ഞു.
ഞെട്ടൽ മാറാതെ
കണ്ണൂർ∙ കൺമുന്നിൽ കണ്ട അപകടത്തിന്റെ ഞെട്ടലിലാണു ബസ് ഡ്രൈവർ മുതുകുളം സ്വദേശി ഷിബു.‘‘എനിക്ക് ഉറക്കം വന്നപ്പോൾ മറ്റൊരു ഡ്രൈവറായ ഉമേഷ് വാഹനമോടിച്ചു. വയനാട്ടിലേക്കുള്ള വഴി ബ്ലോക്കാണെന്ന് അറിഞ്ഞതു കുറേക്കഴിഞ്ഞാണ്. റോഡിൽ ബോർഡ് ഉണ്ടായിരുന്നില്ല. ബസ് തിരിച്ച് 3 കിലോമീറ്ററോളം താഴെയിറങ്ങി. റോഡരികിലെ ഒരു വീട്ടിൽ വഴി ചോദിച്ചാണു പിന്നീടു പോയത്. പക്ഷേ, കുത്തനെയുള്ള ഇറക്കവും വലിയ വളവുമായിരുന്നു. ബ്രേക്ക് കിട്ടിയില്ല. താഴെയുള്ള കുഴിയിലേക്കു വാഹനം വീണു.
ഞാൻ വാതിലിനടുത്തായിരുന്നു. പിറകിലെ സീറ്റിലുള്ളവരെല്ലാം മുന്നോട്ടു തെറിച്ചു വീണു. പിന്നീടുള്ളതൊന്നും ഓർക്കാൻ പറ്റുന്നില്ല’’ –ഷിബു പറഞ്ഞു. ‘‘ബസ് താഴേക്കു മറിയുന്നതെല്ലാം അറിയുന്നുണ്ടായിരുന്നു. ബസിന്റെ പിറകുവശം കുത്തനെ പൊങ്ങി. സീറ്റടക്കം ഇളകി ഞാൻ മുന്നോട്ടു തെറിച്ചു വീണു. രണ്ടുമൂന്നുപേർ എന്റെ മുകളിലേക്കാണു വീണത്. മൊബൈൽ വെട്ടത്തിൽ ആളുകൾ വന്ന് ഞങ്ങളെ പുറത്തെടുക്കുകയായിരുന്നു’’– സംഘത്തിലെ നടൻ സുരേഷ് പറഞ്ഞു. സുരേഷിന്റെ ഭാര്യ ബിന്ദുവും ആശുപത്രിയിൽ ചികിത്സയിലാണ്. നാടകത്തിലെ നടിമാരിൽ ഒരാളാണ് ബിന്ദു.
കണ്ണീർക്കഥ പോലെ ജീവിതം
ഓച്ചിറ (കൊല്ലം) ∙ ദുരന്തങ്ങൾ വേട്ടയാടിയ ജീവിതത്തോടു പൊരുതിയാണു ജെസി മോഹൻ അരങ്ങിലെത്തിയിരുന്നത്. ഒടുവിൽ, കണ്ണീരിലവസാനിച്ച കഥ പോലെ ആ അഭിനേത്രിക്കു മടങ്ങേണ്ടിവന്നു. മൂന്നാം വയസ്സിൽ നാടകത്തിൽ അഭിനയിച്ചു തുടങ്ങിയതാണ്. ജൂൺ 24 നാണു ഭർത്താവും നടനുമായ തേവലക്കര മോഹനൻ രോഗബാധിതനായി മരിച്ചത്. സ്വന്തമായി ഒരു വീട് എന്ന സ്വപ്നം പൂർത്തിയാക്കാനാകാതെയാണു ജെസിയുടെയും വിയോഗം.
പിതാവും നാടക നടനുമായിരുന്ന ബേബിച്ചനോടൊപ്പമാണു കുട്ടിക്കാലത്തു ജെസി വേദിയിലെത്തിയത്. അദ്ദേഹം മരിച്ചതോടെ ജെസിയുടെയും 3 സഹോദരങ്ങളുടെയും അമ്മ ത്രേസ്യാമ്മയുടെയും ജീവിതം ദുരിതത്തിലായി. 13 വയസ്സു മുതൽ അമച്വർ നാടകങ്ങളിൽ നടിയായി. 15 വയസ്സു മുതൽ പ്രഫഷനൽ നാടകങ്ങളിൽ അഭിനയിച്ചു തുടങ്ങി. തുടർന്നാണു ഭർത്താവ് തേവലക്കര മോഹനനൊപ്പം വേദികളിലെത്തിയത്. കൊല്ലം സ്വാതി’ എന്ന പേരിൽ സ്വന്തം സമിതിയും രൂപീകരിച്ചു.
16 വർഷം ഈ സമിതി വേദികളിൽ സജീവമായിരുന്നു. ഇതിനിടെ സാമ്പത്തിക ബാധ്യത പ്രയാസത്തിലാക്കി. മോഹനന്റെ വിയോഗത്തോടെ തകർന്നുപോയെങ്കിലും നാടകത്തെ കൈവിട്ടില്ല. തുച്ഛമായ വരുമാനത്തിൽ ജീവിതം മുന്നോട്ടു പോകവെയാണ് ഏകമകളെ തനിച്ചാക്കി ജെസിയുടെ വിയോഗം. 10 വർഷം മുൻപാണു വ്യത്യസ്ത അപകടങ്ങളിൽ 2 സഹോദരങ്ങളെയും ജെസിക്കു നഷ്ടമായത്.
അഞ്ജലി മടങ്ങിയത് ജീവിക്കാൻ വേദികൾ തേടിയുള്ള ഓട്ടത്തിനിടെ
മുതുകുളം (ആലപ്പുഴ) ∙ ഏറെ ഭാവിയുള്ള അഭിനേത്രിയെന്ന പ്രശംസകൾ ഏറ്റുവാങ്ങി പ്രതീക്ഷകളുടെ പുതിയ അരങ്ങിലേക്കു ചുവടുവയ്ക്കുമ്പോഴാണ് അഞ്ജലി വേദനിപ്പിക്കുന്ന ഓർമയാകുന്നത്. മുതുകുളം തെക്ക് ഹരിശ്രീ ഭവനത്തിൽ അഞ്ജലി (32) വിട വാങ്ങുമ്പോൾ നാടക അരങ്ങിൽ നിന്നു ജീവിതപങ്കാളിയായ ഉല്ലാസും മൂന്നര വയസ്സ് മാത്രമുള്ള മകൻ ട്രോണും അതിന്റെ ആഘാതത്തിലാണ്. മൊബൈൽ കടയിലെ ചെറിയ ജോലിയാണ് ഉല്ലാസിനുള്ളത്. 2018 ൽ കെപിഎസിയുടെ ഈഡിപ്പസ് എന്ന നാടകത്തിലൂടെയായിരുന്നു അഞ്ജലിയുടെ അരങ്ങേറ്റം. ഇതേ നാടകത്തിൽ ഉല്ലാസും അഭിനയിച്ചിരുന്നു.
അവിടെവച്ചുള്ള പരിചയമാണ് ഉല്ലാസിന്റെയും കോന്നി സ്വദേശിനി അഞ്ജലിയുടെയും വിവാഹത്തിലേക്കെത്തിയത്. സാമ്പത്തിക ബാധ്യതയെത്തുടർന്ന് ഉല്ലാസ് അരങ്ങ് വിട്ട് ചെറിയ ജോലികളിലേക്കും പ്രവേശിച്ചു. ഒരു ദിവസം നാടകം കളിച്ചാൽ അഞ്ജലിക്ക് 1000–1300 രൂപയാണു പ്രതിഫലമായി കിട്ടിയിരുന്നത്. ജീവിത പ്രാരാബ്ധങ്ങളിൽ അതു വലിയ സഹായമല്ലെങ്കിലും അഭിനയത്തോടുള്ള അടങ്ങാത്ത അഭിനിവേശത്തിൽ അഞ്ജലി നാടകരംഗത്തു തുടരുകയായിരുന്നെന്നു ബന്ധുക്കൾ പറഞ്ഞു.
രക്ഷകരായി ആംബുലൻസ് ഡ്രൈവർമാർ
അപകടം നടന്നു നിമിഷങ്ങൾക്കകം 108 ആംബുലൻസിലെ ഡ്രൈവർമാർ രക്ഷാപ്രവർത്തനത്തിനെത്തി. അപകടം നടന്ന ഉടൻ ആംബുലൻസ് ഡ്രൈവർ അരുണിനെ സഹോദരൻ അഭിലാഷാണ് വിവരമറിയിച്ചത്. അഭിലാഷിന്റെ വീടിനടുത്താണ് അപകടമുണ്ടായത്. അരുൺ മറ്റ് ആംബുലൻസ് ഡ്രൈവർമാരെ വിവരമറിയിച്ചു. ഗ്രാമിക ശ്രീനി, കണിച്ചാർ പഞ്ചായത്തിന്റെ ആംബുലൻസ് ഡ്രൈവർ ബാസ്റ്റിൻ, ചുങ്കക്കുന്ന് സെന്റ് കമില്ലസ് ആശുപത്രിയിലെ അനൂപ്, പേരാവൂരിലെ കെ.വി.ധനേഷ് തുടങ്ങിയവർ 10 മിനിറ്റിനകം സ്ഥലത്തെത്തി.
അപകത്തിൽപെട്ടവരെ കൃത്യമായ ആശുപത്രിയിലെത്തിക്കാൻ ഇതു സഹായിച്ചു. ആദ്യം ചുങ്കക്കുന്ന് സെന്റ് കമില്ലസ് ആശുപത്രിയിലെത്തിയിലാണ് പരുക്കേറ്റവരെ എത്തിച്ചത്.പേരാവൂർ അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ മധുസൂദനൻ, ശ്രീകാന്ത് പവിത്രൻ, ഫയർ ഓഫിസർമാരായ ആർ.അനീഷ്, സി.പി.വിജേഷ്, കെ.ഷിജു, റിജു കുയ്യാലിൽ, എം.എസ്.മഹേഷ്, കെ.എ.രമേഷ്, സുനിൽ ജോർജ്, എം.ജെ.അനു എന്നിവരാണു രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകിയത്.
വഴിതേടി ഇറങ്ങിയത് അപകടത്തിലേക്ക്
കേളകം∙ വാഹനത്തിന്റെ ഏറ്റവും മുന്നിൽ ഇരുന്നിരുന്ന മാനേജർ സാബു എസ്.മറ്റവനയ്ക്ക് ജീവൻ തിരിച്ചുകിട്ടിയെങ്കിലും കുടെയുണ്ടായിരുന്നവരുടെ വേർപാട് തീരാനൊമ്പരമായി. വയനാട്ടിലേക്കുള്ള നെടുംപൊയിൽ റോഡ് അടച്ചത് അറിഞ്ഞതോടെ വാഹനത്തിലുള്ളവരെല്ലാം ഉറക്കത്തിൽ നിന്നുണർന്നിരുന്നെന്നു സാബു ഓർക്കുന്നു. കൊട്ടിയൂരിലേക്കുള്ള വഴി തേടിയാണ് മലയാംപടി വഴി വാഹനം തിരിച്ചുവിട്ടത്. സാബുവിനു തൊട്ടുപിന്നിലെ സീറ്റിലായിരുന്നു മരിച്ച ജെസി മോഹനനും അഞ്ജലിയും.
വലിയ ഇറക്കമിറങ്ങി മലയാംപടിയിൽ എത്തിയ ശേഷമുള്ള ചെറിയ വളവിലാണു വാൻ നിയന്ത്രണം വിട്ടു തലകീഴായി കുഴിയിലേക്കു മറിഞ്ഞത്. സാബു മാത്രം പുറത്തേക്കു വീണു. മറ്റുള്ളവർ വാനിൽ കുടുങ്ങി. നിലവിളിയും വാഹനമിടിച്ച ശബ്ദവും കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് എല്ലാവരെയും പുറത്തെത്തിച്ചത്. ഈ വർഷമാണ് സാബു കായംകുളം കമ്യൂണിക്കേഷൻസിന്റെ നാടകത്തിൽ മാനേജരായി എത്തിയത്.
താങ്ങിനിർത്തിയത് കരുത്തില്ലാത്ത മരം
ആകാശത്തുനിന്ന് എന്തോ ഇടിഞ്ഞുവീഴുന്ന ശബ്ദവും നിലവിളിയും കേട്ടാണു പുലർച്ചെ 3.30ന് ആടുകാലിൽ വർക്കിയും മകൻ അഭിലാഷും ഉണർന്നത്. വീടിനു തൊട്ടുമുകളിൽ, ഒരു ബൈക്കിനെ പോലും താങ്ങിനിർത്താൻ കരുത്തില്ലാത്ത ചെറിയ മരത്തിൽ തങ്ങി തലകുത്തനെ മിനി ബസ് നിൽക്കുന്നതാണ് പുറത്തിറങ്ങിയ ഇവർ കണ്ടത്. മരത്തിൽ തങ്ങി ബസ് നിന്നില്ലെങ്കിൽ വാഹനം വർക്കിയുടെ വീടിന്റെ ഒരു ഭാഗം തകർക്കുമായിരുന്നു. സമീപവാസികളായ അനിൽ, സോജൻ, ഷാരോൺ, വിബി എന്നിവരും സമീപത്തെ വീടുകളിലെ സ്ത്രീകൾ അടക്കമുള്ളവരും രക്ഷാപ്രവർത്തനത്തിനെത്തി.
ദുഃഖത്തിൽ നാടകോത്സവ നഗരി
ബത്തേരി∙ ഇന്ന് ബത്തേരി ടൗൺഹാളിൽ ആരംഭിക്കാനിരുന്ന സംസ്ഥാന പ്രഫഷനൽ നാടകമേളയിലെ ഉദ്ഘാടന നാടകമായ ‘വനിത മെസ്’ അവതരിപ്പിക്കാനെത്തിയ നാടക സംഘത്തിലെ 2 നടിമാരുടെ അപ്രതീക്ഷിത വിയോഗം നാടകാസ്വാദകരെ ദുഃഖത്തിലാഴ്ത്തി. ബത്തേരി നാടകോത്സവത്തിലെ 10 നാടകങ്ങളിൽ ആദ്യത്തേതായിരുന്നു ‘വനിത മെസ്സ്’. കായംകുളം ദേവാ കമ്യൂണിക്കേഷൻസ് മുൻ വർഷങ്ങളിലും ബത്തേരിയിലെ നാടകോത്സവത്തിന് എത്തിയിരുന്നു. അപകടത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് ആരംഭിക്കാനിരുന്ന നാടകോത്സവം 19 ലേക്ക് മാറ്റി.
നാടകസംഘത്തിന്റെ വാഹനം മറിഞ്ഞ് 2 നടിമാർ മരിച്ചു; 12 പേർക്കു പരുക്ക്
കേളകം ∙ ആലപ്പുഴ കായംകുളത്തെ ദേവ കമ്യൂണിക്കേഷൻസ് നാടകസംഘം സഞ്ചരിച്ച മിനി ബസ് കേളകം മലയാംപടി എസ് വളവിൽ മറിഞ്ഞ് 2 നടിമാർ മരിച്ചു. കരുനാഗപ്പള്ളി തേവലക്കര ജെസി മോഹൻ (57), കായംകുളം മുതുകുളം തെക്ക് ഹരിശ്രീ ഭവനത്തിൽ അഞ്ജലി ഉല്ലാസ് (32) എന്നിവരാണു മരിച്ചത്. ഇന്നലെ പുലർച്ചെ 3.30ന് ആയിരുന്നു അപകടം. കണ്ണൂർ കടന്നപ്പള്ളിയിൽ നാടകോത്സവത്തിൽ പങ്കെടുത്ത ശേഷം ബത്തേരിയിൽ ഇന്നു തുടങ്ങുന്ന നാടകോത്സവത്തിൽ പങ്കെടുക്കാൻ പോകുകയായിരുന്നു സംഘം. 14 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. 12 പേരെ പരുക്കുകളോടെ കണ്ണൂർ ബേബി മെമ്മോറിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നെടുംപൊയിൽ – മാനന്തവാടി ചുരം റോഡ് അറ്റകുറ്റപ്പണിക്ക് അടച്ചതിനാൽ ഏലപ്പീടിക - മലയാംപടി റോഡിലൂടെ ബോയ്സ് ടൗൺ റോഡിലേക്കു പോകുമ്പോഴായിരുന്നു അപകടം. മലയാംപടി ഇറക്കത്തിൽ നിയന്ത്രണംവിട്ട വാഹനം റോഡരികിലെ കുഴിയിലേക്കു മറിയുകയായിരുന്നു. മുൻഭാഗം കുത്തിവീണ വാഹനം മരത്തിൽ തങ്ങിയാണു നിന്നത്. മുൻസീറ്റിലുണ്ടായിരുന്ന അതിരുങ്കൽ സ്വദേശിയായ മാനേജർ സാബു എസ്.മറ്റവന വാഹനത്തിന്റെ ചില്ലുതകർന്നു പുറത്തേക്കു വീണു. സാബുവിനു പുറമേ എറണാകുളം സ്വദേശികളായ ഉമേഷ് (39), വിജയകുമാർ (52), സുരേഷ് തൂലിക (60), ബിന്ദു സുരേഷ് (56), കല്ലുവാതുക്കൽ സ്വദേശി ചെല്ലപ്പൻ (43), കായംകുളം സ്വദേശികളായ ഷിബു (48), ഉണ്ണി (51), കൊല്ലം സ്വദേശി ശ്യാം പാരിപ്പള്ളി (38), അജയ്കുമാർ (45), സുഭാഷ് അതിരുങ്കൽ (59), ഉണ്ണി മുതുകുളം (45) എന്നിവരും പരുക്കേറ്റ് ചികിത്സയിലാണ്. ജെസിയുടെയും അഞ്ജലിയുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനു ശേഷം സ്വദേശത്തേക്കു കൊണ്ടുപോയി.
ഓച്ചിറ വലിയകുളങ്ങര കലാമന്ദിറിൽ വാടകയ്ക്കു താമസിക്കുന്ന ജെസി, നാടകസമിതി ഉടമയും നടനുമായിരുന്ന പരേതനായ തേവലക്കര മോഹന്റെ ഭാര്യയാണ്. സ്വന്തം സമിതിയായ കൊല്ലം സ്വാതിയിൽ ജെസിയും തേവലക്കര മോഹനും മകൾ സ്വാതിയും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. മരുമകൻ: അനു (ചെന്നല്ലൂർ ഫാഷൻ ഹോംസ്, ഓച്ചിറ). ഒട്ടേറെ പ്രഫഷനൽ നാടകോത്സവങ്ങളിൽ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മൃതദേഹം ഇന്ന് കായംകുളം കെപിഎസിയിലും വലിയകുളങ്ങരയിലെ വീട്ടിലും പൊതുദർശത്തിനു വയ്ക്കും. സംസ്കാരം ഉച്ചയ്ക്ക് ഒന്നിന് മുളങ്കാടകം ശ്മശാനത്തിൽ. അഞ്ജലിയുടെ ഭർത്താവ് ഉല്ലാസിനു മൊബൈൽ ഫോൺ കടയിലാണു ജോലി. മകൻ: ട്രോൺ (മൂന്നര വയസ്സ്). ഇന്ന് രാവിലെ 8ന് കായംകുളം കെപിഎസി അങ്കണത്തിൽ പൊതുദർശനത്തിനു ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിക്കും.