നിത്യഹരിതം; വാടാതെ, പൊഴിയാതെ നിത്യഹരിതമായി ജില്ലാ സ്കൂൾ കലോത്സവത്തിൽ പൂത്തുലയുകയാണ് കല.
പയ്യന്നൂർ∙ കലയുടെ മണ്ണിൽ ഗോത്രകലകൾ നിറഞ്ഞാടിയ ദിവസമായിരുന്നു ഇന്നലെ. ചരിത്രത്തിലാധ്യമായി ഗോത്രകലാരൂപങ്ങൾ ജില്ലാ സ്കൂൾ കലോത്സവ വേദിയിലെത്തിയപ്പോൾ താളംപിടിച്ചും കയ്യടിച്ചും കലാസ്വാദകർ ആഘോഷമാക്കി. പണിയനൃത്തം, മലപുലയ ആട്ടം എന്നീ ഗോത്രകലകളാണ് ഇന്നലെ വേദിയിലെത്തിയത്. കലാപ്രതികഭികൾക്കു പുറമേ ആസ്വാദകരും
പയ്യന്നൂർ∙ കലയുടെ മണ്ണിൽ ഗോത്രകലകൾ നിറഞ്ഞാടിയ ദിവസമായിരുന്നു ഇന്നലെ. ചരിത്രത്തിലാധ്യമായി ഗോത്രകലാരൂപങ്ങൾ ജില്ലാ സ്കൂൾ കലോത്സവ വേദിയിലെത്തിയപ്പോൾ താളംപിടിച്ചും കയ്യടിച്ചും കലാസ്വാദകർ ആഘോഷമാക്കി. പണിയനൃത്തം, മലപുലയ ആട്ടം എന്നീ ഗോത്രകലകളാണ് ഇന്നലെ വേദിയിലെത്തിയത്. കലാപ്രതികഭികൾക്കു പുറമേ ആസ്വാദകരും
പയ്യന്നൂർ∙ കലയുടെ മണ്ണിൽ ഗോത്രകലകൾ നിറഞ്ഞാടിയ ദിവസമായിരുന്നു ഇന്നലെ. ചരിത്രത്തിലാധ്യമായി ഗോത്രകലാരൂപങ്ങൾ ജില്ലാ സ്കൂൾ കലോത്സവ വേദിയിലെത്തിയപ്പോൾ താളംപിടിച്ചും കയ്യടിച്ചും കലാസ്വാദകർ ആഘോഷമാക്കി. പണിയനൃത്തം, മലപുലയ ആട്ടം എന്നീ ഗോത്രകലകളാണ് ഇന്നലെ വേദിയിലെത്തിയത്. കലാപ്രതികഭികൾക്കു പുറമേ ആസ്വാദകരും
പയ്യന്നൂർ∙ കലയുടെ മണ്ണിൽ ഗോത്രകലകൾ നിറഞ്ഞാടിയ ദിവസമായിരുന്നു ഇന്നലെ. ചരിത്രത്തിലാധ്യമായി ഗോത്രകലാരൂപങ്ങൾ ജില്ലാ സ്കൂൾ കലോത്സവ വേദിയിലെത്തിയപ്പോൾ താളംപിടിച്ചും കയ്യടിച്ചും കലാസ്വാദകർ ആഘോഷമാക്കി. പണിയനൃത്തം, മലപുലയ ആട്ടം എന്നീ ഗോത്രകലകളാണ് ഇന്നലെ വേദിയിലെത്തിയത്. കലാപ്രതികഭികൾക്കു പുറമേ ആസ്വാദകരും സ്കൂൾ കലോത്സവത്തിൽ മനംകവരുകയാണ്. മുഴുവൻ വേദികളിലും കയ്യടികളും പ്രത്സാഹനങ്ങളുമായി ആൾക്കൂട്ടം സജീവമാണ്. നാളെ തിരശീല വീഴാനിരിക്കെ മൂന്നാംദിവസം കലോത്സവത്തെ കലയാട്ടമാക്കുകയായിരുന്നു പയ്യന്നൂർ.
സംഘനൃത്തം കാണാനായിരുന്നു കൂടുതൽപേർ. വെയിലും ചൂടുമൊന്നും ആസ്വാദകർക്കു പ്രശ്നമായിരുന്നില്ല. ഇരിപ്പിടങ്ങൾ കവിഞ്ഞതോടെ നിന്നു കാണാനും നൂറുകണക്കിനാളുകൾ. നാടകവേദിയിലും നല്ല തിരക്കായിരുന്നു. ഇന്ന് ഹയർ സെക്കൻഡറി വിഭാഗം നാടകമത്സരമുണ്ട്. ഇഞ്ചോടിഞ്ചു പോരാട്ടമായിരുന്നു കോൽക്കളി വേദിയിൽ. ചടുലതാളത്തിൽ കുട്ടികൾ ചുവടുപിഴയ്ക്കാതെ ആടിത്തകർത്തപ്പോൾ വൻ പ്രോത്സാഹനമായിരുന്നു.
മംഗലം കൂടാൻ ഞങ്ങളുമുണ്ടേ....
തങ്ങളുടെ വീടുകളിലും ഗ്രാമങ്ങളിലും അവതരിപ്പിച്ച കലയെ കലോത്സവ വേദിയിൽ അഭിമാനത്തോടെ പരിചയപ്പെടുത്താൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് ഗോത്രവിഭാഗം കുട്ടികൾ. മംഗലംകളി മത്സരത്തിന് ഗോത്രവിഭാഗക്കാർ മാത്രം ഉൾപ്പെട്ട 3 ടീമുകൾ വേദിയിലെത്തി. സ്വന്തമായി നിർമിച്ച പാളത്തൊപ്പികളും കപ്പമാലയും ധരിച്ചാണ് അവർ വേദികളിലെത്തിയത്. മാവില സമുദായത്തിൽപ്പെട്ടവർ വിവാഹത്തിന്റെ തലേദിവസം വീടുകളിൽ അവതരിപ്പിക്കുന്ന നൃത്തമാണ് മംഗലംകളി ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ നിന്ന് പതിനൊന്ന് വീതം ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. ഒരു ടീമിൽ 12 പേരാണുള്ളത്.
മയ്യിൽ ഇടൂഴിമാധവൻ നമ്പൂതിരി സ്മാരക ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ഗോത്രവിഭാഗം കുട്ടികൾ ഹൈസ്കൂൾ വിഭാഗം മംഗലംകളി അവതരിപ്പിച്ചു. ആറളം, കാസർകോട്, കുന്നത്തൂർ മേഖലകളിലെ കുട്ടികളാണ് വേദിയിലെത്തിയത്. മയ്യിലിലെ എസ്ടി ഹോസ്റ്റലിൽ താമസിച്ചാണ് ഇവരുടെ പഠനം. സ്കൂൾ വാർഷികത്തിന് വേദിയിൽ കയറിയ ധൈര്യത്തിലാണ് വെളിമാനം സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിനെ പ്രതിനിധീകരിച്ച് മധൂർ, ചുള്ളിക്കര, പരപ്പ, ആറളം എന്നിവിടങ്ങളിലെ ഗോത്ര വിഭാഗം കുട്ടികൾ മംഗലംകളിക്ക് എത്തിയത്.
പട്ടുവം ഗവ.മോഡൽ റസിഡൻഷ്യൽ സ്കൂളിലെ ഗോത്രവിഭാഗം കുട്ടികളും മുത്തശ്ശിമാരിൽനിന്നും എസ്ടി വകുപ്പിന്റെ സർഗോത്സവങ്ങൾ വഴിയും പഠിച്ച ചുവടുകളുമായി വേദി കീഴടക്കി. വയനാട്, കാസർകോട് ജില്ലകളിലെ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ഈ വർഷമാണ് ഗോത്രകലകളായ മംഗലംകളി, പണിയ നൃത്തം, മലപുലയ ആട്ടം, ഇരുളനൃത്തം എന്നിവ ആദ്യമായി കലോത്സവ മത്സരങ്ങളിൽ ഉൾപ്പെടുത്തിയത്.
∙ഹയർ സെക്കൻഡറി വിഭാഗം പഞ്ചവാദ്യത്തിൽ കണ്ണൂർ സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിനും എതിരാളികളില്ലായിരുന്നു. തിമില, മദ്ദളം, ഇടയ്ക്ക, ഇലത്താളം, കൊമ്പ് എന്നിവയിൽ പ്ലസ് വണ്ണിലെ 7 വിദ്യാർഥികൾ താളംപിടിച്ചപ്പോൾ സദസ്സും ഏറ്റുപിടിച്ചു. ചെറുതാഴം വിഷ്ണുരാജ്, ചെറുതാഴം പ്രദീപ്, ചിറയ്ക്കൽ നിധീഷ് എന്നിവരാണ് ഗുരുക്കന്മാർ.
∙മദ്ദളം കേളിയിൽ ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗത്തിലും ഒരൊറ്റ ടീം മാത്രമേ മത്സരിക്കാനുണ്ടായിരുന്നുള്ളൂ. ഹൈസ്കൂൾ വിഭാഗത്തിൽ കണ്ണൂർ സെന്റ് തെരേസാസ് എച്ച്എസ്എസും ഹയർസെക്കൻഡറി വിഭാഗത്തിൽ ചെറുകുന്ന് ജിബിഎച്ച്എസ്എസും.
ഭക്ഷണകൂപ്പൺ: പരാതിക്ക് പരിഹാരം
ഭക്ഷണകൂപ്പൺ തികയുന്നില്ലെന്നു പരാതിയുയർന്നെങ്കിലും പിന്നീട് പരിഹരിച്ചു. ഒരു ഉപജില്ലയിൽ നിന്ന് 125 കുട്ടികളാണു മത്സരത്തിൽ പങ്കെടുക്കുക. അഞ്ചു കുട്ടികൾക്ക് ഒരു അധ്യാപിക എന്നാണു കണക്ക്. എന്നാൽ ഇതനുസരിച്ചു കൂപ്പൺ തയാറാക്കിയാൽ എല്ലാ അധ്യാപകർക്കും ഭക്ഷണം കിട്ടില്ല. ഒരു കുട്ടി മാത്രം മത്സരിക്കാനുള്ള സ്കൂളിൽനിന്ന് അധ്യാപകർ കൂട്ടുവരും. അപ്പീൽ വഴിയും കൂടുതൽ കുട്ടികളെത്തും. ഇവർക്കാർക്കും ഭക്ഷണകൂപ്പൺ ലഭിക്കുന്നുണ്ടായിരുന്നില്ല. അധ്യാപകരുടെ പരാതിയെത്തുടർന്ന് ഫുഡ് കമ്മിറ്റി ഇടപെട്ട് പ്രശ്നം പരിഹരിച്ചു.
വരച്ച്... വരച്ച്...
സാധികയ്ക്ക് ആദ്യമായി കളർ പെൻസിൽ നൽകിയത് അമ്മ പി.എം.പ്രീതയാണ്. അന്നു മുതൽ സാധിക വരച്ചുകൂട്ടിയ ചിത്രങ്ങൾക്കു കണക്കില്ല. പക്ഷേ, സമ്മാനങ്ങൾക്കു കൃത്യമായ കണക്കുണ്ട്. ഹൈസ്കൂൾ വിഭാഗം ജലച്ചായ മത്സരത്തിൽ ഒന്നാമതെത്തിയതോടെ വീട്ടിലെ ട്രോഫികളുടെ എണ്ണം 162 ആയതിലുള്ള സന്തോഷത്തിലാണ് പയ്യന്നൂർ സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർഥിനിയായ പി.എം.സാധിക. അനുജൻ സായൂജിനും ജലച്ചായത്തിൽ ഒന്നാം സ്ഥാനമുണ്ട്. വെള്ളൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയാണ് സായൂജ്. പിതാവ്–എം.കെ.പ്രേമരാജൻ.
ടൈംപാസുമായി റേഡിയോ മാംഗോ
സ്റ്റുഡിയോയിൽ നിന്ന് പുറത്തെത്തിയാണ് റേഡിയോ മാംഗോ കലോത്സവം ശ്രോതാക്കളിലെത്തിച്ചത്. റേഡിയോ പരിപാടികൾ ഇതുവരെ സ്റ്റുഡിയോയ്ക്കുള്ളിലായിരുന്നെങ്കിൽ ഇന്നലെ ടൈംപാസ് എന്ന പരിപാടിയുമായി ആർജെ ആര്യ, ആർജെ പ്രതീഷ് എന്നിവർ പയ്യന്നൂരിലെത്തി. കുട്ടികളും സംഘാടകരും ടി.ഐ.മധുസൂദനൻ, നഗരസഭാധ്യക്ഷ കെ.വി.ലളിത എന്നിവരും അതിഥികളായെത്തി.
നഗരി കീഴടക്കി അധ്യാപികമാർ
കലോത്സവനഗരയിലെ 15 വേദികളും കേരളസാരിയണിഞ്ഞ അധ്യാപികമാരുടെ കയ്യിലായിരുന്നു ഇന്നലെ. പ്രോഗ്രാം കമ്മിറ്റിയുടെ മുഴുവൻ ചുമതലയും കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെപിഎസ്ടിഎ) വനിതാ വിഭാഗം കൈകാര്യം ചെയ്തു. 300 അധ്യാപികമാർ രാവിലെ 8.30 മുതൽ രണ്ട് ബാച്ചായി അധ്വാനിച്ചു. ഇന്നത്തെ ഭക്ഷണ വിതരണവും ഭക്ഷണശാല നിയന്ത്രണവും അധ്യാപികമാർ ഏറ്റെടുക്കും. ഇതിനായി പയ്യന്നൂർ ഉപജില്ലയിലെ ഇരുന്നൂറിലധികം അധ്യാപികമാർ ഒരേനിറത്തിലുള്ള വസ്ത്രം ധരിച്ചെത്തും.
യുട്യൂബ് പറയും; കുട്ടികൾ ശൊല്ലും
മത്സരം തമിഴ് പദ്യം ചൊല്ലലോ കന്നഡ പ്രസംഗമോ ഹിന്ദി പ്രസംഗമോ ആയിക്കോട്ടെ, വിദ്യാർഥികൾക്കൊരു പേടിയുമില്ല. കാരണം കൃത്യമായ ഉച്ചാരണത്തോടെ പഠിപ്പിക്കാൻ ഗുരുവായി യൂട്യൂബ് ഉണ്ട്. ഇതര ഭാഷാ വിഭാഗങ്ങളിലെ മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികളലിധകവും ഭാഷ പഠിക്കുന്നത് യൂട്യൂബ് നോക്കിയാണ്. ഇന്നലെ നടന്ന തമിഴ്, ഹിന്ദി, കന്നഡ പദ്യംചൊല്ലൽ, പ്രസംഗം എന്നിവയിൽ പങ്കെടുത്തവരോട് ഗുരുവാരാണെന്നു ചോദിക്കുമ്പോൾ യൂട്യൂബെണെന്നായിരുന്നു മറുപടി. കന്നഡ പദങ്ങളുടെ അർഥമൊന്നും അറിഞ്ഞല്ല പലരും പ്രസംഗത്തിനെത്തുന്നത്. നൃത്തവേദികളിലും യൂട്യൂബ് സഹായത്തോടെ പഠിക്കുന്നവർ മത്സരത്തിനെത്തുന്നുണ്ട്.
ഒറ്റയാൾ പോരാട്ടം
മത്സരിക്കാൻ എതിരാളികളില്ലെന്ന ഭാവമൊന്നും ചിന്മയ സജീവിന് ഇല്ലായിരുന്നു. മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറിയിലെ പ്ലസ് ടു വിദ്യാർഥിയായ ചിന്മയ സജീവ് നരസിംഹാവതാരകഥയാണ് നങ്ങ്യാർകൂത്തിൽ അവതരിപ്പിച്ച് സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടിയത്. തൃശൂരിലെ കലാമണ്ഡലം പ്രസന്നകുമാരിയാണു ഗുരു. ഇതേ സ്കൂളിലെ അധ്യാപകനായ സജീവ് ഒതയോത്ത്, ബാങ്ക് ഉദ്യോഗസ്ഥ വിജിന എന്നിവരുടെ മകളാണ്.
മേക്കപ്പിത്തിരി കൂടിപ്പോയോ ചേട്ടാ?
വേദി 2ൽ എച്ച്എസ് വിഭാഗം സംഘനൃത്ത മത്സരം തുടങ്ങാൻ വിധികർത്താക്കളും കാണികളും കാത്തിരുന്നത് ഒന്നര മണിക്കൂർ. മേക്കപ് പൂർത്തിയാകാൻ വൈകിയതോടെയാണ് 9.30നു തുടങ്ങേണ്ട മത്സരങ്ങൾ വൈകിയത്. പ്രോഗ്രാം ഡ്യൂട്ടിയിലെ അധ്യാപകൻ ഗ്രീൻ റൂമിൽ പോയി ടീമുകളെ വിളിച്ചാണു വേദിയിലെത്തിച്ചത്. വൈകിയെത്തിയതോടെ എച്ച്എസ്എസ് മൂത്തേടത്ത്, എച്ച്എസ്എസ് കണ്ണാടിപ്പറമ്പ് സ്കൂളുകളിലെ ടീമുകളെ റദ്ദാക്കിയെങ്കിലും പ്രോഗ്രാം കമ്മിറ്റിയിൽ നിന്ന് അനുവാദം വാങ്ങി പിന്നീട് അവർ വേദിയിലെത്തി മത്സരിച്ചു.
കലയ്ക്ക് ചെലവേറെ
സംഘനൃത്ത വേദിക്കുപുറത്ത് കുട്ടികളെക്കാൾ ടെൻഷൻ അധ്യാപകർക്കും രക്ഷിതാക്കൾക്കുമാണ്. കലയുടെ പോരാട്ടമാണെങ്കിലും അതിൽ ചെലവ് ചെറുതല്ല. രണ്ടു ലക്ഷം വരെ മുടക്കിയാണ് ഓരോ സ്കൂളുകളും സംഘനൃത്തത്തിൽ പങ്കെടുക്കുന്നത്.‘ഒരു ടീമിനെ സ്റ്റേജിൽ എത്തിക്കാൻ പാട്ടു മുതൽ സ്റ്റേജിൽ ആവശ്യമായ സാമഗ്രികൾ തയാറാക്കണം. പാട്ട്, കോസ്റ്റ്യൂം, മേക്കപ്... ഇങ്ങനെ നീളുന്നു ലിസ്റ്റ്. ഇതിനൊക്കെ നല്ല ചെലവ് വരും.’, നൃത്താധ്യാപകൻ ആർഎൽവി മനോജ് പറഞ്ഞു. സ്കൂളുകൾ ചിലപ്പോൾ മുഴുവൻ തുകയും എടുത്തെന്നു വരില്ല. 15,000 രൂപ വരെ വീട്ടിൽനിന്നു വാങ്ങിയ കുട്ടികളുണ്ട്.
വരൂ, കാണൂ..കലയുടെ, രുചിയുടെ, ഒരുമയുടെ പയ്യന്നൂർപ്പെരുമ
രുചിമേളത്തിൽ പയ്യന്നൂർ സ്പെഷൽ
പയ്യന്നൂർ∙ രുചിമേളമൊരുക്കി കലോത്സവ ഊട്ടുപുര. സ്വാദിഷ്ഠമായ സദ്യയ്ക്കൊപ്പം ഇന്നലെ വിളമ്പിയത് പയ്യന്നൂർ പ്രഥമൻ. പയ്യന്നൂർ പാചക കലയുടെ കുലപതി കെ.യു.ദാമോദര പൊതുവാളാണ് ഊട്ടുപുരയിൽ പ്രഥമൻ തയാറാക്കിയത്. ചെറുപയർ പരമ്പരാഗത രീതിയിൽ വറുത്തെടുത്തു തൊലി കളഞ്ഞാണ് പ്രഥമനാവശ്യമായ ചെറുപരിപ്പുണ്ടാക്കുക. ഇതിൽ പലക വെല്ലവും ചുക്കുപൊടിയും നെയ്യും തേങ്ങാപ്പാലും ഏലയ്ക്കയും ചേർക്കും. ഇതിലേക്ക് അണ്ടിപ്പരിപ്പ് വറുത്തു ചേർക്കും. ഉണക്കമുന്തിരി പ്രഥമനിൽ ചേർക്കാറില്ലെന്ന് ദാമോദര പൊതുവാൾ പറഞ്ഞു. ഇന്ന് സദ്യയിൽ പുളിശ്ശേരി, എരിശ്ശേരി, തോരൻ, അച്ചാർ, അടപ്രഥമൻ എന്നിവ വിളമ്പും.
വേദി ഉണരും മുൻപേ...
∙കലോത്സവ വേദിയിൽ നഗരസഭാധ്യക്ഷ കെ.വി.ലളിത രാവിലെ എത്തും. തൊട്ടുപിന്നാലെ നഗരസഭയിലെ വനിതാ കൗൺസിലർമാരും. സ്റ്റേജുകൾ ഉണരും മുൻപ് തന്നെ ഇവർ വേദികൾ വീക്ഷിക്കും, ന്യൂനതകൾ പരിഹരിക്കും. വേദികളിൽ പൂർണമായും ഗ്രീൻ പ്രോട്ടോക്കോൾ നടപ്പാക്കാനുള്ള പ്രവർത്തനങ്ങളാണ് പിന്നീട്. നഗരസഭയുടെ പൂർണപങ്കാളിത്തം നഗരസഭാധ്യക്ഷ കെ.വി.ലളിതയുടെയും ഉപാധ്യക്ഷൻ പി.വി.കുഞ്ഞപ്പന്റെയും നേതൃത്വത്തിൽ കൗൺസിലർമാർ ഉറപ്പുവരുത്തിയിട്ടുണ്ട്.
അന്നൂരിനും പയ്യന്നൂരിനും നാടകമേ ഉലകം
∙‘നാടകം കാണാൻ വരുന്നില്ലേ’? 2 അന്നൂരുകാർ കണ്ടുമുട്ടുമ്പോൾ ആദ്യത്തെ ചോദ്യം ഇതായിരിക്കും. കാരണം അന്നൂരുകാർക്കും പയ്യന്നൂർകാർക്കും നാടകം രക്തത്തിലലിഞ്ഞ വികാരമാണ്. അതു മനസ്സിലാക്കാൻ ജില്ലാ കലോത്സവത്തിൽ നാടകമത്സരം നടക്കുന്ന ജിജിഎച്ച്എസ്എസിന്റെ ഓഡിറ്റോറിയത്തിലെത്തിയാൽ മതി. സദസ്സിലിരിക്കുന്നതിൽ ഭൂരിഭാഗവും അന്നൂർ, പയ്യന്നൂർ പരിസരങ്ങളിലെ നാടകപ്രവർത്തകരായിരിക്കും. നാടകപ്രവർത്തകരായ പ്രകാശ് ചെങ്ങൽ, പി.ടി.ദിലീപ്, പി.ടി.മനോജ്, പ്രമോദ് കാപ്പാട്, ബോബി സുരേഷ്, പ്രദീപ് മണ്ടൂർ, സുധീർ ബാബു കരിങ്കൽക്കുഴി, ടി.ടി.മോഹനൻ മാഹി, രാജ്മോഹൻ നീലേശ്വരം, ഷാജി കടന്നപ്പള്ളി തുടങ്ങിയവർ നാടകം കാണാനെത്തിയിരുന്നു
ചെലവ് ഭാരം
∙അതേസമയം, വൻ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നതിനാൽ നാടകത്തിൽ നിന്നു പലസ്കൂളുകളും മാറിനിൽക്കുന്നുണ്ട്. ഒരു നാടകം വേദിയിലെത്തിക്കാൻ രണ്ടു മുതൽ 5 ലക്ഷം രൂപ വരെ ചെലവാകും. സംവിധായകന് ഒരു ലക്ഷം രൂപയും സെറ്റിന് ഏകദേശം ഒന്നരലക്ഷം രൂപയുമാകും. മറ്റു ചെലവുകൾ വേറെ.
നായകൻ കതിവനൂർ വീരൻ
∙വടക്കിന്റെ വീരനായകൻ കതിവനൂർ വീരന്റെ കഥ പറഞ്ഞ് ഹൈസ്കൂൾ വിഭാഗം സംസ്കൃത നാടകത്തിൽ വെള്ളോറ ടഗോർ മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ സംസ്ഥാനതലത്തിലേക്കു യോഗ്യതനേടി. കതിവനൂർ വീരനായി രംഗത്തെത്തിയ ഗൗതം ഗണേഷ് മികച്ച നടനായി. സംസ്കൃതാധ്യാപകൻ സി.കെ.അഭിനന്ദാണ് രചനയും സംവിധാനവും നിർവഹിച്ചത്.
വേദിയിൽ ഇന്ന്
വേദി 1–എകെഎഎസ്ജിവിഎച്ച്എസ്എസ് (ബോയ്സ്)– കുച്ചിപ്പുഡി
വേദി 2–എകെഎഎസ്ജിവിഎച്ച്എസ്എസ് മൈതാനം–തിരുവാതിരക്കളി
വേദി 3–ജിജിഎച്ച്എസ്എസ് ഓഡിറ്റോറിയം–നാടകം
വേദി 4–സെന്റ് മേരീസ് എച്ച്എസ്എസ് മൈതാനം–കൂടിയാട്ടം, യക്ഷഗാനം
വേദി 5–സെന്റ് മേരീസ് എച്ചഎസ്എസ്– പരിചമുട്ടുകളി
വേദി 6–സെന്റ് മേരീസ് എച്ച്എസ്എസ് ഹാൾ–വയലിൻ, ക്ലാർനറ്റ്, നാഗസ്വരം
വേദി 7–ടൗൺ സ്ക്വയർ–കഥാപ്രസംഗം, മിമിക്രി
വേദി 8–ഗാന്ധി പാർക്ക്–വഞ്ചിപ്പാട്ട്
വേദി 9–ബിഇഎംഎൽപിഎസ് ഓഡിറ്റോറിയം–ദഫ്മുട്ട്, വട്ടപ്പാട്ട്
വേദി 10–ബിഇഎംഎൽപിഎസ്–പ്രസംഗം, മോണോ ആക്ട്, കഥാപ്രസംഗം
വേദി 12–ബിആർസി ഹാൾ–ഗസൽ ആലാപനം, സംഘഗാനം
വേദി 13–ജിവിഎച്ച്എസ്എസ്– ഗാനാലാപനം, വന്ദേമാതരം
വേദി 15–ലൈബ്രറി ഹാൾ–ശാസ്ത്രീയ സംഗീതം
ലീഡ് വിടാതെ കണ്ണൂർ നോർത്ത്
ഉപജില്ലകൾ
കണ്ണൂർ നോർത്ത് – 658
മടായി, മട്ടന്നൂർ – 614
തളിപ്പറമ്പ് നോർത്ത്, ഇരിട്ടി – 613
സ്കൂളുകൾ
മമ്പറം എച്ച്എസ്എസ് – 251
പെരളശ്ശേരി എകെജിഎസ്ജി എച്ച്എസ്എസ് – 250