മന്ത്രി അറിയാൻ: പരിഹാരം വേണം; ആറളത്തെ നീറുന്ന പ്രശ്നങ്ങൾക്ക്
Mail This Article
ഇരിട്ടി∙ വകുപ്പ് മന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി ആറളത്തെത്തുന്ന മന്ത്രി ഒ.ആർ.കേളുവിന്റെ സന്ദർശനത്തിൽ പ്രതീക്ഷ അർപ്പിച്ചു പുനരധിവാസ മേഖലയിലെ കുടുംബങ്ങളും ഫാം ജീവനക്കാരും തൊഴിലാളികളും. ജീവനും സ്വത്തിനും ഭീഷണിയായി പുനരധിവാസ മേഖലയിലും ഫാമിലും സ്വൈരവിഹാരം നടത്തുന്ന കാട്ടാന ഭീഷണിയിൽ സംരക്ഷണം, ഇതിനായുള്ള ആനമതിൽ നിർമാണത്തിന്റെ വേഗം കുറവ്, 6 മാസത്തെ ശമ്പള കുടിശികയിൽ പട്ടിണിയുടെ വക്കിലുള്ള ഫാം തൊഴിലാളികളുടെയും ജീവനക്കാരുടെ ജീവിത പ്രതിസന്ധി, പുനരധിവാസ മേഖലയുടെ വിവിധ വികസന പ്രശ്നങ്ങൾ, ഫാം കൃഷിയിടങ്ങളുടെ വൈവിധ്യവൽക്കരണം, ഫാം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപക ക്ഷാമം എന്നിങ്ങനെ നിരവധി പ്രശ്നങ്ങളാണു മന്ത്രിയുടെ മുൻപിൽ എത്തുന്നത്.
മന്ത്രി തന്നെ നേരിട്ടു നിശ്ചയിച്ചതാണ് സന്ദർശനം. ഇതിനു മുന്നോടിയായി അഡിഷനൽ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘത്തെ അയച്ചു സമഗ്ര റിപ്പോർട്ട് തയാറാക്കിയിരുന്നു. ഇന്നു വിവിധ വകുപ്പുകളുടെ ഡയറക്ടർമാർ, ജില്ലാ മേധാവികൾ എന്നിവരുടെ അവലോകന യോഗമാണ് മന്ത്രി ഫാം സ്കൂളിൽ രാവിലെ 10.30 ന് വിളിച്ചിട്ടുള്ളത്.
ഇഴഞ്ഞുനീങ്ങി ആനമതിൽ നിർമാണം
ആറളം വന്യജീവി സങ്കേതത്തിൽ നിന്നുള്ള വന്യമൃഗ ആക്രമണം പ്രതിരോധിക്കുന്നതിനു കഴിഞ്ഞ വർഷം സെപ്റ്റംബർ 30 ന് ആരംഭിച്ച ആനമതിൽ നിർമാണം ഇഴഞ്ഞുനീങ്ങുകയാണ്. ജൂൺ 15 നകം പൂർത്തിയാക്കണമെന്നായിരുന്നു ഉദ്ഘാടന സമയത്തും വിവിധ സന്ദർശനങ്ങളിലും അന്നത്തെ മന്ത്രി കെ.രാധാകൃഷ്ണൻ നിർദേശിച്ചത്. 10 വർഷത്തിനിടെ 12 പേരുടെ ജീവൻ നഷ്ടപ്പെട്ട സാഹചര്യത്തിലായിരുന്നു ആനമതിൽ നിർമാണത്തിനു സർക്കാർ തുക അനുവദിച്ചത്.
ഒ.ആർ.കേളു മന്ത്രിയായ ഉടൻ കണ്ണൂരിൽ വിളിച്ച അവലോകന യോഗത്തിലും പിന്നീട് ഫാമിൽ എസ്‍സി – എസ്ടി കമ്മിഷൻ സിറ്റിങ് നടത്തിയപ്പോഴും ഉദാസീനത തുടരാൻ അനുവദിക്കില്ലെന്നും മാർച്ച് 31 നുള്ളിൽ പൂർത്തീകരിക്കണമെന്നും നിർദേശിച്ചിരുന്നു. വളയംചാൽ വനം ഓഫിസ് പരിസരത്ത് നിന്ന് തുടങ്ങി പരിപ്പ് തോട് 55 വരെ 9.890 കിലോമീറ്റർ നീളത്തിലാണു 37.9 കോടി രൂപ ചെലവിൽ മതിൽ നിർമിക്കുന്നത്. പകുതിയിലധികം ദൂരം പ്രവൃത്തി പുരോഗമിക്കുന്നുണ്ടെങ്കിലും 1.140 കിലോമീറ്റർ മുതൽ 5 കിലോമീറ്റർ വരെ ദൂരത്തിൽ 183 മരങ്ങൾ മുറിച്ചുനീക്കാത്തതാണ് പ്രവൃത്തി തടസ്സപ്പെടുത്തുന്നത്.
അനാഥമായി 22 കെട്ടിടങ്ങൾ
5 വർഷം ഇഴഞ്ഞുനീങ്ങിയ നിർമാണത്തിനൊടുവിൽ കഴിഞ്ഞ മാർച്ച് 11 ന് മുഖ്യമന്ത്രി ഫാമിൽ 22 കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്തിരുന്നു. നബാർഡ് സഹായത്തോടെ 38.02 കോടി രൂപ ചെലവിൽ നിർമിച്ച 28 നിർമാണങ്ങൾക്കൊപ്പം പണിതതാണു കൃഷിഭവൻ – 1, വെറ്ററിനറി ഡിസ്പെൻസറി – 1, മാവേലി സ്റ്റോറുകൾ – 3, കമ്യൂണിറ്റി ഹാൾ – 5, എൽപി സ്കൂൾ – 2, എൽപി സ്കൂൾ ടീച്ചേഴ്സ് ക്വാർട്ടേഴ്സ് – 1, അങ്കണവാടി – 3, ഹയർ സെക്കൻഡറി സ്കൂൾ – 1, ബോയ്സ് ഹോസ്റ്റൽ – 1, കമ്യൂണിറ്റി ഹെൽത്ത് – 1, മിൽക് സൊസൈറ്റി – 1, ആയുർവേദ ഡിസ്പെൻസറി – 1, ഹോമിയോ ക്വാർട്ടേഴ്സ് – 1 എന്നീ കെട്ടിടങ്ങൾ. ഉദ്ഘാടനം കഴിഞ്ഞു 5 മാസം പിന്നിട്ടിട്ടും ഒരു കെട്ടിടത്തിലും ഓഫിസ് പ്രവർത്തനം ആരംഭിച്ചിട്ടില്ല.
റസിഡൻഷ്യൽ സ്കൂൾ കെട്ടിടം നിർമിച്ചിട്ടു 3 വർഷം
ആറളം ഫാമിൽ പുനരധിവസിപ്പിച്ച ആദിവാസി കുടുംബങ്ങളിലെ ഉൾപ്പെടെ കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂൾ കെട്ടിട സമുച്ചയം പൂർത്തീകരിച്ചിട്ട് 3 വർഷം. കിഫ്‌ബി മുഖേന അനുവദിച്ച 17.39 കോടി രൂപ വിനിയോഗിച്ചു കെട്ടിടം പണിതിട്ടും സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നതിൽ ഇനിയും തീരുമാനം ആയില്ല. ആറളം ഫാം 7–ാം ബ്ലോക്കിൽ ആണ് ആധുനിക സൗകര്യങ്ങളോടെ മോഡൽ റസിഡൻഷ്യൽ സ്കൂൾ തയാറായത്. യുപി മുതൽ ഹയർ സെക്കൻഡറി വരെ 350 കുട്ടികൾക്കു താമസിച്ചു പഠിക്കാൻ 8 ഏക്കറിൽ ഹോസ്റ്റലുകൾ, അധ്യാപക കോട്ടേജ്, ആധുനിക അടുക്കള, ഭക്ഷണശാല, ശുചിമുറി ബ്ലോക്കുകൾ, പഠന മുറികൾ, ലൈബ്രറി, ലാബുകൾ, കംപ്യൂട്ടർ ശൃംഖല, കളിസ്ഥലം എന്നിങ്ങനെ വിപുലമായ ഹൈടെക് സംവിധാനങ്ങൾ ഒരുക്കിയിട്ടും ഉപകാരപ്പെടുത്താത്തത്.
ഫാമിൽ 6 മാസത്തെ ശമ്പളക്കുടിശിക
കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന ആറളം ഫാമിൽ ജീവനക്കാർക്കും തൊഴിലാളികൾക്കും 6 മാസത്തെ ശമ്പളം കുടിശികയാണ്. ഫാമിനു വിവിധ ഇനങ്ങളിലായി ബാധ്യത 11 കോടി രൂപയിലധികം. 2021 ഓഗസ്റ്റ് മുതൽ പിരിഞ്ഞു പോകുന്ന തൊഴിലാളികൾക്ക് റിട്ടയർമെന്റ് ആനുകൂല്യം പോലും ലഭിക്കുന്നില്ല. ഇവർക്കുള്ള ഗ്രാറ്റുവിറ്റി കുടിശിക മാത്രം 2.6 കോടി രൂപയോളം വരും. ഫാമിൽ 29 ജീവനക്കാരും 278 തൊഴിലാളികളും 1 ഇന്റേണും ആണുള്ളത്. ശമ്പള കുടിശിക 2.22 കോടി രൂപയാണ്. പിഎഫ് കുടിശിക 25 മാസമായി അടച്ചിട്ടില്ല. വന്യമൃഗ ശല്യം മൂല ഫാമിനു 85 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ട്.
ഫാം ഗവ. ഹയർ സെക്കൻഡറിവിഭാഗത്തിൽ പ്രിൻസിപ്പൽ തസ്തിക മാത്രം
ഫാം ഗവ. സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം തുടങ്ങി 5 വർഷം പിന്നിടുമ്പോഴും 9 അധ്യാപക തസ്തികകളിൽ ഒന്നു പോലും അനുവദിച്ചിട്ടില്ല, സ്ഥിരം അധ്യാപകനായി പ്രിൻസിപ്പൽ മാത്രം. ആദിവാസി കുട്ടികൾ മാത്രം പഠിക്കുന്ന സ്കൂളിൽ എസ്എസ്എൽസി കഴിയുമ്പോൾ പ്ലസ് ടു വിദ്യാഭ്യാസം ഉറപ്പു വരുത്താൻ സർക്കാർ 2019 ൽ പ്രത്യേക താൽപര്യം എടുത്ത് അനുവദിച്ച ഹയർ സെക്കൻഡറി സ്കൂളിലാണ് സ്ഥിരം അധ്യാപകരെ നിയമിക്കാത്ത അവഗണന. ബാലാവകാശ സംരക്ഷണ കമ്മിഷൻ ചെയർമാൻ സ്കൂളിൽ എത്തുകയും നിയമനങ്ങൾ നടത്താൻ 2 വർഷം മുൻപ് ഉത്തരവിടുകയും ചെയ്തെങ്കിലും വിദ്യാഭ്യാസ വകുപ്പ് പരിഗണിച്ചില്ല.
പൂർത്തിയാകാത്ത പുനരധിവാസം
പുനരധിവാസ മേഖലയിൽ 3375 കുടുംബങ്ങൾക്കാണു ഒരേക്കർ വീതം ഭൂമി നൽകിയത്. ഇതിൽ വീട് വച്ചു താമസിക്കുന്നത് 1323 കുടുംബങ്ങൾ മാത്രം ആണ്. കയ്യേറി താമസിക്കുന്ന 227 കുടുംബങ്ങളും ഉണ്ട്. ആന ശല്യം, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലെ കാലതാമസം എന്നിവയാണു കൈവശ രേഖ കിട്ടിയ എല്ലാവരും സ്ഥലത്ത് താമസം ആക്കാത്തതിനു കാരണം. ഇവരുടെ പട്ടയം റദ്ദാക്കി പുതിയവർക്കു നൽകാനുള്ള നടപടികൾ നടന്നുവരുന്നുണ്ട്.