രണ്ടാമത് നോർത്ത് മലബാർ ട്രാവൽ ബസാർ സംഘടിപ്പിച്ചു
Mail This Article
കണ്ണൂർ ∙ നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സിന്റെയും ടൂറിസം സംരംഭകരുടെയും സംയുക്ത സംരംഭമായ നോർത്ത് മലബാർ ടൂറിസം ഓർഗനൈസേഷന്റെ (നോംറ്റോ) ആഭിമുഖ്യത്തിൽ രണ്ടാമത് നോർത്ത് മലബാർ ട്രാവൽ ബസാർ സംഘടിപ്പിച്ചു. ടൂറിസം, പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പരിപാടി ഓൺലൈനായി ഉദ്ഘാടനം ചെയ്തു. കിയാൽ എംഡി സി.ദിനേശ് കുമാർ ഭദ്രദീപം തെളിച്ചു. പ്രസിഡന്റ് ടി.കെ.രമേശ് കുമാർ അധ്യക്ഷത വഹിച്ചു.
ജോസ് പ്രദീപ് (പ്രസിഡന്റ്, കേരള ട്രാവൽ മാർട്ട്), പി.ഐസക് ഫ്രാൻസിസ് (ഡയറക്ടർ, സാന്താ മോണിക്ക ടൂർസ് ആൻഡ് ട്രാവൽസ് പ്രൈവറ്റ് ലിമിറ്റഡ്), നോംറ്റോയുടെ ചീഫ് പേട്രൺ പദ്മശ്രീ എസ്.ആർ.ഡി.പ്രസാദ് എന്നിവർ സംസാരിച്ചു. നോംറ്റോ സെക്രട്ടറി സി.അനിൽ കുമാർ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റുമാരായ കെ.കെ.പ്രദീപ് റിപ്പോർട്ട് അവതരിപ്പിക്കുകയും ടി.വി.മധുകുമാർ നന്ദിയും രേഖപ്പെടുത്തി.
ട്രാവൽ ബസാറിനോട് അനുബന്ധിച്ച് കൃഷ്ണ ബീച്ച് റിസോർട്ടിൽ പ്രമുഖ ടൂറിസം സ്ഥാപനങ്ങളുടെ ബിസിനസ് പ്രസന്റേഷനും കലാ, സാംസ്കാരിക പരിപാടികളും നടന്നു. 120 ഓളം ടൂർ ഓപ്പറേറ്റർമാർ ഉത്തര മലബാറിലെ ടൂറിസം സംരംഭകരും സേവനദാതാക്കളുമായി ‘ബി 2 ബി’ മീറ്റിങ് നടത്തി. ഞായറാഴ്ച പൊതുജനങ്ങൾക്ക് വിവിധ സ്റ്റാളുകൾ സന്ദർശിക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. തിരുവനന്തപുരത്തുനിന്ന് മാത്രമായി 50ഓളം ടൂർ ഓപ്പറേറ്റർമാർ സ്റ്റാളുകൾ സന്ദർശിക്കാനെത്തും.
ഉത്തര മലബാറിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ ലോകത്തിന് മുൻപിൽ അവതരിപ്പിക്കുകയും അതുവഴി വിനോദസഞ്ചാര കുതിപ്പിന് ആക്കം കൂട്ടുകയുമാണ് സംരംഭം കൊണ്ട് ഉദ്ദേശിക്കുന്നത്. ഉത്തര മലബാറിലെ ടൂറിസം സംരംഭകരെ സംഘടിതരാക്കുക, സർക്കാരിൽ നിന്ന് അർഹിക്കുന്ന ആനുകൂല്യങ്ങൾ നേടിയെടുക്കുക, അധികാരികളിൽ നിന്നും ഉദ്യോഗസ്ഥരിൽ നിന്നും നേരിടുന്ന പ്രയാസങ്ങൾക്ക് പരിഹാരം കാണുക, ടൂറിസം സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തി ഉത്തര മലബാറിലേക്ക് കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുക എന്നിവയും ഉദ്ദേശ ലക്ഷ്യങ്ങളാണ്.