ഷാഫി പറമ്പിൽ എംപിയുടെ പേരില്ല, വി.ശിവദാസന്റെ പേരുണ്ട്; പേരിന്റെ പേരിൽ പോര്
Mail This Article
തലശ്ശേരി∙ നഗരസഭയുടെ പുതിയ ഓഫിസ് കെട്ടിടത്തിന്റെ ഉദ്ഘാടന ശിലാഫലകത്തിൽ സ്ഥലം എംപി ഷാഫി പറമ്പിലിന്റെ പേര് ഒഴിവാക്കിയെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നഗരസഭ ഓഫിസിലേക്കു തള്ളിക്കയറി. നിയോജക മണ്ഡലം പ്രസിഡന്റ് എൻ. അഷ്റഫ്, ഭാരവാഹികളായ എ.ആർ.ചിന്മയ്, സി.കെ.അർബാസ്, വി.വി.ഷുഹൈബ്, ഇമ്രാൻ, എം.വി.ജിജേഷ്, ജിത്തു ആർ.നാഥ്, ലിജോ ജോൺ എന്നിവരാണു മുദ്രവാക്യം വിളികളുമായി നഗരസഭാ ഓഫിസ് മുറിയിലേക്കു കയറിയത്. ഉദ്യോഗസ്ഥരോടു സംസാരിക്കുന്നതിനിടയിൽ നഗരസഭാ വൈസ് ചെയർമാൻ എം.വി.ജയരാജൻ, സിപിഎം അംഗങ്ങളായ സി.ഒ.ടി.ഷബീർ, എ.ടി.ഫിൽഷാദ്, എൻ.അജേഷ് തുടങ്ങിയവരും എത്തി.
പിന്നീട് സമരക്കാരും സിപിഎം കൗൺസിലർമാരും തമ്മിൽ ഓഫിസിനകത്തു വാക്കേറ്റവും ബഹളവുമുണ്ടായി. വിവരം അറിഞ്ഞു സ്ഥലത്തെത്തിയ പൊലീസ് സമരക്കാരെ പുറത്താക്കി. കഴിഞ്ഞ ദിവസം നടന്ന ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥികളായി എംപിമാരായ ഷാഫി പറമ്പിൽ, പി.സന്തോഷ്കുമാർ, വി.ശിവദാസൻ എന്നിവരുടെ പേരുകളാണു ക്ഷണപത്രത്തിലുണ്ടായിരുന്നത്. പാർലമെന്റ് സമ്മേളനമായതിനാൽ 3പേരും എത്തിയില്ല. എന്നാൽ വരാത്ത സിപിഎം നേതാവായ രാജ്യസഭാംഗം വി.ശിവദാസന്റെ പേര് ശിലാഫലകത്തിൽ ചേർത്തപ്പോൾ സ്ഥലം എംപിയായ ഷാഫി പറമ്പിലിന്റെ പേരു ചേർക്കാത്തത് രാഷ്ട്രീയ പ്രേരിതമാണെന്നാരോപിച്ചായിരുന്നു പ്രതിഷേധം.
എന്നാൽ ഷാഫി പറമ്പിലിനെയും പി.സന്തോഷ്കുമാറിനെയും വിളിച്ചപ്പോൾ പാർലമെന്റ് സമ്മേളനമായതിനാൽ എത്താൻ സാധിക്കില്ലെന്ന് അറിയിച്ചിരുന്നതായും വി.ശിവദാസൻ പരിപാടിയിൽ പങ്കെടുക്കുമെന്ന് അവസാന നിമിഷത്തിലും അറിയിച്ചതിനാലാണ് അദ്ദേഹത്തിന്റെ പേര് ശിലാഫലകത്തിൽ ചേർത്തതെന്നുമാണു അധികൃതരുടെ വിശദീകരണം.
സ്ഥലം എംപിയുടെ പേര് ഫലകത്തിൽ ചേർക്കാത്തത് എംപിയോടുള്ള അവഹേളനമാണെന്നു പറഞ്ഞ് ബ്ലോക്ക് കോൺഗ്രസ്കമ്മിറ്റി നേരത്തെ പ്രതിഷേധ കുറിപ്പിറക്കിയിരുന്നു. സിപിഎമ്മിന്റെ വൃത്തികെട്ട രാഷ്ട്രീയമാണു ഷാഫി പറമ്പിലിന്റെ പേര് ശിലാഫലകത്തിൽനിന്ന് ഒഴിവാക്കിയതിലൂടെ തെളിഞ്ഞതെന്ന് ഡിസിസി അംഗം കെ.ശിവദാസനും കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി എം.വി.സതീശനും പറഞ്ഞു.