പാക്കനാർ തിയറ്ററിന് 60, സിനിമ ഇല്ലാത്ത ആദ്യ ഓണക്കാലം
Mail This Article
ചെറുവത്തൂർ∙ ഓണം നാളിൽ ചെണ്ട കൊട്ടി നാട്ടുകാരെ അറിയിച്ച് നിറഞ്ഞ സദസിൽ പ്രദർശിപ്പിച്ച പ്രേം നസീറിന്റെ ‘പാലാട്ട് കോമൻ’, ഓണക്കാലത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് സിനിമാ പെട്ടി തലയിൽ ചുമന്ന് മാണിയമ്മ വരുമ്പോൾ സിനിമയേതെന്നറിയാൻ ചുറ്റും കൂടിയ പുരുഷാരം- പോയകാലത്തിന്റെ ഓണക്കാല ഓർമകൾ ചെറുവത്തൂരിന്റെ സിനിമ പ്രേമികൾ പങ്ക് വെയ്ക്കുമ്പോൾ പ്രവർത്തനത്തിന്റെ 60ാം വർഷത്തിലേക്ക് കടക്കുന്ന ചെറുവത്തൂർ പാക്കനാർ തിയറ്ററിൽ ഇത് സിനിമയില്ലാത്ത ആദ്യ ഓണക്കാലം. 1962 ൽ തുടക്കം കുറിച്ച ചെറുവത്തൂർ പാക്കനാർ എന്ന സിനിമ കൊട്ടക ജില്ലയിൽ അവശേഷിക്കുന്ന പഴയകാലത്തെ ഏക തിയറ്റർ കൂടിയാണ്.
‘കണ്ടംവെച്ച കോട്ട് ’ എന്ന സിനിമയിൽ തുടങ്ങിയതാണ് പ്രദർശനം. ബി ക്ലാസ് തിയറ്ററുകളുടെ പട്ടികയിലാണ് പാക്കനാറിന്റെ സ്ഥാനമെങ്കിലും തിയറ്ററുകളുടെ ഗുണനിലവാരം പരിശോധിക്കാൻ സർക്കാർ നിശ്ചയിച്ച ക്ലാസിഫിക്കേഷൻ കമ്മിറ്റിയുടെ പരിശോധനയിൽ ജില്ലയിൽ എ ഗ്രേഡായിരുന്നു ലഭിച്ചത്. കോവിഡ്–19 നെ തുടർന്ന് പൂട്ടിയിട്ട തിയറ്റർ 60 വർഷം പിന്നിട്ട സാഹചര്യത്തിൽ പുതിയ മുഖത്തോടെയാണ് കോവിഡ് കാലത്തിന് ശേഷം തുറക്കുക. മാസങ്ങളായി തിയറ്റർ നവീകരിക്കുന്ന പ്രവൃത്തി നടക്കുകയാണ്. എസി അടക്കമുള്ള എല്ലാ ആധുനിക സംവിധാനങ്ങളും തിയറ്റിന് ഉണ്ടാകുമെന്ന് ഉടമ കെ. ഉഗ്രൻ മനോരമയോടു പറഞ്ഞു.