കഴുതപ്പാലിന് ആവശ്യക്കാരേറെ, മണ്ടത്തരമല്ല കഴുത വളർത്തൽ; ലാഭംകൊയ്ത് മുണ്ടക്കൽ ടോമി
Mail This Article
വെള്ളരിക്കുണ്ട് ∙ കാലി വളർത്തൽ പോലെ കഴുതയെ വളർത്തലും ലാഭകരമാണെന്ന് കർഷകന്റെ അനുഭവ സാക്ഷ്യം. കിണാനൂർ കരിന്തളം പഞ്ചായത്തിലെ പന്നിത്തടത്തെ മുണ്ടക്കൽ ടോമിയാണ് കഴുത വളർത്തി ലാഭം കണ്ടെത്തുന്നത്. എന്നും രാവിലെ കണികാണുന്നത് കഴുതകളെ, കുടിക്കുന്നത് കഴുത പാലൊഴിച്ച ചായയും. കഴുതപ്പാൽ ചായയോ എന്നു ചോദിച്ചേക്കാം. രാജ്യാന്തര വിപണിയിൽ പോലും കഴുത പാലിന് വൻ ഡിമാൻഡുണ്ടെന്ന കേട്ടറിവുകൊണ്ടൊ എന്തോ പന്നിത്തടത്തും പാലിന് ആവശ്യക്കാർ ഏറെയാണെന്ന് ടോമി പറഞ്ഞു. ഒന്നര വർഷം മുൻപ് മലപ്പുറത്തു നിന്നാണ് ഒരു ആൺ കഴുതയെയും പെൺ കഴുതയെയും കൊണ്ടുവന്നത്.
തങ്കമ്മ എന്നും കുട്ടൻ എന്നുമാണ് പേര്. നാലു മാസം മുൻപ് തങ്കമ്മ പ്രസവിച്ചതോടെ ഇവരുടെ വീട്ടിലെ കഴുതകളുടെ എണ്ണം മൂന്നായി. കുട്ടിക്ക് സോനു എന്ന് പേരുമിട്ടു. പശുക്കളെ പരിപാലിക്കും പോലെയാണ് കഴുതകളെയും വളർത്തുന്നത്. പിണ്ണാക്കും തവിടും കൂടാതെ പുല്ലും കൊടുക്കും കവുങ്ങിൻ പാളയാണ് ഇഷ്ട ഭക്ഷണം. നാലു മാസം പ്രായമായ കഴുതക്കുട്ടിക്ക് ആവശ്യത്തിനു പാൽ നൽകിയ ശേഷം മാത്രമേ ഇപ്പോൾ കറന്ന് എടുക്കുന്നുള്ളു. കഴുതപ്പാലിന്റെ ഗുണം അറിയുന്നവർ പാലിനായി വീട്ടിൽ എത്താറുണ്ടെന്നു ടോമി പറയുന്നു.
ആയുർവേദ മരുന്നിനും സൗന്ദര്യ വർധക വസ്തുക്കൾ ഉണ്ടാക്കാനുമാണ് കഴുതപ്പാൽ കൂടുതലായും ഉപയോഗിക്കുന്നത്. നവജാത ശിശുക്കൾക്ക് കഴുതപ്പാൽ കൊടുക്കുന്ന ശീലവും ചില പ്രദേശങ്ങളിലുണ്ട്. ചർമരോഗങ്ങൾക്കും പോഷകക്കുറവിനും കഴുതപ്പാൽ ഉപയോഗിച്ചു വരുന്നുണ്ടെന്നും ടോമി പറയുന്നു. പശുവിൻ പാൽ കഴിക്കാൻ പറ്റാത്തവർക്ക് ഒട്ടകപ്പാൽ പോലെ കഴുതപ്പാലും ഉപയോഗിക്കാം. കേരളത്തിൽ ഒരു കഴുതയ്ക്ക് 2500 രൂപവരെ വിലയുണ്ട്. കഴുത വളർത്തലിനെക്കുറിച്ച് പഠിക്കാൻ പലരും വീട്ടിലെത്താറുണ്ടന്നും ടോമി പറഞ്ഞു.