ആശുപത്രിക്കു കെട്ടിടം പണിതാൽ പോര, പ്രവർത്തിപ്പിക്കണം: രമേശ് ചെന്നിത്തല

Mail This Article
കാഞ്ഞങ്ങാട് ∙ സിപിഎം സഹകരണ മേഖലയിൽ പുതിയ ആശുപത്രി ആരംഭിച്ചത് കൊണ്ടാണ് അമ്മയും കുഞ്ഞും ആശുപത്രി വേണ്ടെന്നു വച്ചതെന്ന് രമേശ് ചെന്നിത്തല. ഈ ആശുപത്രി പ്രവർത്തിക്കാൻ പാടില്ല. വേറെ ആശുപത്രി തുടങ്ങാം. നായനാരുടെയോ ഇഎംഎസിന്റെയോ പേരിൽ സഹകരണ മേഖലയിൽ ആശുപത്രി തുടങ്ങിയാൽ പിന്നെ സർക്കാർ ആശുപത്രികളുടെ ആവശ്യമില്ല. ഇത് നേരത്തെ പറഞ്ഞാൽ മതിയായിരുന്നു. ജനങ്ങളുടെ പണം മുടക്കി മൂന്നു നില കെട്ടിടം നിർമിക്കേണ്ട ആവശ്യമുണ്ടായിരുന്നോ എന്നും അദ്ദേഹം ചോദിച്ചു. അമ്മയും കുഞ്ഞും ആശുപത്രി തുറക്കാത്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി നടത്തിയ സമര പ്രഖ്യാപന യുവജന പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡോക്ടർമാരും നഴ്സുമാരും ഇല്ലാതെ അനാഥ പ്രേതമായി കിടക്കുകയാണ് അമ്മയും കുഞ്ഞും ആശുപത്രി. കാഞ്ഞങ്ങാട് മാത്രമല്ല; പലയിടത്തും ആശുപത്രി, സ്കൂൾ, പൊലീസ് സ്റ്റേഷൻ കെട്ടിടങ്ങൾ ഇങ്ങനെ നിർമിച്ച് ഇട്ടിരിക്കുകയാണ്. ഇതെല്ലാം പ്രവർത്തിപ്പിക്കാന്‍ സർക്കാരിന് ഇച്ഛാശക്തി വേണം. 6 വർഷം കഴിഞ്ഞിട്ടും കാസർകോട് മെഡിക്കൽ കോളജ് പ്രവർത്തിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. ഉമ്മൻചാണ്ടിയുടെ ഭരണകാലത്ത് 1 വർഷം കൊണ്ട് പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടത്.നാട്ടിൽ വികസനം ഉണ്ടാകുമ്പോൾ ആദ്യം ചെയ്യേണ്ടത് സർക്കാർ ആശുപത്രികളിൽ സൗകര്യം ഒരുക്കുകയാണ്. അവിടെയാണ് പാവപ്പെട്ട ആളുകൾ ചികിത്സയ്ക്ക് വരുന്നതെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് ജില്ലാ പ്രസിഡന്റ് ബി.പി.പ്രദീപ്കുമാർ അധ്യക്ഷത വഹിച്ചു.
ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസൽ, മുൻ എംഎൽഎ കെ.പി.കുഞ്ഞിക്കണ്ണൻ, കെ.നീലകണ്ഠൻ, ഹക്കീം കുന്നിൽ, കെ.കെ.രാജേന്ദ്രൻ, പി.വി.സുരേഷ്, കെ.പി.പ്രകാശൻ, പി.കെ.ചന്ദ്രശേഖരൻ, പി.ഗോപി, കെ.പി.ബാലകൃഷ്ണൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ്, ജില്ലാ ഭാരവാഹികളായ കാർത്തികേയൻ പെരിയ , ഇസ്‍മായിൽ ചിത്താരി, രാജേഷ് തമ്പാൻ, സത്യനാഥൻ പത്രവളപ്പിൽ, ഐ.എസ്.വസന്തൻ, രതീഷ് കാട്ടുമാടം, അശ്വതി, ഉനൈസ്, രോഹിത് ഏറുവാട്ട്, ഗിരികൃഷ്ണൻ കൂടാല, രജിത ഉദുമ, ബി.ബിനോയ്, രാജു കുറിച്ചികുന്ന്, ധനേഷ് ചീമേനി, ഷെറിൻ കയ്യംകുടൽ, അഹമ്മദ് ചെരൂർ, ചന്ദ്രഹാസ ബട്ട്, വിനോദ് കള്ളാർ, മാത്യു ബദിയടുക്ക എന്നിവർ പ്രസംഗിച്ചു.