ADVERTISEMENT

കാസർകോട് ∙ ‌യാത്രക്കാർക്കുള്ള ഇരിപ്പിടത്തിൽ പരിസരബോധമില്ലാതെ കിടന്നുറങ്ങുന്ന മദ്യപർ, കണ്ടാൽ ഛർദിക്കും വിധം ബസ് കാത്തുനിൽക്കുന്ന ഭാഗങ്ങളിൽ നിറയെ തുപ്പൽ, മുക്കിലും മൂലയിലും കാലിയായ മദ്യക്കുപ്പികളും പാൻമസാല പായ്ക്കറ്റുകളും.ജില്ലാ ആസ്ഥാനത്തെ ഏറ്റവും തിരക്കേറിയ കാസർകോട് പുതിയ ബസ് സ്റ്റാൻഡിലെ വൈകിട്ടത്തെ കാഴ്ചകളാണിത്.

ബസ് സ്റ്റാൻഡിൽ തന്നെ പൊലീസ് എയ്ഡ് പോസ്റ്റ് ഉണ്ടായിട്ടും സാമൂഹിക വിരുദ്ധരുടെയും മദ്യപരുടെയും വിളയാട്ടമാണ്.സ്ത്രീകളും കുട്ടികളും അടക്കമുള്ള യാത്രക്കാർ ബസ് കാത്തുനിൽക്കുമ്പോഴാണ് ഇരിപ്പിടങ്ങൾ മദ്യപർ കയ്യടക്കുന്നത്. ഇതര സംസ്ഥാന തൊഴിലാളികളാണ് ഭൂരിഭാഗവും. ശുചിമുറി പരിസരത്ത് അനധികൃത മദ്യവിൽപന നടക്കുന്നതായും പരാതികളുണ്ട്. വൈകുന്നേരങ്ങളിൽ ഇവർ തമ്മിൽ അടിപിടിയും വഴക്കും പതിവുമാണ്. 

എയ്ഡ‍് പോസ്റ്റിലെ പൊലീസുകാർ പലപ്പോഴും നിസ്സഹായരായി മാറുന്നു.പരസ്യമായ പുകവലിയും യാത്രക്കാരെ ബുദ്ധിമുട്ടിലാണ്. ഇതുകാരണം നേരം ഇരുട്ടിയാൽ ബസ് ബസ്റ്റാൻഡിലേക്കു കയറാൻ തന്നെ പലർക്കും പേടിയാണ്. ബസ് സ്റ്റാൻഡിന്റെ മുകളിലോട്ടുള്ള പടികളിലും മറ്റും ഒഴിഞ്ഞ മദ്യക്കുപ്പികൾ കൂട്ടിയിട്ടിരിക്കുന്നതു കാണാം.

ഇതിനു പുറമെയാണ് തുപ്പലിന്റെ ഭീകരത! പാൻമസാലകൾ ചവച്ചുതുപ്പി സ്റ്റാൻഡിൽ ചവിട്ടാൻ പറ്റാത്ത സ്ഥിതിയാണ്. ഇരിപ്പിടത്തിന്റെ ചുറ്റിലും ബസ് നിൽക്കുന്ന ഭാഗങ്ങളിലും എന്നു വേണ്ട തുപ്പലില്ലാത്ത സ്ഥലങ്ങളില്ല. മുകളിലേക്കുള്ള പടികളിലും തുപ്പലഭിഷേകമാണ്. വ്യാപാരികൾക്കും ഇതു വലിയ തലവേദനയാണ്. പക്ഷേ പേടികൊണ്ട് ആരും പരസ്യപ്രതികരണം നടത്തുന്നില്ലെന്നു മാത്രം.

നടപടിയെടുക്കേണ്ടത് ആര്?

ജില്ലയുടെ മുഖമാണ് പുതിയ ബസ് സ്റ്റാൻഡ്. മദ്യപരുടെ ശല്യവും വൃത്തികേടും ഇതിനുണ്ടാക്കുന്ന നാണക്കേട് കുറച്ചൊന്നുമല്ല. മദ്യപരിൽ ഭൂരിഭാഗവും അതിഥിത്തൊഴിലാളികളാണ്. ഇവരെ തൊട്ടാൽ കുടുങ്ങിപ്പോകുമെന്ന പേടിയാണ് പലപ്പോഴും പൊലീസിന്. അതുകൊണ്ടു തന്നെ കടുത്ത നടപടികളിലേക്ക് പൊലീസ് പോകുന്നില്ല. ഇതു തന്നെയാണ് പട്ടാപ്പകൽ പോലും ഇത്തരം സംഭവങ്ങൾ തുടരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com