‘ഡോക്ടറെ ആവശ്യമുണ്ട് ’; ‘കേന്ദ്രം കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്നു’

Mail This Article
കാഞ്ഞങ്ങാട്∙ ജില്ലയിലേക്ക് ഡോക്ടർമാരെ ലഭിക്കാത്ത പ്രശ്നം ചൂണ്ടിക്കാട്ടി ആരോഗ്യ മന്ത്രിയും. കാസർകോട് ജില്ലയിലേക്ക് ഡോക്ടർമാരെ നിയമിക്കാനായി മൂന്നു തവണ കൂടിക്കാഴ്ച നടത്തിയിട്ടും ആവശ്യത്തിന് ഡോക്ടർമാരെ കിട്ടിയില്ലെന്ന് ജില്ലാ ആശുപത്രി സന്ദർശിച്ച ശേഷം മന്ത്രി പറഞ്ഞു. ഡോക്ടർമാർക്ക് വേണ്ടി ആരോഗ്യ വകുപ്പ് 3 കൂടിക്കാഴ്ച ആണ് നടത്തിയത്. ആദ്യ കൂടിക്കാഴ്ചയിൽ 56 പേരും രണ്ടാമത്തെ കൂടിക്കാഴ്ചയിൽ 76 പേരും മൂന്നാമത്തെ കൂടിക്കാഴ്ചയിൽ 60 പേരും പങ്കെടുത്തു. ഇത്ര പേർ കൂടിക്കാഴ്ചയ്ക്ക് പങ്കെടുത്തിട്ടും ജോയിൻ ചെയ്തത് ആകെ 12 പേർ മാത്രമാണ്.

ആവശ്യത്തിന് ഡോക്ടർമാരെ കിട്ടാത്തിനാൽ സ്ഥിരം ഡോക്ടറെ നിയമിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുകയാണ്. ജില്ലയ്ക്ക് വേണ്ടി പ്രത്യേകമായി, വിരമിച്ച ഡോക്ടർമാർ താൽപര്യം അറിയിച്ചാൽ അവരെയും അഡ്ഹോക്ക് വഴി നിയമിക്കുന്ന കാര്യം പരിഗണിക്കും. ജില്ലയിലെ ആരോഗ്യ മേഖലയിലെ പ്രശ്നങ്ങളും പരിഹാരങ്ങളും ചർച്ച് ചെയ്യാൻ മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ അവലോകന യോഗം നടത്തി.
ആവശ്യത്തിന് ടെക്നീഷന്മാരെ കിട്ടാത്ത പ്രശ്നവും മന്ത്രി ചൂണ്ടിക്കാട്ടി. ഇജി ടെക്നീഷന്മാരെ കിട്ടാനില്ലാത്ത സ്ഥിതിയാണ്. ഈ മേഖലയിലും വിരമിച്ചവരെ സർക്കാർ പരിഗണിക്കുന്നുണ്ട്. നിലവിൽ ഇത്തരത്തിൽ നിയമനവും നടത്തിയിട്ടുണ്ട്. നിലവിൽ ജില്ലയിൽ അഡ്ഹോക് വഴി ആവശ്യത്തിന് ഡോക്ടർമാരെ നിയമിച്ചിട്ടുണ്ട്. ആശുപത്രികളിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്താനും പോരായ്മകൾ പരിഹരിച്ച് സമയബന്ധിതമായി നടപടി സ്വീകരിക്കാനും ‘ആർദ്രം ആരോഗ്യം’ പരിപാടിയുടെ ഭാഗമായാണ് മന്ത്രി താലൂക്ക്, ജില്ലാ, ജനറൽ ആശുപത്രികൾ നേരിട്ട് സന്ദർശിക്കുന്നത്.
യോഗത്തിൽ ഇ.ചന്ദ്രശേഖരൻ എംഎൽഎ, എം.രാജഗോപാലൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, കലക്ടർ കെ.ഇമ്പശേഖർ, കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷ കെ.വിസുജാത, നീലേശ്വരം നഗരസഭാധ്യക്ഷ ടി.വി.ശാന്ത, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠൻ, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷമീമ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. കെ.ജെ.റീന, ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. എ.വി.രാംദാസ്, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ പി.കെ. ഡോ.അനിൽ കുമാർ എന്നിവർ പങ്കെടുത്തു.
∙ ജില്ലാ ആശുപത്രി കാർഡിയോളജിസ്റ്റ് തസ്തിക അനുവദിക്കാനും നടപടി സ്വീകരിക്കും. നിലവിൽ ജോലി ക്രമീകരണത്തിന്റെ ഭാഗമായാണ് ഇവിടെ ഡോക്ടറെ നിയമിച്ചത്.
∙ ടാറ്റാ സ്പെഷ്യൽറ്റി ഹോസ്പിറ്റലിന്റെ പ്ലാൻ അന്തിമ ഘട്ടത്തിലാണ്. ഇതു കഴിഞ്ഞാൽ ഉടൻ തന്നെ നിർമാണം ആരംഭിക്കും.
∙ നിർമാണം പൂർത്തിയായ കെട്ടിടത്തിൽ ലിഫ്റ്റ് നിർമാണം വേഗം പൂർത്തിയാക്കണമെന്ന് മന്ത്രി നിർദേശം നൽകി.
∙ ഫിസിയോ തെറപ്പി യൂണിറ്റ് വിപുലീകരിക്കാൻ ആവശ്യമായ പ്ലാൻ തയാറാക്കാൻ നിർദേശം
∙ ഇ - ഹെൽത്ത് സംവിധാനം ജില്ലയിൽ നടപ്പാക്കും.
∙ കാസർകോട് ജനറൽ ആശുപത്രി
∙സോളർ പാനൽ സ്ഥാപിക്കാൻ നിർദേശം
∙ ഇജി മെഷീൻ ഉണ്ടെങ്കിലും ടെക്നീഷന്റെ കുറവുണ്ട്. അവ നികത്തും
∙രോഗികളുടെ പരാതികൾ കേൾക്കുകയും വേണ്ട നടപടികൾ കൈക്കൊള്ളാൻ അധികൃതർക്ക് നിർദേശം നൽകുകയും ചെയ്തു.
∙ രോഗികളോട് നല്ല രീതിയിൽ പെരുമാറാനും മികച്ച സേവനം നൽകാനും ഡോക്ടർമാർക്ക് നിർദേശം
∙ജോലി സമയത്ത് അനാവശ്യമായിട്ടുള്ള മൊബൈൽ ഫോൺ ഉപയോഗം നിയന്ത്രിക്കാൻ നടപടി സ്വീകരിക്കണമെന്ന് നിർദേശം
∙ മംഗൽപാടി താലൂക്ക് ആശുപത്രി
∙ നിയമിച്ച ഡോക്ടർ വരുന്നില്ലെന്ന് പെട്ടെന്ന് ഒരു ദിവസം ആരോഗ്യ വകുപ്പിനെ അറിയിച്ചു. ഇത്തരം സമയങ്ങളിൽ വലിയൊരു ഇടവേള തുടർ നിയമത്തിന് വരും. ഇതൊഴിവാക്കാൻ നേരിട്ട് ഉത്തരവിറക്കാൻ നിർദേശം
∙ എക്സ്റേയുടെ പ്രവർത്തനം കഴിയുന്നതുംവേഗം നടപ്പാക്കി പ്രവർത്തനം തുടങ്ങും
∙ജലക്ഷാമം പരിഹരിക്കാൻ മന്ത്ര റോഷി അഗസ്റ്റിനുമായി ഫോണിൽ സംസാരിച്ച് പരിഹാരം
∙ കിടത്തി ചികിത്സ പരാതികൾ പരിഹരിക്കാൻ ഡിഎംഒയോട് നിർദേശം
∙ഡോക്ടർമാരുടെ അഭാവം കാരണമുള്ള പ്രശ്നങ്ങളും ഉടൻ പരിഹരിക്കുമെന്ന് മന്ത്രി പറഞ്ഞു.
∙ ഡയാലിസിസ് രോഗികളുടെ എണ്ണം കണക്കിലെടുത്ത് പുതിയ കെട്ടിടവും മെഷീനുകളും അനുവദിക്കും.
∙ പുതിയ കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനം ഉടൻ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.
∙ ബേഡഡുക്ക താലൂക്ക് ആശുപത്രി
∙ഡയാലിസ് യൂണിറ്റ് നിർമിക്കാനും അതിനായി സ്ഥലം കണ്ടെത്തണമെന്നും നിർദേശം
∙ശ്വാസംമുട്ട് മൂലംചികിത്സയിലുള്ള പള്ളിക്കര പഞ്ചായത്തിലെ കരിച്ചേരി സ്വദേശി ദേവകിയുടെ നിവേദനത്തെ തുടർന്ന് ഓക്‌സിജൻ കോൺസൺട്രേറ്റർ വീട്ടിലേക്ക് എത്തിച്ചു നൽകാൻ മെഡിക്കൽ ഓഫിസറെ ചുമതലപ്പെടുത്തി.
∙ പൂടംകല്ല് താലൂക്ക് ആശുപത്രി
∙ ഗൈനക്കോളജിസ്റ്റ് നിയമനം വേഗത്തിൽ നടത്തും
∙ഐസലേഷൻ വാർഡിന് വേണ്ടി കെട്ടിടം പണി പൂർത്തീകരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും നിർദേശം
∙ നീലേശ്വരം താലൂക്ക് ആശുപത്രി
∙ജില്ലയിലെ വൃക്കരോഗികൾക്ക് സ്വയം ഡയാലിസിസ് ചെയ്യുന്നതിനുള്ള പെരിട്ടോണിയം പരിശീലന കേന്ദ്രം അനുവദിക്കും.
∙കാസർകോട് വികസന പാക്കേജിൽ നിന്ന് തുക കണ്ടെത്തി ഫ്രീസർ സൗകര്യം ഏർപ്പെടുത്തുന്നതിനുള്ള സാധ്യത പരിഗണിക്കും.
∙ പോസ്റ്റ് മോർട്ടം കേന്ദ്രം പുനരാരംഭിക്കുന്ന കാര്യം പരിഗണിക്കും
∙കിഫ്ബി ഫണ്ടിൽ അനുവദിച്ച 13 കോടിയുടെ ഒ.പി ബ്ലോക്ക് ജനുവരിയിലെ കിഫ്ബി അവലോകന യോഗത്തിൽ പാസാകും.∙ ലക്ഷ്യ പദ്ധതിയിൽ ഇവിടെ നിർമിക്കുന്ന 2കോടിയുടെ പ്രസവ വാർഡിന്റെ പണി തുടങ്ങി.
∙ പ്രസവ ചികിത്സ പുനരാരംഭിക്കുന്നത് പരിഗണിക്കും
∙ തൃക്കരിപ്പൂർ താലൂക്ക് ആശുപത്രി
∙ലക്ഷ്യ പദ്ധതി ആരംഭിക്കും. ഇതിനുള്ള നടപടികൾ പൂർത്തിയായി. കെട്ടിടത്തിന് അംഗീകാരം ലഭ്യമാകുന്നതോടെ ലിഫ്റ്റ് പ്രവർത്തിപ്പിക്കുന്നതിനും മറ്റും സംവിധാനമുണ്ടാക്കും.
∙ ഒരു ഗൈനക്കോളജിസ്റ്റിനെ കൂടി നിയമിക്കും.
∙നിലവിലുള്ള കെട്ടിടത്തിൽ നിന്നു ഒപി വിഭാഗം പുതിയ കെട്ടിടത്തിലേക്കു മാറ്റുന്നതിനു പദ്ധതി ഒരുക്കും.
∙ 2 പ്രധാന കെട്ടിടങ്ങളെയും പരസ്പരം ബന്ധിപ്പിക്കുന്നതിനു പദ്ധതി രൂപീകരിക്കുന്നതിനു ഡിഎംഒയ്ക്ക് നിർദേശം
റിസാന് കൈത്താങ്ങായി മന്ത്രി
കാഞ്ഞങ്ങാട് ∙ ശബ്ദ ലോകത്തേക്ക് തിരികെയെത്താൻ പി.മുഹമ്മദ് റിസാന് കൈത്താങ്ങുമായി മന്ത്രി. 5 മാസം പ്രായമുള്ളപ്പോഴാണ് തോയമ്മലിലെ പി.മുഹമ്മദ് റിസാന് കേൾവി ശക്തി നഷ്ടമായത്. കോക്ലിയർ ഇംപ്ലാന്റേഷൻ വഴി കേൾവി തിരിച്ചു കിട്ടി. വർഷങ്ങളോളം കൂട്ടായിരുന്ന ശ്രവണ സഹായി പണിമുടക്കിയതോടെ റിസാന് കേൾവിശക്തി ഇല്ലാതായി. 8 ലക്ഷം ചെലവിട്ട് മകനെ രക്ഷിക്കാൻ കർഷകനായ പിതാവ് അസീസിന് സാമ്പത്തികശേഷിയുമില്ല. ജില്ലാ ആശുപത്രിയിൽ സന്ദർശനത്തിന് എത്തിയ മന്ത്രിയോട് കുടുംബം കാര്യങ്ങൾ പറഞ്ഞു. വൈകാതെ പുതിയത് ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി
ചികിത്സപ്പിഴവെന്നു പരാതി
കാസർകോട് ∙ ജനറൽ ആശുപത്രിയിൽ പ്രസവ സമയത്തെ ചികിത്സാപ്പിഴവിനെ തുടർന്ന് ഒരു വയസ്സായിട്ടും കുഞ്ഞിന്റെ ബുദ്ധിമുട്ടുകൾ മാറിയില്ലെന്നു പരാതി. സംഭവത്തിൽ ജനറൽ ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ കുഞ്ഞിന്റെ മാതാവ് മന്ത്രിക്കു നേരിട്ടു പരാതി നൽകി. കൊച്ചു മകനുമായി ചേറ്റുംകുഴി സ്വദേശിനി റുഖിയ ഷാഫി, കുട്ടിയുടെ അമ്മ ഖദീജത്ത് കുബ്‌റ, റുഖിയയുടെ മകൾ ഖദീജത്ത് റൈസ എന്നിവരാണ് മന്ത്രിയെ കണ്ടത്. ഇക്കാര്യത്തിൽ ഉചിതമായ നടപടികൾ സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി.
‘മെഡിക്കൽ കോളജിന് കേന്ദ്രത്തോട് ഇളവ് ആവശ്യപ്പെടും’
ഇലക്ട്രിക്, പ്ലമിങ് പണി തുടങ്ങിയിട്ടുണ്ട്. മെഡിക്കൽ കോളജ് പരിധിയിൽ 3 വർഷമായി പ്രവർത്തിക്കുന്ന ആശുപത്രി വേണം. ഇതാണ് ദേശീയ മെഡിക്കൽ കമ്മിഷന്റെ മാനദണ്ഡം. കാസർകോട് മെഡിക്കൽ കോളജ് പരിധിയിൽ 10 കിലോ മീറ്ററിനുള്ളിൽ ഇത്തരം ആശുപത്രികൾ ഇല്ല. ഇവിടെ കിടത്തി ചികിത്സാ സൗകര്യമുള്ള ആശുപത്രി വേണം. ഇത് 3 വർഷം പൂർത്തിയാകുകയും വേണം. ജില്ലയുടെ സാഹചര്യം പരിഗണിച്ച് ഇക്കാര്യത്തിൽ ഇളവ് നൽകണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും. ഡയാലിസിസ് സംവിധാനം ഇല്ലാത്ത ആശുപത്രികളിൽ ഡയാലിസിസ് സംവിധാനം ഒരുക്കാൻ നടപടി സ്വീകരിക്കും. വലിയ പരിഗണന ആവശ്യമുള്ള ജില്ലയാണ്.
‘കേന്ദ്രം കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്നു’
കാസർകോട്∙ സാമ്പത്തികമായി കേന്ദ്രം കേരളത്തെ ഞെരുക്കുകയാണെന്ന് മന്ത്രി വീണാ ജോർജ്. ജില്ലയിലെ എൻഡോസൾഫാൻ ദുരിത ബാധിതർക്കുള്ള സഹായം കേന്ദ്രം നിർത്തലാക്കിയപ്പോൾ സാധ്യമായ സാഹചര്യങ്ങളിൽ നിന്നെല്ലാം പണം കണ്ടെത്തിയാണ് പ്രശ്നങ്ങളുണ്ടാകാതെ കേരളം പരിഹരിച്ചതെന്നും മന്ത്രി പറഞ്ഞു. ഇപ്പോൾ ഇക്കാര്യം പ്രത്യേക വിഷയമായി ധനവകുപ്പിനെ അറിയിച്ചു. സാമൂഹിക സുരക്ഷാ മിഷനുമായി ചേർന്ന് സ്ഥിരമായ പരിഹാരം കാണാനാണ് ഇപ്പോൾ ശ്രമിക്കുന്നത്.
ഫെഡറൽ സംവിധാനത്തിൽ അർഹമായ വിഹിതം കേരളത്തിന് കിട്ടിയിട്ടില്ല. ഒരു വർഷം 1600 കോടി രൂപയാണ് സംസ്ഥാനം സൗജന്യ ചികിത്സയ്ക്ക് നൽകുന്നത്. കേന്ദ്രം പറഞ്ഞതിനേക്കാൾ മൂന്നിരട്ടി ഗുണഭോക്താക്കളുണ്ടെന്നും മന്ത്രി പറഞ്ഞു. സാമ്പത്തികമായി ഞെരുക്കാൻ പല തന്ത്രങ്ങളും നോക്കുന്നുണ്ടെന്നും എന്നാൽ സംസ്ഥാനം ഗുണഭോക്താക്കളെ കയ്യൊഴിഞ്ഞില്ലെന്നും മന്ത്രി പറഞ്ഞു.