കാഞ്ഞങ്ങാട് ചിത്താരിയിൽ പാചകവാതക ടാങ്കറിൽ ചോർച്ച; ഭീതിയുടെ പകൽ
കാഞ്ഞങ്ങാട് ∙ സംസ്ഥാനപാതയിൽ ടാങ്കറിൽനിന്നു പാചകവാതകം ചോർന്നു. കാഞ്ഞങ്ങാട്-കാസർകോട് സംസ്ഥാന പാതയിൽ ഇന്നലെ രാവിലെ 7.20ന് ആണ് സംഭവം. മംഗളൂരുവിൽനിന്നു കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ടാങ്കറിൽ നിന്നാണ് വാതകം ചോർന്നത്. ചിത്താരി ഹിമായത്തുൽ ഇസ്‌ലാം എയുപി സ്കൂളിന് സമീപത്തു വച്ചാണ് ഗ്യാസ് ചോർച്ച
കാഞ്ഞങ്ങാട് ∙ സംസ്ഥാനപാതയിൽ ടാങ്കറിൽനിന്നു പാചകവാതകം ചോർന്നു. കാഞ്ഞങ്ങാട്-കാസർകോട് സംസ്ഥാന പാതയിൽ ഇന്നലെ രാവിലെ 7.20ന് ആണ് സംഭവം. മംഗളൂരുവിൽനിന്നു കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ടാങ്കറിൽ നിന്നാണ് വാതകം ചോർന്നത്. ചിത്താരി ഹിമായത്തുൽ ഇസ്‌ലാം എയുപി സ്കൂളിന് സമീപത്തു വച്ചാണ് ഗ്യാസ് ചോർച്ച
കാഞ്ഞങ്ങാട് ∙ സംസ്ഥാനപാതയിൽ ടാങ്കറിൽനിന്നു പാചകവാതകം ചോർന്നു. കാഞ്ഞങ്ങാട്-കാസർകോട് സംസ്ഥാന പാതയിൽ ഇന്നലെ രാവിലെ 7.20ന് ആണ് സംഭവം. മംഗളൂരുവിൽനിന്നു കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ടാങ്കറിൽ നിന്നാണ് വാതകം ചോർന്നത്. ചിത്താരി ഹിമായത്തുൽ ഇസ്‌ലാം എയുപി സ്കൂളിന് സമീപത്തു വച്ചാണ് ഗ്യാസ് ചോർച്ച
കാഞ്ഞങ്ങാട് ∙ സംസ്ഥാനപാതയിൽ ടാങ്കറിൽനിന്നു പാചകവാതകം ചോർന്നു. കാഞ്ഞങ്ങാട്-കാസർകോട് സംസ്ഥാന പാതയിൽ ഇന്നലെ രാവിലെ 7.20ന് ആണ് സംഭവം. മംഗളൂരുവിൽനിന്നു കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ടാങ്കറിൽ നിന്നാണ് വാതകം ചോർന്നത്. ചിത്താരി ഹിമായത്തുൽ ഇസ്‌ലാം എയുപി സ്കൂളിന് സമീപത്തു വച്ചാണ് ഗ്യാസ് ചോർച്ച തിരിച്ചറിഞ്ഞത് ടാങ്കർ നിർത്തിയത്. ഉടൻ തന്നെ ഡ്രൈവർ അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് അഗ്നിരക്ഷാ സേനയും പൊലീസും സിവിൽ ഡിഫൻസും സ്ഥലത്തെത്തി നിയന്ത്രണം ഏറ്റെടുത്തു.
ടാങ്കറിന്റെ റോട്ടോ ഗേജ് വഴിയാണ് പാചക വാതക ചോർച്ചയുണ്ടായത്. ഇത് അടയ്ക്കാൻ അഗ്നിരക്ഷാ സേന ഏറെ പാടുപെട്ടു. വിവിധ സ്ഥലങ്ങളിൽ നിന്നായി കൊണ്ടുവന്ന എം സീൽ ഉപയോഗിച്ച് ചോർച്ച തടയാൻ നോക്കിയെങ്കിലും നടന്നില്ല. പിന്നീട് വാഹന വർക്‌ഷോപ്പുകളിൽ ഉപയോഗിക്കുന്ന ‘ബോഡി ഫിൽറ്റർ’ ഉപയോഗിച്ചാണ് താൽക്കാലികമായി ചോർച്ച അടച്ചത്. അപ്പോഴേക്കും 10.20 ആയിരുന്നു. വർക്ക്ഷോപ്പിൽ ജോലി ചെയ്യുന്ന ഉത്തരേന്ത്യ സ്വദേശിയാണ് ബോഡി ഫിൽറ്റർ ഉപയോഗിച്ച് ചോർച്ച അടയ്ക്കാൻ അഗ്നിരക്ഷാ സേനയെ സഹായിച്ചത്.
ചോർച്ചയുണ്ടായ വിവരം ഉടൻ തന്നെ വിദഗ്ധരെ അറിയിക്കുകയും ചെയ്തു. മംഗളൂരു ഇന്ത്യൻ ഓയിൽ കോർപറേഷനിൽ (ഐഒസി) നിന്ന് ഒരുമണിയോടെ റീഫിൽ വാഹനം അടക്കം വിദഗ്ധർ സ്ഥലത്തെത്തി. 2 മണിക്ക് ടാങ്കറിലേക്ക് പാചക വാതകം മാറ്റാൻ തുടങ്ങി. വൈകിട്ട് ആറോടെ 2 ടാങ്കറുകളിലേക്ക് പാചക വാതകം മാറ്റി. ബാക്കിയുള്ള പാചക വാതകം ചോർച്ചയുള്ള ടാങ്കറിൽ തന്നെ നിലനിർത്തി. മർദം കുറച്ചു ചോർച്ച അടച്ച ശേഷം ഇതേ ടാങ്കറിൽ മംഗളൂരുവിലേക്ക് കൊണ്ടു പോയി. വൈകിട്ട് 6.30ന് ഗതാഗതം പുനഃസ്ഥാപിച്ചു. 18 ടൺ പാചക വാതകമാണ് ലോറിയിൽ ഉണ്ടായിരുന്നത്.
ടാങ്കറിനായി നെട്ടോട്ടം
റീഫിൽ വാഹനം അടക്കം ഐഒസിയിൽ നിന്നു വിദഗ്ധർ എത്തിയെങ്കിലും പാചകവാതകം മാറ്റാൻ പകരം ടാങ്കർ കിട്ടിയില്ല. ഒടുവിൽ കലക്ടറുടെ നിർദേശപ്രകാരം ടാങ്കർ പിടിച്ചെടുക്കാൻ പൊലീസിന് നിർദേശം നൽകി. ഐഒസിയിൽ നിന്നു പാചകവാതകം കൊണ്ടു പോകുന്ന ടാങ്കർ തന്നെ വേണമെന്നും ഐഒസി അധികൃതർ പറഞ്ഞു. ഒടുവിൽ ഒരു മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിൽ പൊലീസിന് ഒരു ടാങ്കർ ലോറി കസ്റ്റഡിയിൽ കിട്ടി. ഇതുമായി ചിത്താരിയിൽ എത്തി. പാചകവാതകം മാറ്റാൻ 3 ടാങ്കർ ലോറിയാണ് വേണ്ടിയിരുന്നത്. മറ്റു രണ്ടു ടാങ്കർ ലോറികൾ കണ്ടെത്താൻ മോട്ടർ വാഹന വകുപ്പിന് നിർദേശം നൽകി. ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം കാലിയായി വന്ന രണ്ടു ടാങ്കറുകൾ കൂടി മോട്ടർ വാഹന വകുപ്പ് പിടികൂടി സംഭവ സ്ഥലത്ത് എത്തിച്ചു. ഉച്ചയ്ക്ക് രണ്ടോടെ വാതകം മറ്റു ടാങ്കറുകളിലേക്ക് മാറ്റാൻ തുടങ്ങി. ടാങ്കറുകൾ പിടിച്ചെടുക്കാൻ പയ്യന്നൂർ പൊലീസിന് വരെ നിർദേശം നൽകിയിരുന്നു.
നാട്ടുകാരെ ഒഴിപ്പിച്ചു
ടാങ്കറിൽ ചോർച്ചയുണ്ടെന്ന വിവരം അറിഞ്ഞതോടെ അതീവ ജാഗ്രതയിലായി നാട്. ടാങ്കർ നിർത്തിയിട്ട സ്ഥലത്ത് ഈ സമയത്ത് മദ്രസ പ്രവർത്തിക്കുന്നുണ്ടായിരുന്നു. സിവിൽ ഡിഫൻസ് അംഗങ്ങൾ സ്ഥലത്തെത്തി പാചക വാതക ചോർച്ചയുണ്ടെന്ന വിവരമറിയിച്ചു. അപ്പോൾ തന്നെ മദ്രസ നിർത്തി കുട്ടികളെ വിട്ടു. ഈ സമയം സംസ്ഥാന പാത വഴിയുള്ള ഗതാഗതം പൂർണമായി നിർത്തി. വാഹനങ്ങളെ മഡിയൻ വഴിയും പിന്നീട് നഗരത്തിൽ നിന്നു മാവുങ്കാൽ വഴിയും തിരിച്ചു വിട്ടു. ആദ്യം 100 നൂറു മീറ്റർ ചുറ്റളവിലും പിന്നീട് 300 മീറ്റർ ചുറ്റളവിലും ഉള്ളവരെ പൂർണമായി ഒഴിച്ചു. 3 കിലോമീറ്റർ ചുറ്റളവിലേക്ക് ഗ്യാസ് പരക്കുമെന്നതിനാൽ ജാഗ്രത നിർദേശവും നൽകി. ചിത്താരി പള്ളിയിൽ നിന്ന് അനൗൺസ്മെന്റ് നടത്തിയും നാട്ടുകാർക്ക് ജാഗ്രത നിർദേശം നൽകി.
വാൽവിന് തകരാർ റോഡിലെ കുഴിയിൽ വീണപ്പോൾ?
മംഗളൂരുവിൽ നിന്നു പാചക വാതകവുമായി വന്ന ടാങ്കർ കുമ്പളയിൽ എത്തിയപ്പോൾ റോഡിലെ കുഴിയിൽ വീണിരുന്നു. ഈ സമയത്ത് ശബ്ദം കേട്ടതായും ലോറി റോഡരികിൽ നിർത്തി പരിശോധിച്ചിരുന്നുവെന്നും ഡ്രൈവർ നിഷാദ് തിരൂർ പറയുന്നു. മഴവെള്ളം നിറഞ്ഞതിനാൽ കുഴി കണ്ടില്ല. കുഴപ്പമൊന്നും കാണാത്തതിനെ തുടർന്നാണ് യാത്ര തുടർന്നത്. പിന്നീട് ബേക്കലിൽ എത്തിയപ്പോൾ മണം കിട്ടി. ഇവിടെ ലോറി നിർത്തി പരിശോധിച്ചു. അപ്പോൾ മെയിൻ വാൽവിൽ പ്രശ്നമൊന്നും കണ്ടില്ല. റോട്ടോ ഗേജിൽ ചെറിയ ചോർച്ച ശ്രദ്ധയിൽപെട്ടു. ഉടൻ തന്നെ സുഹൃത്തായ ടാങ്കർ ഡ്രൈവറുടെ സഹായം തേടി.
ഇദ്ദേഹം മുൻപിൽ പോയിരുന്നു. ചേറ്റുകുണ്ട് നിർത്താമെന്ന് അദ്ദേഹം പറഞ്ഞു. അവിടെ സ്ഥലമില്ലാത്തതിനാൽ ആണ് ചിത്താരിയിൽ ലോറി നിർത്തിയത്. അവിടെ വച്ചു രണ്ടു പേരും ചേർന്നു പരിശോധിച്ചു. ചോർച്ച അടയ്ക്കാൻ കഴിയില്ലെന്ന് കണ്ടാണ് അഗ്നിരക്ഷാസേനയുടെ സഹായം തേടിയതെന്ന് നിഷാദ് പറയുന്നു. ചോർച്ചയുണ്ടായാൽ വാതകം മാറ്റുകയല്ലാതെ പ്രതിവിധിയില്ലെന്ന് വിദഗ്ധർ പറഞ്ഞു. ചോർച്ച ഒരുപരിധി വരെ മാത്രമേ നിയന്ത്രിക്കാൻ കഴിയുകയുള്ളൂവെന്നും അധികൃതർ വ്യക്തമാക്കി.
ഗതാഗതം താറുമാറായി
ടാങ്കറിൽ നിന്നു വാതക ചോർച്ചയുണ്ടെന്ന വിവരം ലഭിച്ചതോടെ സംസ്ഥാന പാത വഴിയുള്ള ഗതാഗതം പൊലീസ് തടഞ്ഞു. മഡിയനിൽ നിന്നും കാഞ്ഞങ്ങാട് നഗരത്തിൽ നിന്നു വാഹനങ്ങളെ തടഞ്ഞ് വഴി തിരിച്ചു വിട്ടു. രാവിലെ തുടങ്ങിയ ഗതാഗത നിയന്ത്രണം വൈകിട്ട് 6.30 വരെ നീണ്ടു. കാസർകോട് ഭാഗത്തു നിന്നു വന്ന വാഹനങ്ങളെ ചാമുണ്ഡിക്കുന്നിൽ നിന്നും വഴിതിരിച്ചു വിട്ടു.
ചോർച്ച അടയ്ക്കാൻ 65 അംഗ സംഘം
പാചകവാതക ചോർച്ചയെ തുടർന്നു രക്ഷാപ്രവർത്തനത്തിന് അഗ്നിരക്ഷാ സേനയുടെ 65 അംഗ സംഘമാണ് സ്ഥലത്തെത്തിയത്. അഗ്നിരക്ഷാ സേനയുടെ 35 ജീവനക്കാരും കീഴിലുള്ള സിവിൽ ഡിഫൻസിന്റെ 30 അംഗങ്ങളും സംഭവ സ്ഥലത്തേക്ക് കുതിച്ചെത്തി. കാഞ്ഞങ്ങാട്, കാസർകോട്, തൃക്കരിപ്പൂർ അഗ്നിനിലയങ്ങളിൽ നിന്നുള്ളവരാണ് സ്ഥലത്തെത്തിയത്. കണ്ണൂർ റീജൻ ഓഫിസർ പി.രഞ്ജിത്ത്, മോട്ടർ ട്രാൻസ്പോർട്ട് റീജൻ ഓഫിസർ ധനേഷ് കുമാർ, ജില്ലാ ഫയർ ഓഫിസർ ബി.രാജ്, കാഞ്ഞങ്ങാട് സ്റ്റേഷൻ ഓഫിസർ പി.വി.പവിത്രൻ, സിവിൽ ഡിഫൻസ് ജില്ലാ വാർഡൻ പി.പി.പ്രദീപ് കുമാർ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകി കലക്ടറും
ടാങ്കറിൽ പാചക വാതക ചോർച്ചയുണ്ടെന്ന വിവരം അറിഞ്ഞതോടെ കലക്ടറും സംഭവ സ്ഥലത്തെത്തി ആവശ്യമായി നിർദേശങ്ങൾ നൽകി. തഹസിൽദാറും സ്ഥലത്തെത്തി..
നിയന്ത്രണമില്ലാതെ ടാങ്കറുകൾ
കാഞ്ഞങ്ങാട്-കാസർകോട് സംസ്ഥാന പാത വഴി ടാങ്കർ ലോറികളുടെ യാത്ര നിയന്ത്രിക്കണമെന്ന് നാട്ടുകാരുടെ ആവശ്യമുണ്ടായിരുന്നു. ടാങ്കറുകളുടെ നിയന്ത്രണമില്ലാത്ത കടന്നു വരവ് കാഞ്ഞങ്ങാട് നഗരത്തിൽ ഗതാഗതക്കുരുക്കിനും കാരണമാകുന്നു. ഇത് നിയന്ത്രിക്കാൻ പകൽ നേരങ്ങളിൽ വലിയ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. എന്നാൽ കാഞ്ഞങ്ങാട് സൗത്തിൽ നിന്നു മാത്രമാണ് വലിയ വാഹനങ്ങളെ ദേശീയ പാത വഴി കടത്തി വിടുന്നത്. കാസർകോട് ഭാഗത്തു നിന്നു നിയന്ത്രണങ്ങളില്ലാതെ വലിയ വാഹനങ്ങൾ കടന്നു വരികയും ചെയ്യുന്നു. കാലിയായ ടാങ്കറുകളെ ദേശീയപാത വഴി കടത്തി വിടുകയും ഗ്യാസുമായി വരുന്ന ടാങ്കറുകളെ സംസ്ഥാന പാത വഴി വിടുകയും ചെയ്യുന്നതാണ് നിലവിലെ സ്ഥിതി. ഇതിന് മാറ്റം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.