ചിറ്റാരിക്കാലിന്റെ വികസന സ്വപ്നങ്ങൾ; അടിസ്ഥാന വികസനം മുതലുള്ള ആഗ്രഹങ്ങളും ആവശ്യങ്ങളും ഒട്ടേറെ
ചിറ്റാരിക്കാൽ∙ മലയോര കർഷകരുടെ മിന്നിത്തിളങ്ങുന്ന വിയർപ്പുകണമാണ് ചിറ്റാരിക്കാൽ. മലയോര ഹൈവേ കടന്നുപോകുന്ന, ജില്ലയിലെ പ്രധാനപ്പെട്ട കുടിയേറ്റ പട്ടണം. വീതിയേറിയ റോഡുകളും നടപ്പാതയും പാതയോരത്തു സ്ഥാപിച്ച പൂച്ചെടികളുമെല്ലാം ചിറ്റാരിക്കാലിനെ മനോഹരമാക്കുന്നു. കർണാടക, കേരള വനമേഖലകളുടെ സാമീപ്യവും ചുറ്റുമുള്ള
ചിറ്റാരിക്കാൽ∙ മലയോര കർഷകരുടെ മിന്നിത്തിളങ്ങുന്ന വിയർപ്പുകണമാണ് ചിറ്റാരിക്കാൽ. മലയോര ഹൈവേ കടന്നുപോകുന്ന, ജില്ലയിലെ പ്രധാനപ്പെട്ട കുടിയേറ്റ പട്ടണം. വീതിയേറിയ റോഡുകളും നടപ്പാതയും പാതയോരത്തു സ്ഥാപിച്ച പൂച്ചെടികളുമെല്ലാം ചിറ്റാരിക്കാലിനെ മനോഹരമാക്കുന്നു. കർണാടക, കേരള വനമേഖലകളുടെ സാമീപ്യവും ചുറ്റുമുള്ള
ചിറ്റാരിക്കാൽ∙ മലയോര കർഷകരുടെ മിന്നിത്തിളങ്ങുന്ന വിയർപ്പുകണമാണ് ചിറ്റാരിക്കാൽ. മലയോര ഹൈവേ കടന്നുപോകുന്ന, ജില്ലയിലെ പ്രധാനപ്പെട്ട കുടിയേറ്റ പട്ടണം. വീതിയേറിയ റോഡുകളും നടപ്പാതയും പാതയോരത്തു സ്ഥാപിച്ച പൂച്ചെടികളുമെല്ലാം ചിറ്റാരിക്കാലിനെ മനോഹരമാക്കുന്നു. കർണാടക, കേരള വനമേഖലകളുടെ സാമീപ്യവും ചുറ്റുമുള്ള
ചിറ്റാരിക്കാൽ∙ മലയോര കർഷകരുടെ മിന്നിത്തിളങ്ങുന്ന വിയർപ്പുകണമാണ് ചിറ്റാരിക്കാൽ. മലയോര ഹൈവേ കടന്നുപോകുന്ന, ജില്ലയിലെ പ്രധാനപ്പെട്ട കുടിയേറ്റ പട്ടണം. വീതിയേറിയ റോഡുകളും നടപ്പാതയും പാതയോരത്തു സ്ഥാപിച്ച പൂച്ചെടികളുമെല്ലാം ചിറ്റാരിക്കാലിനെ മനോഹരമാക്കുന്നു. കർണാടക, കേരള വനമേഖലകളുടെ സാമീപ്യവും ചുറ്റുമുള്ള മലനിരകളുടെ സൗന്ദര്യവുമാണ് ഈ നാടിനെ കൂടുതൽ ഹരിതാഭമാക്കുന്നത്. പൊനം കൃഷിയിലൂടെയാണ് കുടിയേറ്റക്കാർ മണ്ണിലേക്കിറങ്ങിയത്. കുരുമുളകിലൂടെ സാമ്പത്തിക ഉയർച്ച ലഭിച്ചതോടെ ചിറ്റാരിക്കാൽ എന്ന ചെറുപട്ടണം ജനിച്ചു. കാർഷിക മേഖലയിൽ റബർ മുഖ്യവിളയായി മാറി. കമുകും തെങ്ങും ഇടവിള കൃഷികളുമെല്ലാം കർഷകർ പരീക്ഷിച്ചുവരുന്നു.
കുടിയേറ്റത്തിന്റെ തോമാപുരം
പോയകാലത്ത് ജന്മിമാർ ഉൾപ്പെടെയുള്ളവർ നെല്ല് സൂക്ഷിച്ചിരുന്നത് ചിറ്റാരിയിലായിരുന്നു. ചിറ്റാരി എന്ന വാക്കിൽനിന്നാണ് ഈ നാടിനു ചിറ്റാരിക്കാൽ എന്ന പേരുണ്ടായത്. മദ്രാസ് പ്രവിശ്യയുടെ ആസ്ഥാനമായ മംഗളൂരുവിന് കീഴിൽ, ദക്ഷിണ കന്നഡ ജില്ലയുടെ ഭാഗമായിരുന്നു ഈ നാട്. ഭാഷാ അടിസ്ഥാനത്തിൽ കേരള സംസ്ഥാനം രൂപീകരിച്ചതോടെ ചിറ്റാരിക്കാൽ ഉൾപ്പെടെയുള്ള പ്രദേശങ്ങൾ കണ്ണൂർ ജില്ലയുടെ ഭാഗമായി. പിന്നീട് കാസർകോട് ജില്ല രൂപീകരിച്ചതോടെ ജില്ലയ്ക്കൊപ്പം ചേർന്നു.
1945 കളിലാണ് ചിറ്റാരിക്കാലിലേക്ക് കുടിയേറ്റം ആരംഭിച്ചത്. കോട്ടയം ഉൾപ്പെടെയുള്ള തെക്കൻ ജില്ലകളിൽനിന്നുള്ള ക്രിസ്ത്യൻ കർഷകരുടെ കുടിയേറ്റത്തോടെയാണ് ചിറ്റാരിക്കാൽ ഉൾപ്പെടെയുള്ള മലയോര ഗ്രാമങ്ങളുടെ വികസനം കൂടുതൽ സാധ്യമായത്. കുടിയേറ്റത്തെത്തുടർന്ന് സെന്റ് തോമസിന്റെ നാമധേയത്തിലുള്ള ദേവാലയവും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇവിടെ സ്ഥാപിച്ചതോടെ ഇവിടം തോമാപുരം എന്നും അറിയപ്പെട്ടുതുടങ്ങി. 1949 ജൂൺ 30ന് ആരംഭിച്ച സെന്റ് തോമസ് ലോവർ പ്രൈമറി സ്കൂളാണ് ചിറ്റാരിക്കലിലെ ആദ്യ വിദ്യാഭ്യാസ സ്ഥാപനം. 1960 ജൂലൈ 4ന് ഇത് ഹൈസ്കൂളായി മാറി. ടൗണിൽത്തന്നെ തോമാപുരം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളും സെന്റ് മേരീസ് ഇംഗ്ലിഷ് മീഡിയം ഹൈസ്കൂളും പ്രവർത്തിച്ചുവരുന്നു. പ്രധാന ആരാധന കേന്ദ്രങ്ങളായ തോമാപുരം സെന്റ് തോമസ് ഫൊറോന ദേവാലയം, ചിറ്റാരിക്കാൽ കിഴക്കൻകാവ് കിരാതേശ്വര ധർമശാസ്താ ക്ഷേത്രം എന്നീ ദേവാലയങ്ങളും ടൗണിനോടു ചേർന്നുള്ളതാണ്.
മലയോരത്തിന്റെ ഭരണ സിരാകേന്ദ്രം
ചിറ്റാരിക്കാൽ ടൗണിലാണ് ഈസ്റ്റ് എളേരി പഞ്ചായത്ത് കാര്യാലയം പ്രവർത്തിക്കുന്നത്. പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ ബസ് സ്റ്റാൻഡും ഷോപ്പിങ് കോംപ്ലക്സും ഇവിടെ നിർമിച്ചിട്ടുണ്ട്. ടൗണിനോടു ചേർന്നാണ് പഞ്ചായത്ത് ഓഫിസ് കെട്ടിടവുമുള്ളത്. വില്ലേജ് ഓഫിസ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫിസ്, പൊലീസ് സ്റ്റേഷൻ, കെഎസ്എഫ്ഇ, ഷെഡ്യൂൾഡ്–സഹകരണ ബാങ്കുകൾ ഉൾപ്പെടെ പത്തിലധികം ധനകാര്യ സ്ഥാപനങ്ങൾ, കൃഷിഭവൻ, സ്മാർട് അങ്കണവാടി തുടങ്ങിയവയെല്ലാം പ്രവർത്തിക്കുന്നതും ഈ ടൗണിനോടു ചേർന്നുതന്നെയാണ്. ടൗണിലെത്തുന്ന യാത്രക്കാർക്കും മറ്റും ഏറെ പ്രയോജനപ്പെടും വിധത്തിൽ ബസ് സ്റ്റാൻഡിനു സമീപം മികച്ച നിലയിൽ ശുചിമുറി സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
അനിവാര്യമാണ് വിശ്രമകേന്ദ്രങ്ങൾ
പഞ്ചായത്തും ശുചിത്വ മിഷനും ചേർന്ന് കടുമേനി ടൗണിൽ ടേക്ക് എ ബ്രേക്ക് സംവിധാനമൊരുക്കിയിട്ടുണ്ടെങ്കിലും മലയോരത്തെ പ്രധാന ടൗണായ ചിറ്റാരിക്കാലിൽ ഇത്തരം വിശ്രമകേന്ദ്രങ്ങളില്ലാത്തത് സ്ത്രീകളുൾപ്പെടെയുള്ള യാത്രക്കാർക്ക് ബുദ്ധിമുട്ടാകുന്നുണ്ട്. ഇതോടൊപ്പം വയോജനങ്ങൾക്കു വേണ്ടിയും വിശ്രമകേന്ദ്രം നിർമിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. മലയോര മേഖലയിലെ ടൂറിസം സാധ്യതകളിൽ ഇടത്താവളമായി മാറാനും ചിറ്റാരിക്കാലിന് സാധിക്കും. മലയോര ഹൈവേയിൽ തിരക്ക് വർധിക്കുന്നതിന് അനുസരിച്ച്, വശങ്ങളിൽ വിശ്രമകേന്ദ്രങ്ങൾ വരുന്നത് സഞ്ചാരികളെ ടൗണുമായി ബന്ധിപ്പിക്കുന്നതിൽ നിർണായകമാണ്.
കിടപ്പാകാതിരിക്കാൻ കിടത്തിച്ചികിത്സ വേണം
ചിറ്റാരിക്കാൽ ടൗണിനു സമീപം തന്നെയുള്ള ഇരുപത്തിയഞ്ചിലാണ് കുടുംബാരോഗ്യകേന്ദ്രം പ്രവർത്തിക്കുന്നത്. കിടത്തി ചികിത്സ ഇല്ലാത്തതാണ് ഇവിടുത്തെ പ്രധാന പോരായ്മ. മലയോരത്തെ പിന്നാക്ക–പട്ടികവർഗ കുടുംബങ്ങളിൽനിന്നുൾപ്പെടെ ഈസ്റ്റ് എളേരിയിലേയും സമീപ പഞ്ചായത്തുകളിലെയും ഒട്ടേറെ സാധാരണക്കാർ ചികിത്സയ്ക്കായി ആശ്രയിക്കുന്നതും ചിറ്റാരിക്കാലിലെ ഈ ആശുപത്രിയെയാണ്. മെഡിക്കൽ ഓഫിസർ ഉൾപ്പെടെ 4 ഡോക്ടർമാരുടെ സേവനം ലഭ്യമാണ്. ജീവനക്കാരിൽ ഒരു സ്റ്റാഫ് നഴ്സിന്റെ കുറവ് മാത്രമാണുള്ളത്. വൈകിട്ട് 5 മണിവരെയാണ് ഇവിടെ ഒപി പ്രവർത്തിപ്പിക്കുന്നത്. കാസർകോട് വികസന പാക്കേജിലുൾപ്പെടുത്തി ഇവിടെ 3.45 കോടി രൂപ ചെലവിൽ നിർമിക്കുന്ന പുതിയ ആശുപത്രി കെട്ടിടത്തിന്റെ പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്.
ഹരിതം ശുചിത്വം
പഞ്ചായത്തിലെ ഹരിതകർമ സേനയുടെ നേതൃത്വത്തിലാണ് ടൗണിലും പരിസരങ്ങളിലും ശുചിത്വം ഉറപ്പാക്കുന്നത്. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് ടൗണിൽ ശുചീകരണത്തിനായി പ്രത്യേക സംവിധാനമൊരുക്കാൻ പദ്ധതി തയ്യാറാക്കിയിരുന്നെങ്കിലും അത് ഫലം കണ്ടില്ല. സമീപ ഗ്രാമമായ കടുമേനിയിലാണ് മാലിന്യ സംസ്കരണ യൂണിറ്റുള്ളത്. പഞ്ചായത്തിന്റെ നിയന്ത്രണത്തിൽ ആധുനിക നിലവാരത്തിലുള്ള പൊതുശ്മശാനവും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.
കൃഷി കരിഞ്ഞാൽ അങ്ങാടിയിലറിയാം
ടൗണിലെ വ്യാപാര മേഖല പ്രധാനമായും ആശ്രയിക്കുന്നത് കാർഷിക മേഖലയെത്തന്നെയാണ്. കാലാവസ്ഥ വ്യതിയാനം, കനത്തമഴ, രോഗങ്ങൾ, വിലത്തകർച്ച തുടങ്ങിയ പ്രശ്നങ്ങൾ കാർഷിക മേഖലയെ ബാധിക്കുമ്പോൾ, ഇത് ആദ്യം പ്രകടമാകുന്നതും ചിറ്റാരിക്കാൽ ഉൾപ്പെടെയുള്ള മലയോര ടൗണുകളിലെ വ്യാപാര സ്ഥാപനങ്ങളിലാണ്. റബറാണ് ഇവിടെ പ്രധാന വിള. കമുക്, തെങ്ങ്, കുരുമുളക് എന്നിവയെല്ലാം കർഷകർ കൃഷി ചെയ്യുന്നുണ്ട്. കാർഷികോൽപാദനം വർധിക്കുകയും ഉൽപന്നങ്ങൾക്ക് വിലസ്ഥിരത ഉണ്ടാവുകയും ചെയ്താൽ ടൗണിലെ വ്യാപാരവും മെച്ചപ്പെടും.
വാഹനമെവിടെ നിർത്തും?
ടൗണിലെത്തുന്ന വാഹനങ്ങൾക്ക് പാർക്കിങ് സൗകര്യമില്ല എന്നതാണ് ചിറ്റാരിക്കാൽ ടൗൺ നേരിടുന്ന പ്രധാന പ്രശ്നം. വൈസ്മെൻ ഇന്റർനാഷനൽ, വോയ്സ് ഓഫ് ചിറ്റാരിക്കാൽ വാട്സാപ് ഗ്രൂപ്പ് എന്നിവയുടെ നേതൃത്വത്തിൽ വ്യാപാരികളുടെ സഹകരണത്തോടെ ടൗൺ മനോഹരമാക്കാൻ പാതയോരത്ത് വച്ചുപിടിപ്പിച്ച പൂച്ചെടികളിൽ പലതും സംരക്ഷണമില്ലാതെ നശിക്കുകയാണ്. ഇതു പരിപാലിക്കുകയും കൂടുതൽ ചെടികൾ വച്ചുപിടിപ്പിക്കുകയും ചെയ്താൽ ടൗൺ കൂടുതൽ മനോഹരമാകും. നേരത്തെ വിഇഒ ഓഫിസ് പ്രവർത്തിച്ചിരുന്ന ചിറ്റാരിക്കാൽ ടൗണിനു സമീപത്തെ സർക്കാർ ഭൂമിയിൽ പൊതുമരാമത്ത് റെസ്റ്റ് ഹൗസ് ഉൾപ്പെടെയുള്ള സർക്കാർ സ്ഥാപനങ്ങൾ സ്ഥാപിച്ചാൽ അതു ടൗൺ വികസനത്തിനു മുതൽക്കൂട്ടാവും. മലയോരത്തേക്കെത്തുന്ന വിനോദ സഞ്ചാരികൾക്ക് കുറഞ്ഞ ചെലവിൽ താമസ സൗകര്യമൊരുക്കാനും ഇതിലൂടെ കഴിയും.
ചിറ്റാരിക്കാലിന് ദാഹം
വർഷങ്ങളുടെ പഴക്കമുള്ള ടൗണിലെ ശുദ്ധജല പദ്ധതി, ജലനിധി പദ്ധതി നടപ്പാക്കുന്ന പശ്ചാത്തലത്തിൽ ഇവിടെ ഉപേക്ഷിച്ചിരുന്നു. എന്നാൽ ജലനിധിയും പിന്നീട് ജലജീവൻ മിഷനും ജലവിതരണത്തിനു പദ്ധതി തയാറാക്കിയിട്ടും ടൗണിൽ ഇപ്പോഴും ജലക്ഷാമമാണ്. ബസ് സ്റ്റാൻഡിനു സമീപത്തെ ശുദ്ധജല സ്രോതസ്സ് ഉപയോഗപ്പെടുത്തി ഇവിടെ ശുദ്ധജല വിതരണത്തിനായി പ്രത്യേക പദ്ധതി തയാറാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ജലനിധി പദ്ധതിയിലുൾപ്പെടുത്തി പഞ്ചായത്തിൽ മുഴുവനായും ശുദ്ധജലം വിതരണം ചെയ്യാനുള്ള നടപടികൾ നേരത്തെ തുടങ്ങിയിരുന്നെങ്കിലും ഇതു പൂർത്തിയായിട്ടില്ല. ഇപ്പോൾ ജലജീവൻ മിഷന്റെ നേതൃത്വത്തിലാണ് പദ്ധതി നടന്നുവരുന്നത്. റോഡ് നിർമാണത്തിന്റെയും മറ്റും ഭാഗമായി പൈപ്പ് ലൈനുകൾ മാറ്റിയതിനാൽ ടൗണിലും സമീപ ഗ്രാമങ്ങളിലും ഏറെനാളുകളായി ശുദ്ധജലം മുടങ്ങിക്കിടക്കുകയാണ്. ശുദ്ധജല പ്രശ്നം പരിഹരിക്കാനുള്ള നടപടികളും വേഗത്തിലാക്കണം.
തെരുവുവിളക്കുകൾ തെളിയാനുള്ളതല്ലേ?
ടൗണിലും പരിസരങ്ങളിലുമായി ഒട്ടേറെ ഹൈമാസ്റ്റ് വിളക്കുകളുണ്ടെങ്കിലും ഇവയിൽ പലതും പ്രവർത്തിക്കുന്നില്ല. പലപ്പോഴും അറ്റകുറ്റപ്പണികൾ നടത്തിയാലും ദിവസങ്ങൾക്കുള്ളിൽ പ്രവർത്തനരഹിതമാവുകയാണ് പതിവ്. മലയോര ഹൈവേയുടെ ഭാഗമായി റോഡരികിൽ സ്ഥാപിച്ചിരിക്കുന്ന സോളർ വിളക്കുകളിലും പലതും പ്രകാശിക്കുന്നില്ല. ദീർഘദൂര ബസുകളിൽ ഉൾപ്പെടെ യാത്രചെയ്തു രാത്രികാലങ്ങളിൽ ടൗണിലേക്കെത്തുന്ന യാത്രക്കാർക്കും ബസ് കാത്തുനിൽക്കുന്നവർക്കുമെല്ലാം തെരുവു വിളക്കുകൾ ഏറെ ഉപകാരപ്രദമാണ്.
കായിക മികവുണ്ട് ;കളിക്കളമെവിടെ?
ചിറ്റാരിക്കാൽ ഉൾപ്പെടെയുള്ള മലയോര ഗ്രാമങ്ങളിൽനിന്ന് ഒട്ടേറെ കായിക താരങ്ങൾ ദേശീയ, രാജ്യാന്തര മത്സരങ്ങളിൽ വിജയകിരീടം ചൂടിയവരാണ്. എന്നാൽ കായിക താരങ്ങൾക്കു പരിശീലനത്തിനായി കളിസ്ഥലമില്ലാത്തത് ഇവിടെ പ്രധാന പ്രശ്നമാണ്. സ്ഥലമെടുപ്പ് ഉൾപ്പെടെ ഇതിനായുള്ള ആലോചനകൾ കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് നടത്തിയിരുന്നെങ്കിലും അതും ഫലം കണ്ടില്ല. തോമാപുരം അടക്കമുള്ള സ്കൂളുകളിലെ കുട്ടികളുടെ കായികമികവ് തുടർന്നുകൊണ്ടുപോകാൻ ഇത് സഹായകരമാകും.
ഇഴഞ്ഞിഴഞ്ഞ് ടൗൺ റോഡ്
നൂറുകോടി രൂപ ചെലവിൽ പൂർത്തിയാക്കുന്ന ചെറുവത്തൂർ–ചീമേനി–ഓടക്കൊല്ലി–ഭീമനടി റോഡിന്റെ ഭാഗമായ ചിറ്റാരിക്കാൽ ടൗൺ ജംക് ഷൻ മുതൽ തോമാപുരം ഫൊറോനാ ദേവാലയത്തിന്റെ മുൻവശം വരെയുള്ള ഭാഗത്തെ റോഡ് നിർമാണം ആരംഭിച്ച് മാസങ്ങൾ പിന്നിട്ടിട്ടും ഇതു പൂർത്തിയാക്കിയിട്ടില്ല. മഴക്കാലത്ത് ഇതുവഴി കാൽനടയാത്രപോലും സാധ്യമാകാതിരുന്നതിനാൽ ഈ ഭാഗത്തെ വ്യാപാര സ്ഥാപനങ്ങൾക്കും വലിയ തിരിച്ചടിയുണ്ടായി. മഴ മാറിയിട്ടും റോഡ് പണിക്ക് വേഗം കൂടിയില്ലെന്ന ആക്ഷേപം നിലനിൽക്കുന്നുണ്ട്.