ആദ്യ പരിസ്ഥിതി ക്യാംപുമായി കോട്ടഞ്ചേരി വനവിദ്യാലയം
Mail This Article
കൊന്നക്കാട് ∙ കോട്ടഞ്ചേരി വനവിദ്യാലയത്തിലെ ആദ്യ പരിസ്ഥിതി ക്യാംപിനു തുടക്കമായി. ജില്ലയിലെ ദേശീയ ഹരിതസേനയിലെ 50 കുട്ടികളാണ് ആദ്യ ക്യാംപിൽ പങ്കെടുക്കുന്നത്. ക്യാംപിന്റെ ഭാഗമായി ഇന്നു രാവിലെ കോട്ടഞ്ചേരി വനത്തിലേക്ക് പഠനയാത്രയും നടത്തും.പരിസ്ഥിതി പ്രവർത്തകരായ ടി.പി.പത്മനാഭൻ, ആനന്ദ് പേക്കടം തുടങ്ങിയവരാണ് ആദ്യ ദിനത്തിൽ ക്ലാസ് നയിച്ചത്. ക്യാംപ് നാളെ സമാപിക്കും.പരിസ്ഥിതി സംഘടനയായ സീക്കിന്റെ പഠന സഹവാസ ക്യാംപുകൾക്കായി കോട്ടഞ്ചേരി മലയുടെ താഴ്‌വരയിലെ മുട്ടോംകടവിലാണ് വനവിദ്യാലയം സ്ഥാപിച്ചിട്ടുള്ളത്.
പ്രകൃതി വിദ്യാഭ്യാസത്തിനു തുടക്കം കുറിച്ച് 1977 ഡിസംബറിൽ ഏഴിമലയിലും, 1978 ഏപ്രിലിൽ പ്ലാച്ചിക്കര വനത്തിലും നടത്തിയ ക്യാംപുകളുടെ തുടർച്ചയായായി 1978ൽ സീക്ക് നേതൃത്വത്തിൽ 31 വർഷത്തോളം കോട്ടഞ്ചേരി വനത്തിൽ നടന്ന പ്രകൃതി പഠന സഹവാസത്തിന്റെ തുടർച്ചയായിട്ടാണ് ഇപ്പോൾ വനവിദ്യാലയത്തിന്റെ നേതൃത്വത്തിൽ ക്യാംപുകൾ പുനരാരംഭിച്ചിരിക്കുന്നത്. ഒരേ സമയം 60 പേർക്ക് താമസിച്ചു പരിസ്ഥിതി സഹവാസ ക്യാംപുകൾ നടത്താൻ കഴിയും വിധത്തിലാണ് വനവിദ്യാലയം ഒരുക്കിയിട്ടുള്ളത്.