പണി തീരാതെ മുജംഗാവിലെ കലാക്ഷേത്രം
Mail This Article
കുമ്പള ∙ തുളുനാടിന്റെ യക്ഷഗാന കുലപതി പാർഥിസുബ്ബന്റെ സ്മരണയ്ക്ക് മുജങ്കാവിൽ 14 വർഷം മുൻപ് നിർമാണം ആരംഭിച്ച കലാക്ഷേത്രം പാതിവഴിയിൽ ഉപേക്ഷിച്ച നിലയിൽ.യക്ഷഗാന കലാരൂപത്തെ വരും തലമുറയ്ക്ക് ഉൾപ്പെടെ പരിചയപ്പെടുത്താനുള്ള പഠന പരിശീലന കേന്ദ്രമായിരുന്നു പദ്ധതിയിൽ ലക്ഷ്യമിട്ടിരുന്നത്.കലാ കേന്ദ്രത്തിന്റെ നിർമാണം നടന്നുവരുമ്പോൾ കലാകാരന്മാർ ഇവിടെ ഒട്ടേറെ യക്ഷഗാന പരിപാടികൾ അവതരിപ്പിച്ചിരുന്നു. അന്നുണ്ടായ ആവേശം പിന്നീട് നിലച്ചു. പാർഥിസുബ്ബന്റെ സ്മരണ മാത്രമല്ല യക്ഷഗാനകല സംരക്ഷണത്തിനും കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയായിരുന്നു കേന്ദ്രം ഉദ്ദേശിച്ചത്.
2024-25 ലെ സർക്കാർ ബജറ്റിൽ പദ്ധതിക്ക് ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നു പറഞ്ഞുകേട്ടിരുന്നു. എന്നാൽ ഇതുവരെ തുടർനടപടികൾ ഉണ്ടായില്ലെന്നാണ് പരാതി.ലക്ഷങ്ങൾ ചെലവഴിച്ചു നിർമിച്ച കെട്ടിടം ഇപ്പോൾ നശിച്ചു കൊണ്ടിരിക്കുന്നു. രാത്രിയായാൽ കെട്ടിടത്തിനകത്ത് സാമൂഹിക വിരുദ്ധരുടെ താവളമാണെന്ന് ആക്ഷേപമുണ്ട്.കെട്ടിടത്തിനകത്ത് മദ്യക്കുപ്പികൾ വലിച്ചെറിഞ്ഞ നിലയിലാണ്. മദ്യലഹരിയിൽ കെട്ടിടത്തിന്റെ ഓടുകളൊക്കെ എറിഞ്ഞു പൊളിച്ചിട്ടുണ്ട്. മേൽക്കൂര അപകടമാംവിധം തകർച്ചയെ നേരിടുന്നു. പണി നിലച്ച കെട്ടിടം കാടുമൂടിക്കിടക്കുന്നു.