കണ്ണീർമഴയത്ത് ചിരിയുടെ കുടവിരിച്ച് വർഷയും ശിവാനിയും; അമ്മയുടെ ശിക്ഷണത്തിൽ നേടിയ വിജയം അച്ഛന് സമർപ്പിച്ച് മക്കൾ
പരിമിതികൾ തോറ്റു; മൂന്നിനങ്ങളിൽ സച്ചു പരിമിതികൾക്കിടെ പൊരുതി നേടിയ വിജയമാണ് തോമാപുരം സെന്റ് തോമസ് എച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാർഥി സച്ചു സതീഷിന്റേത്. ഹൈസ്കൂൾ വിഭാഗം കുച്ചിപ്പുഡി, ഭരതനാട്യം, കേരളനടനം ഇനങ്ങളിൽ മത്സരിച്ചാണ് സച്ചു ഹാട്രിക് നേട്ടം കൈവരിച്ചത്. കടുമേനി പട്ടികവർഗ ഉന്നതിയിലെ
പരിമിതികൾ തോറ്റു; മൂന്നിനങ്ങളിൽ സച്ചു പരിമിതികൾക്കിടെ പൊരുതി നേടിയ വിജയമാണ് തോമാപുരം സെന്റ് തോമസ് എച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാർഥി സച്ചു സതീഷിന്റേത്. ഹൈസ്കൂൾ വിഭാഗം കുച്ചിപ്പുഡി, ഭരതനാട്യം, കേരളനടനം ഇനങ്ങളിൽ മത്സരിച്ചാണ് സച്ചു ഹാട്രിക് നേട്ടം കൈവരിച്ചത്. കടുമേനി പട്ടികവർഗ ഉന്നതിയിലെ
പരിമിതികൾ തോറ്റു; മൂന്നിനങ്ങളിൽ സച്ചു പരിമിതികൾക്കിടെ പൊരുതി നേടിയ വിജയമാണ് തോമാപുരം സെന്റ് തോമസ് എച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാർഥി സച്ചു സതീഷിന്റേത്. ഹൈസ്കൂൾ വിഭാഗം കുച്ചിപ്പുഡി, ഭരതനാട്യം, കേരളനടനം ഇനങ്ങളിൽ മത്സരിച്ചാണ് സച്ചു ഹാട്രിക് നേട്ടം കൈവരിച്ചത്. കടുമേനി പട്ടികവർഗ ഉന്നതിയിലെ
ഉദിനൂർ ∙ വർഷയുടെയും ശിവാനിയുടെയും മിമിക്രി കേട്ട് സദസ്സു പൊട്ടിച്ചിരിക്കുമ്പോൾ ഒരാൾ മാത്രം നെഞ്ചിടിപ്പോടെ ഇരിക്കുകയായിരുന്നു. മിമിക്രിയിൽ ഇവരുടെയും ഗുരുനാഥകൂടിയായ അമ്മ സരിത. രണ്ടുപേർക്കും ഒന്നാം സ്ഥാനം ലഭിച്ചപ്പോൾ ഏറ്റവും സന്തോഷിച്ചതും ആ അമ്മ മനസ്സാണ്. ഹയർസെക്കൻഡറി വിഭാഗം മിമിക്രിയിൽ പി.കെ.വർഷയും ഹൈസ്കൂൾ വിഭാഗത്തിൽ പി.കെ.ശിവാനിയും നേട്ടം കൊയ്തപ്പോൾ അതു മിമിക്രി കലാകാരിയായ അമ്മ മുളിയാർ മല്ലത്തെ സരിതയുടെകൂടി വിജയമായി.
വർഷ ബോവിക്കാനം ബിഎആർ ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയും ശിവാനി ഇരിയണ്ണി ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയുമാണ്. അമ്മയുടെ അനുകരണം കേട്ടാണ് ഇവർ വളർന്നത്. കുടുംബശ്രീ സംസ്ഥാന കലോത്സവത്തിൽ 5 തവണയായി ജേതാവാണ് സരിത.
മൂന്നര വയസ്സുള്ള അനുജത്തി നയോമികയും ഇപ്പോഴേ തീവണ്ടിയുടെയും കുപ്പിയിൽ വെള്ളം വീഴുന്നതിന്റെയും ശബ്ദമുണ്ടാക്കി സഹോദരിമാരുടെ പിന്നാലെയുണ്ട്. തിളങ്ങുന്ന വിജയത്തിനിടയിലും അതു കാണാൻ അച്ഛനില്ലല്ലോ എന്ന നൊമ്പരമാണ് രണ്ടുപേർക്കും. അച്ഛൻ കെ.ശിവൻ കഴിഞ്ഞ ജൂലൈയിലാണ് ഹൃദയാഘാതം മൂലം വിടപറഞ്ഞത്. ഈ വിജയം അച്ഛനാണ് ഇവർ സമർപ്പിക്കുന്നതും.
ആറാം തമ്പുരാൻ മഹിപാൽ
ദുർഗയുടെ കുതിപ്പിൽ ആറാം തമ്പുരാനായി കെ.മഹിപാൽ. ഹൈസ്കൂൾ വിഭാഗം ലളിതഗാനം, സംസ്കൃത ഗാനാലാപനം, അഷ്ടപദി, കഥകളിസംഗീതം എന്നിവയിലും ഗ്രൂപ്പ് ഇനങ്ങളായ ദേശഭക്തി ഗാനം, ഉറുദു സംഘഗാനം എന്നിവയിൽ ടീമിനെ നയിച്ചും സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടി. കാഞ്ഞങ്ങാട് ദുർഗ എച്ച്എസ്എസിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ്. നാലാം വയസ്സിൽ സംഗീതപഠനം തുടങ്ങിയതാണ് മഹിപാൽ. കാഞ്ഞങ്ങാട് സ്വദേശി പി.ദിവാകരൻ നായരുടെയും കെ.സൗമ്യയുടെയും മകൻ.
കഥാപ്രസംഗത്തിൽ വൈഗ എസ്.മധു
മോഹിച്ച പെണ്ണിനെ സ്വന്തമാക്കാൻ സ്വന്തം ഭാര്യയുടെ മുഖത്ത് ആസിഡ് കുടഞ്ഞ ക്രൂരനായ ഭർത്താവിന്റെ കഥ പറഞ്ഞ് ഹൈസ്കൂൾ വിഭാഗം കഥാപ്രസംഗത്തിൽ ഒന്നാമതായി പിലിക്കോട് ഗവ. ഹയർസെക്കൻഡറി സ്കൂളിലെ വൈഗ എസ്.മധു. അക്രമത്തിൽ തളരാതെ ന്യൂയോർക്ക് നഗരത്തിൽ ഫാഷൻ പരേഡിൽ പങ്കെടുത്ത ഭർതൃമതിയായ രേഷ്മയുടെ കഥയാണ് വൈഗ മനോഹരമാക്കിയത്.
തൃക്കരിപ്പൂരിൽ ഒന്നിറങ്ങട്ടെ
കലോത്സവത്തിന് എത്തുന്ന കുട്ടികൾക്കും കലാപ്രേമികൾക്കുമായി തൃക്കരിപ്പൂർ സ്റ്റേഷനിൽ ട്രെയിനുകൾക്ക് രാവിലെ സ്റ്റോപ് അനുവദിച്ചെങ്കിലും ഇറങ്ങുന്നതിന് മുൻപുതന്നെ ട്രെയിൻ മുന്നോട്ടെടുക്കുന്നതായി പരാതി. നൂറുകണക്കിന് വിദ്യാർഥികളാണ് ഏറനാട് എക്സ്പ്രസ് അടക്കമുള്ള ട്രെയിനുകളെ ആശ്രയിക്കുന്നത്. ഏറനാടിന് ഒരു മിനിറ്റ് മാത്രമാണ് അനുവദിച്ചിരിക്കുന്നത്. കുട്ടികൾ കലോത്സവ സാമഗ്രികളുമായി ഇറങ്ങാനെത്തുമ്പോഴേക്കും ട്രെയിൻ നീങ്ങുകയാണെന്ന് രക്ഷിതാക്കളും പ്രദേശവാസികളും പറയുന്നു. സുരക്ഷിതമായി ഇറങ്ങാനും കയാറാനും സൗകര്യം ഒരുക്കണമെന്നാണ് ആവശ്യം.
സയിന്റെ നേട്ടം എടനീർ ഗ്രാമത്തിന്റെയും സ്വപ്നം
അഞ്ചാം ക്ലാസുകാരൻ സയിൻ യുപി വിഭാഗം അറബിക് ഗാനാലാപനത്തിൽ നേടിയ ഒന്നാം സ്ഥാനം എടനീർ എന്ന നാടിന്റെ സ്വപ്നമാണ്. വർഷങ്ങൾക്കു ശേഷമാണ് ജിഎച്ച്എസ്എസ് എടനീരിൽ നിന്നൊരാൾ ജില്ലാ കലോത്സവത്തിൽ വ്യക്തിഗത ഇനത്തിൽ ഒന്നാമതെത്തുന്നത്. കഴിഞ്ഞ തവണ തിരുവാതിര ടീം ജില്ലാ തലത്തിൽ മത്സരിച്ചതാണ് ഓർത്തിരിക്കുന്ന മികച്ച പ്രകടനം. പി.എ.സാലിം– നൗഷിന ദമ്പതികളുടെ മകനാണ്.
അച്ഛന്റെ വഴിയേ ദേവസൂര്യ
എ.ആർ.ദേവസൂര്യയെ നൃത്തകലയിലേക്ക് കൈപിടിച്ചു നടത്തിയതിൽ നൃത്താധ്യാപകനായ പിതാവ് കെ.രാധാകൃഷ്ണന് അഭിമാനിക്കാം. ഹൈസ്കൂൾ വിഭാഗം നാടോടിനൃത്തത്തിൽ സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടിയാണ് മകൻ അച്ഛനു ഗുരുദക്ഷിണയേകിയത്. ഭരതനാട്യത്തിലും എ ഗ്രേഡ് നേടി. അമ്മ ടി.വി.മോഹിനി. സഹോദരൻ ശിവസൂര്യ. ചീമേനി ഗവ. എച്ച്എസ്എസ് പത്താം ക്ലാസ് വിദ്യാർഥിയാണ് ദേവസൂര്യ.
ഒന്നിച്ചൊരുങ്ങി; യക്ഷഗാനത്തിൽ വേറിട്ട മാതൃക
വേദിയിൽ കയറുന്നതിന് മുൻപ് ഗണപതിയെ സ്തുതിച്ച് ഒരുമിച്ച് പൂജ. തട്ടകത്തിൻ എത്തിയാൽ മുന്നിൽ മത്സരം മാത്രം. ഹൈസ്കൂൾ വിഭാഗം യക്ഷഗാന മത്സരത്തിൽ പങ്കെടുക്കാനെത്തിയ മൂന്ന് ടീമുകളുടെയും വരവ് ഇങ്ങനെയായിരുന്നു.കർണാടകയോടു ചേർന്ന് കിടക്കുന്ന ധർമത്തടുക്ക, കുഡ്ലു, കാട്ട്കുക്കെ എന്നിവിടങ്ങളിലെ 3 സ്കൂളുകളിൽ നിന്നുള്ള മത്സരാർഥികളാണ് ഒരുമിച്ച് മത്സരിക്കാനെത്തിയത്. മേക്കപ്പിനും വസ്ത്രങ്ങളുടെ വാടകയ്ക്കും തുക ഏറെ വേണം. പാവപ്പെട്ട കുടുംബങ്ങളിൽ നിന്ന് വരുന്ന കുട്ടികൾക്ക് ഇത് താങ്ങാൻ കഴിയില്ല. ഇതു മറികടക്കാനാണ് മൂന്ന് വിദ്യാലയങ്ങളിലെയും മത്സരാർഥികൾ ഒരുമിച്ച് മേക്കപ്പും വസ്ത്രങ്ങളും ഏർപ്പാടാക്കിയത്. മേക്കപ്പിനായി ഒരുമിച്ചിരുന്നു. പിന്നെ പൂജയും നടത്തി മത്സരിക്കാൻ വേദിയിൽ കയറി.
മംഗലംകളി ഇന്ന് അരങ്ങിൽ; ജില്ലയ്ക്ക് അഭിമാനം
ജില്ലാ കലോത്സവ വേദിയിൽ ചരിത്രത്തിലാദ്യമായി ഇന്ന് ജില്ലയുടെ തനത് കലയായ മംഗലംകളി ഉൾപ്പെടെ 5 ഗോത്രകലകൾ അരങ്ങിലെത്തുമ്പോൾ ജില്ലയ്ക്ക് അഭിമാനിക്കാനേറെ. ഗോത്രകലകൾക്ക് കലോത്സവ വേദികളിലേക്ക് മാർഗമൊരുക്കിയത് കാസർകോടിന്റെ സ്വന്തം മംഗലംകളിയും പരവനടുക്കത്തെ എംആർഎസ് ഫോർ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥിനികളുമാണ്. വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയുടെ ക്ഷണപ്രകാരം കഴിഞ്ഞ വർഷം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പ്രദർശന ഇനമായി മംഗലംകളി അവതരിപ്പിച്ചിരുന്നു. കെ.രാജീവ്, ഇ.കെ.രാജു എന്നിവരായിരുന്നു പരിശീലകർ. പിന്നീട് സാംസ്കാരിക പരിപാടികളിലും ഘോഷയാത്രകളിലും അവതരിപ്പിക്കാൻ തുടങ്ങി. മംഗലംകളി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കലോത്സവ മത്സരയിനമാക്കണമെന്ന് ജനപ്രതിനിധികളും സംഘടനകളും ആവശ്യപ്പെട്ടിരുന്നു.
മംഗലംകളി
മാവില ആദിവാസി സമൂഹത്തിന്റെ കല്യാണത്തലേന്നുള്ള ആചാര നൃത്തമാണ് മംഗലംകളി. ജില്ലയിൽ മാവിലൻ, മലവേട്ടുവ സമുദായങ്ങളാണ് മംഗലംകളി അവതരിപ്പിച്ചു വരുന്നത്. തുളുഭാഷയിലെ വരികളോടെ തുടി താളത്തിനൊപ്പം പാളത്തൊപ്പിയും മുണ്ടും കുപ്പായവും തോർത്തും ധരിച്ച് പെൺകുട്ടികളാണ് മംഗലംകളി അവതരിപ്പിക്കുന്നത്.
മുണ്ടക്കൈയിലെ ആനക്കഥ ഒന്നാമത്
വയനാട്ടിലെ മുണ്ടക്കൈ ദുരന്തത്തിൽ രക്ഷപ്പെട്ടവർക്കു കാവലാളായ ആനയുടെ കഥ പറഞ്ഞ അന്വയ് ആർ.കൃഷ്ണ ഹയർസെക്കൻഡറി വിഭാഗം മോണോആക്ടിൽ സംസ്ഥാനതലത്തിലേക്കു യോഗ്യത നേടി. നായന്മാർമൂല ടിഐഎച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർഥിയാണ്. ബി.എം.രാമകൃഷ്ണന്റെയും ടി.കെ.ചിത്രയുടെയും മകനാണ്. ബന്ധുവായ പ്രശോഭ് ബാലനാണ് പരിശീലകൻ.
രണ്ടാമതും പാർവണ അരുൺ ഒന്നാമത്
യുപി വിഭാഗം ശാസ്ത്രീയസംഗീതത്തിൽ തുടർച്ചയായി രണ്ടാം വർഷവും എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി നീലേശ്വരം രാജാസ് ഹയർസെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനി പാർവണ അരുൺ. പാർവണ ഉൾപ്പെട്ട സംഘഗാനം ടീമിന് എ ഗ്രേഡും രണ്ടാം സ്ഥാനവും ലഭിച്ചിട്ടുണ്ട്. ഒപ്പനയിലും മത്സരിക്കുന്നുണ്ട്. ജില്ലയിലെ സ്കൂൾ വിദ്യാർഥികൾ മാത്രം ഉൾപ്പെട്ട കെഎൽ–14 സിംഗേഴ്സ് ട്രൂപ്പിലും പാർവണയുണ്ട്. ഹ്രസ്വചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. നീലേശ്വരം പുതുക്കൈയിലെ അരുൺ രാജിന്റെയും മൂലപ്പള്ളി എഎൽപി സ്കൂൾ അധ്യാപിക കെ.പ്രവീണയുടേയും മകളാണ്.
ഇന്ന് പ്രഥമൻകൂട്ടി സദ്യ, 12,000 പേർക്ക്
കലോത്സവ സമാപനദിനമായ ഇന്ന് 12,000 പേർക്ക് പരിപ്പ് പ്രഥമനോടെയുള്ള സദ്യ വിളമ്പും. സാമ്പാർ, കൂട്ടുകറി, പച്ചടി, വറവ്, അച്ചാർ എന്നിവയാണ് സദ്യയിലെ മറ്റുവിഭവങ്ങൾ. പാചകത്തിനു നേതൃത്വം നൽകുന്ന എ.കെ.രാജേഷ് പൊതുവാളിനു സഹായത്തിന് കുടുംബശ്രീ പ്രവർത്തകരും അധ്യാപകരും അടുക്കളയിലുണ്ട്.
മെഡലുകളിൽ സെഞ്ചറി പിന്നിട്ട് ഗൗരി
നൂറിലേറെ മെഡലുകൾ സ്വന്തമാക്കിയിട്ടുണ്ട് നീലേശ്വരം രാജാസ് സ്കൂളിലെ ആർ.ഗൗരി ലക്ഷ്മി. അതിൽ 8 എണ്ണം സംസ്ഥാന കലോത്സവത്തിൽ നിന്ന്, ജില്ലാ കലോത്സവത്തിൽ പതിനേഴെണ്ണം. അതിലേക്ക് ഇന്നലത്തെ 3 വിജയങ്ങൾക്കുള്ള മെഡലുകൾകൂടി വരും. എച്ച്എസ് വിഭാഗം ഭരതനാട്യം, കേരളനടനം, കുച്ചിപ്പുഡി ഇനങ്ങളിലാണ് ഗൗരി സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടിയത്. കഴിഞ്ഞ വർഷം കേരളനടനത്തിൽ ജില്ലയിൽ നിന്നും അപ്പീലോടെ മത്സരിക്കേണ്ടി വന്നതു മാത്രമാണ് ഏക സങ്കടം. എന്നാൽ സംസ്ഥാനതല ഫലം വന്നപ്പോൾ എ ഗ്രേഡോടെ ഗൗരി പുഞ്ചിരിച്ചു നിന്നു. മൂന്നര വയസ്സുള്ളപ്പോഴാണ് നൃത്തപഠനം തുടങ്ങിയത്. മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ സ്കൂൾ ജീവനക്കാരനായ എ.രാജേഷ്കുമാറിന്റെയും കോഓപ്പറേറ്റീവ് ഇൻസ്പെക്ടറായ കെ.ജിഷയുടെയും മകളാണ്.
പരിമിതികൾ തോറ്റു; മൂന്നിനങ്ങളിൽ സച്ചു
പരിമിതികൾക്കിടെ പൊരുതി നേടിയ വിജയമാണ് തോമാപുരം സെന്റ് തോമസ് എച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാർഥി സച്ചു സതീഷിന്റേത്. ഹൈസ്കൂൾ വിഭാഗം കുച്ചിപ്പുഡി, ഭരതനാട്യം, കേരളനടനം ഇനങ്ങളിൽ മത്സരിച്ചാണ് സച്ചു ഹാട്രിക് നേട്ടം കൈവരിച്ചത്. കടുമേനി പട്ടികവർഗ ഉന്നതിയിലെ പാപ്പിനിവീട്ടിൽ പരേതനായ പി.ആർ.സതീഷിന്റെയും എം.കെ.ബിന്ദുവിന്റെയും മകനാണ്. അച്ഛൻ പി.ആർ.സതീഷ് അഞ്ചുവർഷം മുൻപാണു മരിച്ചത്. അമ്മ ബിന്ദു കൂലിപ്പണി ചെയ്താണ് കുടുംബം പുലർത്തുന്നത്.
ഇതിനൊപ്പമാണ് മകന്റെ നൃത്ത പഠനവും. ഓരോ കലോത്സവ കാലത്തും വായ്പയെടുത്താണ് മകനെ സ്റ്റേജിലെത്തിക്കാൻ പണം കണ്ടെത്തുന്നതെന്നു ബിന്ദു പറഞ്ഞു. ബിന്ദുവിന്റെ സഹോദരീപുത്രിയും കവയിത്രിയുമായ ലിജിന കടുമേനിയാണ് സച്ചുവിനെ നൃത്തത്തിന്റെ ബാലപാഠങ്ങൾ അഭ്യസിപ്പിച്ചത്. ഇപ്പോൾ സതീഷ് നിലേശ്വരത്തിന്റെ ശിക്ഷണത്തിലാണ് പരിശീലനം.