ബദിയടുക്ക മത്സ്യമാർക്കറ്റ്: 5 ലക്ഷം രൂപയുടെ നവീകരണ പദ്ധതി
Mail This Article
ബദിയടുക്ക ∙ ബദിയടുക്ക ടൗണിലെ മത്സ്യമാർക്കറ്റ് ആധുനിക രീതിയിൽ നവീകരിക്കുന്നതിനു 5 ലക്ഷം രൂപയുടെ പദ്ധതി. ടൗണിലെ പഞ്ചായത്ത് മത്സ്യമാർക്കറ്റ് വർഷങ്ങളായി നവീകരിക്കാത്തതിനാൽ ശോചീയവാസ്ഥയിലാണ്. കുഴൽ കിണർ ഉണ്ടെങ്കിലും വൈദ്യുതി കണക്‌ഷനില്ല. വയറിങ് തകാറാറിലായിട്ടുണ്ട്. വെള്ളവും വെളിച്ചവുമില്ലാത്തതിനാൽ രാത്രി വിൽപനയില്ല. പഞ്ചായത്ത് വർഷം തോറും ലേലം ചെയ്താണ് ഇതിൽ വരുമാനം കണ്ടെത്തുന്നത്. ഇരുനിലകളുള്ള കെട്ടിടമാണിത്. കെട്ടിടത്തിന്റെ അടിഭാഗത്ത് ഗോഡൗണാണ്. മുകളിൽ സ്റ്റോർറൂമുണ്ട്.
മുൻ ഭാഗത്ത് മാത്രമാണ് ഇപ്പോൾ മീൻവിൽപന നടക്കുന്നത്. പിറകിലുള്ള ഗോഡൗണിനടുത്ത് മാലിന്യങ്ങളും കുറ്റിക്കാടുകളും ചെടികളും നിറഞ്ഞ് ഉപയോഗശൂന്യമായി കിടക്കുന്നു. മത്സ്യ വിൽപനക്കാർ റോഡിന്റെ വശത്താണ് വിൽപന നടത്തുന്നത്.ഗോഡൗണിന്റെ അകം വർഷങ്ങളായി വൃത്തിയാക്കാത്തതിനാൽ അകത്ത് കയറാൻ പറ്റാത്ത സ്ഥിതിയാണ്. ഇരുമ്പ് വാതിലും തുറന്നിട്ടനിലയിലാണ്.
കുഴൽ കിണറിന്റെ തകരാറിലായ മോട്ടറിന്റെ അറ്റകുറ്റപ്പണി, മീൻ വിൽപ്പനയ്ക്കുള്ള തട്ടുകൾ, വെളിച്ചം, ഇന്റർ ലോക്ക് എന്നീ സൗകര്യമുണ്ടാക്കി നവീകരിക്കാനാണ് 5ലക്ഷം രൂപയുടെ പദ്ധതി തയാറാക്കിയിട്ടുള്ളത്. മത്സ്യവിൽപനക്കാരെയും ഉപഭോക്താക്കളെയും മാർക്കറ്റിലേക്ക് എത്തിക്കുന്നതിനുള്ള ആധുനിക സൗകര്യങ്ങളാണ് ഒരുക്കുന്നത്. ഇതിന്റെ എസ്റ്റിമേറ്റ് ഉടനെ നടത്തുമെന്ന് വാർഡ് അംഗം ബി.ബാലകൃഷ്ണഷെട്ടി പറഞ്ഞു.