മലിനജലം കെട്ടിക്കിടക്കുന്നു; ആശങ്കയായി പകർച്ചവ്യാധി

Mail This Article
ചെർക്കള ∙ ദേശീയപാതയ്ക്കരികിൽ പാടി റോഡിന് സമീപം ഓട്ടോറിക്ഷ സ്റ്റാൻഡിനും പഴയ കെട്ടിടത്തിനും ഇടയിൽ കെട്ടിക്കിടക്കുന്ന മലിനജലം പകർച്ചവ്യാധി ഉണ്ടാക്കുമെന്ന് പരാതി . വേനൽക്കാലത്ത് പോലും ഇങ്ങനെ മലിനജലം കെട്ടിക്കിടക്കുന്നത് തടയാൻ നടപടികളുണ്ടാകുന്നില്ല. കടുത്ത ദുർഗന്ധവുമുണ്ട്. പലസ്ഥലങ്ങളിലും മഞ്ഞപ്പിത്തം, പനി, ഛർദി അതിസാരം തുടങ്ങിയവ ഉണ്ടെന്നും ഇത് പടരാൻ ഇടയുണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതർ തന്നെ മുന്നറിയിപ്പ് നൽകുന്നുണ്ട്. മാലിന്യമുക്ത കേരളം പദ്ധതിയിൽ നാടാകെ ശുചീകരണം എന്ന ലക്ഷ്യവുമായി തുടരെത്തുടരെ യോഗങ്ങൾ നടത്തി ബോധവൽക്കരണം നടക്കുന്നുമുണ്ട്.
എന്നാൽ ചെങ്കള പഞ്ചായത്ത് ഓഫിസ് കഴിഞ്ഞ് അധികം അകലെയല്ലാത്ത പൊതു ഇടത്തിൽ ദുർഗന്ധം പടർത്തുന്ന മലിന ജലം തള്ളുന്നത് തടയാത്തത് ശുചിത്വമിഷന്റെ മാലിന്യമുക്ത കേരളം ലക്ഷ്യം അട്ടിമറിക്കാനും കടുത്ത പരിസരമലിനീകരണത്തിനും ഇടയാകും എന്നാണ് വ്യാപാരികൾ ആരോപിക്കുന്നത്. ചെർക്കള പാടി റോഡ് ഓട്ടോ സ്റ്റാൻഡ് പരിസരത്ത് കെട്ടിനിൽക്കുന്ന മലിനജലം മറ്റു ജല സ്രോതസ്സ് വഴിയും ജല വിതരണ പൈപ്പ് ലൈനിലും കലരാൻ ഇടയുണ്ടെന്നും ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നം ഉണ്ടാക്കുമെന്നും പറയുന്നു.