ADVERTISEMENT

ആയൂർ ∙ ആഴ്ചകൾക്കു മുൻപ് മാലിന്യം നിറഞ്ഞു കിടന്ന സ്ഥലം ഇന്ന് ഒരു കൂട്ടം യുവാക്കളുടെ ഇച്ഛാശക്തിയിൽ കണ്ണിന് കുളിർമയുള്ള കാഴ്ച നൽകുന്ന ഇടമായി. ചായം പൂശിയും വിവിധ ചിത്രങ്ങൾ വരച്ചും മനോഹരമാക്കിയ ഇളമാട് പഞ്ചായത്തിലെ ചെറുവക്കൽ പാറക്കൂട്ടം കാണാൻ ഇപ്പോൾ സഞ്ചാരികളുടെ തിരക്ക്. തമിഴ്നാട്ടിലെ സുന്ദരപാണ്ഡ്യപുരത്തെ അന്യൻ പാറയെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് ചെറുവക്കൽ പാറയിലും ചിത്രങ്ങൾ വരച്ചിരിക്കുന്നത്. 

ആയൂർ - അമ്പലംകുന്ന് റോഡിന്റെ വശത്തുള്ള പാറക്കൂട്ടം ആഴ്ചകൾക്കു മുൻപുവരെ മാലിന്യം തള്ളുന്ന കേന്ദ്രമായിരുന്നു. ഇറച്ചി മാലിന്യങ്ങളും മദ്യക്കുപ്പികളും കൊണ്ട് ഇവിടം നിറഞ്ഞിരുന്നു. പ്രദേശത്തെ മലരണി ആർട്സ് ആൻ‍ഡ് സ്പോർട്സ് ക്ലബ് പ്രവർത്തകരുടെ നേതൃത്വത്തിൽ ഇവിടെ നിന്നും മാലിന്യം നീക്കുക പതിവായി. യാത്രക്കാർക്കു പാറക്കൂട്ടത്തിന് അടുത്ത് എത്തുമ്പോൾ മൂക്കുപൊത്തേണ്ട സ്ഥിതിയായിരുന്നു. മാലിന്യം തള്ളൽ അവസാനിപ്പിക്കാൻ ഇവിടെ പുതിയ പദ്ധതികളെന്തെങ്കിലും തുടങ്ങണമെന്ന ക്ലബ് അംഗങ്ങളുടെ തീരുമാനമാണ്  വലിയ മാറ്റങ്ങൾ ഉണ്ടാക്കിയത്.

ചിന്നക്കട മണിമേട, തങ്കശ്ശേരി വിളക്കുമാടം, പുനലൂർ തൂക്കുപാലം, ‍‍ജടായു ശിൽപം, കഥകളി രൂപം, അനശ്വര നടൻ ജയൻ എന്നിവർ ചിത്രങ്ങളായി പാറയിൽ തെളിഞ്ഞു. പ്രളയത്തിൽ രക്ഷകരായി എത്തിയ മത്സ്യത്തൊഴിലാളികൾ. ആനകളിലെ തലയെടുപ്പിന്റെ തമ്പുരാൻ തൃക്കടവൂർ ശിവരാജു തുടങ്ങിയ ചിത്രങ്ങളുമുണ്ട്. ചില ചിത്രങ്ങൾ പൂർത്തിയാക്കാനുണ്ട്. ആർട്ടിസ്റ്റ് ജോയി കൊട്ടാരക്കരയാണു ചിത്രങ്ങൾ വരയ്ക്കുന്നത്. സഞ്ചാരികൾക്കു വിശ്രമിക്കാൻ ഇരിപ്പിടങ്ങൾ, പാറയിലേക്കു കയറാൻ പടവുകൾ, കൈവരികൾ എന്നിവ നിർമിക്കുന്നതിനുള്ള പദ്ധതികൾ തയാറാക്കുന്നതായി ക്ലബ് ഭാരവാഹികളായ മിഥുൻ മോഹൻ, ലില്ലിക് ശ്യാം, അജിത്ത് മുരളി, റജി മോൻ, ജെയ്‌സൺ, അരുൺ ഗണേശൻ, സുരേഷ് എന്നിവർ പറഞ്ഞു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com