നൈനിറ്റാൾ തടാകത്തോട് ഉപമിച്ച കോട്ടേക്കായൽ; പക്ഷേ കായൽ പറയുന്നു; ഇതെത്ര കേട്ടതാ...

Mail This Article
ശാസ്താംകോട്ട ∙ ലോകരാഷ്ട്രങ്ങൾ ഒപ്പുവച്ച റാംസർ ഉടമ്പടിയുടെ അടിസ്ഥാനത്തിൽ രാജ്യത്തു സംരക്ഷണ ആവശ്യമുള്ള 27 തണ്ണീർത്തടങ്ങളിൽ ഒന്നാണ് ശാസ്താംകോട്ട തടാകം. കിലോമീറ്ററുകളോളം വരണ്ടു നാശോന്മുഖമാകുന്ന തടാകത്തിൽ നിന്നും കൊല്ലം നഗരം, ചവറ–പന്മന ഉൾപ്പെടെയുള്ള ഒട്ടേറെ പദ്ധതികൾക്കായി ദിവസവും 40 ദശലക്ഷം ലീറ്റർ ജലമാണ് ജലവിഭവ വകുപ്പ് പമ്പ് ചെയ്യുന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഇടതുമുന്നണി നടത്തിയ നവകേരള മാർച്ചിന്റെ ഭാഗമായി തടാകതീരത്ത് എത്തിയ പിണറായി വിജയൻ സംരക്ഷണ പദ്ധതികൾ ഉറപ്പുനൽകിയാണ് മടങ്ങിയത്.
ധനമന്ത്രി തോമസ് ഐസക് ഒരിക്കൽ കോട്ടേക്കായലിനെ ഉപമിച്ചത് നൈനിറ്റാൾ തടാകത്തോടാണ്. ഉറപ്പുകൾക്കപ്പുറം ബജറ്റുകളിൽ ഒന്നും തന്നെ അനുവദിച്ചില്ല. വിവിധ വകുപ്പുകൾ സമർപ്പിച്ച ഒട്ടേറെ പദ്ധതികളാണ് ഇക്കാലയളവിൽ സർക്കാർ തള്ളിയത്. ഇപ്പോൾ അടുത്ത തിരഞ്ഞെടുപ്പിനെ നേരിടുന്നതിനു മുന്നോടിയായി 20 കോടി രൂപയുടെ പാക്കേജ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. എന്നാൽ മുൻ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ഇതിന്റെ പ്രായോഗികമായ വിനിയോഗം എങ്ങനെയെന്ന സംശയം ബാക്കിയാണ്.
കേന്ദ്രവും തടാകവും
2018ൽ മാർച്ച് 21നു അഷ്ടമുടി, വേമ്പനാട്, ശാസ്താംകോട്ട കായലുകൾക്കായി 3.45 കോടി രൂപയുടെ സംരക്ഷണ പദ്ധതി കേന്ദ്രം അനുവദിച്ചു. കേന്ദ്ര വിഹിതമായ 2.07 കോടി (60 ശതമാനം) രൊക്കം നൽകി. ശാസ്താംകോട്ട തടാകത്തിനു മാത്രമായി 35.77 ലക്ഷം രൂപ കേന്ദ്ര വിഹിതം ലഭിച്ചു. തണ്ണീർത്തട അതോറിറ്റിക്ക് തുക കൈമാറിയെങ്കിലും പ്രളയത്തിന്റെ പേരിൽ ഇത് സംസ്ഥാന സർക്കാർ തിരിച്ചുപിടിച്ചു. പിന്നീട് 20 ലക്ഷം അനുവദിച്ചെങ്കിലും പദ്ധതിയുടെ വിനിയോഗത്തെ പറ്റി വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങൾക്ക് പോലും മറുപടിയില്ല.
1997 മുതൽ തടാകത്തിന്റെ വരൾച്ചയ്ക്കും അന്നു മുതലുള്ള പദ്ധതികൾക്കും പ്രഖ്യാപനങ്ങൾക്കും സാക്ഷിയായ ആളെന്ന നിലയിൽ ഇനിയെങ്കിലും ഇത്തരം പ്രഖ്യാപനങ്ങൾ നടത്തി ജനങ്ങളെ കബളിപ്പിക്കുന്ന നടപടിയിൽ നിന്നും അധികാരികൾ പിന്മാറണം. കെ. കരുണാകരൻപിള്ള (ചെയർമാൻ, ശാസ്താംകോട്ട തടാക സംരക്ഷണ സമിതി)
പാഴായ പ്രഖ്യാപനങ്ങൾ
1998– 3.13 കോടി
2000– 8.69 കോടി
2004– 17.5 കോടി
(ജൂലൈ 14നു നിയമസഭയിൽ പ്രഖ്യാപിച്ചത്)
2005– 25 കോടി
(8.69 കോടി രൂപയുടെ പദ്ധതി വിപുലീകരിച്ചത്)
2005– 1.6 കോടി
(കുളിക്കടവുകളുടെ നിർമാണത്തിന്)
2008– 2 കോടി
(ജൂലൈയിൽ നിയമസഭ പാസാക്കിയത്)
2010– 4.92 കോടി
(സമരസമയത്ത് മന്ത്രി എൻ.കെ.പ്രേമചന്ദ്രന്റെ ഇടപെടലിനെ തുടർന്ന്)
2013– 24.85 കോടി
(4.92 കോടിയുടെ പദ്ധതി വിപുലീകരിച്ചത്)
2015– 15 കോടി
(മേജർ ഇറിഗേഷൻ വകുപ്പ് സമർപ്പിച്ച പദ്ധതി)
വഴിമുട്ടിയ ബദൽ പദ്ധതി
`2013 ൽ തടാക സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സമരം ശക്തമായതോടെ ജൂൺ 14നു മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും വകുപ്പ് മേധാവികളും നേരിട്ടെത്തി. ബദൽ പദ്ധതി പൈപ്പിടീലിനായി 14.5 കോടി അനുവദിച്ചു. പൈപ്പുകൾ പകുതിയോളം സ്ഥാപിച്ച ശേഷം നിലവിലെ സർക്കാരിന്റെ കാലത്ത് പദ്ധതി അവസാനിപ്പിച്ചതോടെ 6.93 കോടി രൂപയാണ് പാഴായത്.