വരയാത്ര!; ഹരികൃഷ്ണയുടെ പ്രതിഭയ്ക്കു ദേശീയ പുരസ്കാരം
Mail This Article
ജീവിതത്തെ ആത്മബോധത്തിലേക്കുള്ള വരയെഴുത്തു യാത്രയാക്കിയ ഹരികൃഷ്ണയുടെ പ്രതിഭയ്ക്കു ദേശീയ പുരസ്കാരം. മുതിർന്ന ചിത്രകാരന്മാർക്കു ഡൽഹി സെന്റർ ഫോർ റിസോഴ്സസ് ആൻഡ് ട്രെയിനിങ് നൽകുന്ന ഫെലോഷിപ് ആണ് മയ്യനാട് ‘ചില്ല’യിൽ ഹരികൃഷ്ണ ജനാർദനയെ തേടിയെത്തിയത്. ദക്ഷിണേന്ത്യയിലെ 5 സംസ്ഥാനങ്ങളിൽ നിന്നു സ്കോളർഷിപ് ലഭിച്ച ഏക ചിത്രകാരനാണ്. അപ്ലൈഡ് ആർട്സിൽ ഡിസ്റ്റിങ്ഷനോടെ ബിരുദാനന്തര ബിരുദം നേടിയ ഹരികൃഷ്ണ ജീവിതം യാത്രയാക്കി മാറ്റുകയായിരുന്നു.
നാടു കണ്ടു. കാടും മേടും അലഞ്ഞു. ഇതിനിടയിലാണ് അപ്ലൈഡ് ആർട്ടിൽ നിന്നു പെയിന്റിങ്ങിലേക്കു വര മാറിയത്. വരച്ചു നടക്കുമ്പോൾ എൻജീനിയറിങ് കോളജുകളിലും വിദ്യാലയത്തിലും ജോലി ലഭിച്ചെങ്കിലും യാത്രയിലെ ഇടത്താവളം മാത്രമായിരുന്നു അത്. കയറിയ മലകളും കാടുകളും ആദിവാസി ജീവിതങ്ങളും തിരുവില്വാമല ഇറക്കവും കൃഷ്ണയുടെ ‘ലൈഫ് സ്റ്റഡി’ ആയി. അതിൽ മനുഷ്യർ കുറവായിരുന്നു. പ്രകൃതിയിലെ സഹജീവികളായിരുന്നു അതിഥികൾ.
ഉറുമ്പുജീവിതത്തിലാണ് ആ വരയാത്ര എത്തിനിൽക്കുന്നത്. മുഖംമൂടികളുടെ ലോകം പ്രമേയമാക്കിയ ‘അഹം’ എന്ന സീരീസ് ആയിരുന്നു ആദ്യ സോളോ പ്രദർശനം. തുടർപരമ്പരയായി ‘ആത്മം’, ‘യാനം’ എന്നിവ കൂടി എത്തി. നാലാമത്തെ സോളോയിൽ ‘കർമ’ ആയിരുന്നു സീരീസ്. ‘ആ മരം ഈ മരം’ കാലത്തെ ‘അ’ന്നും ‘ഇ’ന്നും ആയി ചിത്രീകരിക്കുന്നു. ഇവിടെ അക്ഷരം കഥാപാത്രമാകുന്നു. ഈ പെയിന്റിങ്ങിൽ വാൽമീകിയുടെ ‘മരാ’ മുതലുണ്ട്. ‘തുരുമ്പുകൾ പൂക്കുന്ന ഇടവഴികളിലൂടെ’യും പ്രദർശിപ്പിച്ചു.
ചിത്രങ്ങളിൽ തവിട്ടുനിറമാണു നിറയുന്നത്. ലളിതകലാ അക്കാദമി പുരസ്കാരം, നാഷനൽ യങ് ആർട്ടിസ്റ്റ്സ് സ്കോളർഷിപ്, നാഷനൽ ലളിതകലാ അക്കാദമി സ്കോളർഷിപ് തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഒട്ടേറെ ഡോക്യുമെന്ററികളിൽ കലാസംവിധായകനുമായി. കുട്ടിക്കാലത്തു തന്നെ വര തുടങ്ങിയ കൃഷ്ണയുടെ തലവര തെളിച്ചതിൽ അധ്യാപികയായ അമ്മ വാളത്തുംഗൽ കോടിയാട്ട് ഗോമതിയമ്മയ്ക്കു വലിയ പങ്കുണ്ട്.
അച്ഛൻ മയ്യനാട് മുളയ്ക്കൽ ജനാർദനൻ പിള്ളയും പിന്തുണ നൽകി. യാത്രയും വരയും തുടരുകയാണ്. സ്കോളർഷിപ്പിന്റെ ഭാഗമായി കേരളത്തിലെ കാവുകളും കുളങ്ങളും ആദിവാസി ജീവിതവും ചിത്രീകരിച്ചു പുസ്തകമാക്കണം. ഒപ്പം തന്റെ കവിതകളും സമാഹാരവും പുറത്തിറക്കണം. ആ യാത്രയ്ക്കു പ്രകൃതി കൂട്ടിനിറങ്ങുന്നു.