ഓച്ചിറക്കളിക്ക് സമാപനം
Mail This Article
ഓച്ചിറ∙ഒരു മാസം വ്രതശുദ്ധിയോടെ അഭ്യസിച്ച അടവുകളും ചുവടുകളും പരബ്രഹ്മത്തിനു കാണിക്കയായി സമർപ്പിച്ച് യോദ്ധാക്കൾ മടങ്ങിയതോടെ യുദ്ധ സ്മരണകൾ പുതുക്കി ഓച്ചിറക്കളി സമാപിച്ചു. കര ഘോഷയാത്ര, കരക്കളി,എഴുന്നള്ളത്ത്,എട്ടു കണ്ടത്തിലെ നേർക്കുനേർ പോരാട്ടം എന്നീ ചിട്ടകളോടെയാണ് ഓച്ചിറക്കളി സമാപിച്ചത്.
ഇന്നു മുതൽ 19 വരെ പടനിലത്തു കാർഷിക പ്രദർശനം നടക്കും. ഓച്ചിറക്കളിയിൽ പങ്കെടുത്ത കളി ആശാൻമാർക്കു ക്ഷേത്ര ഭരണസമിതി പാരിതോഷികം വിതരണം ചെയ്തു. ക്ഷേത്ര ഭരണസമിതി ഭാരവാഹികളായ കെ.ഗോപിനാഥൻ,ജി.സത്യൻ തോട്ടത്തിൽ, പാറയിൽ രാധാകൃഷ്ണൻ,പ്രകാശൻ വലിയഴീക്കൽ,എം.സി.അനിൽകുമാർ എന്നിവർ നേതൃത്വം നൽകി.
ജാഗ്രതയോടെ ആരോഗ്യവകുപ്പ്
ഓച്ചിറ∙കോവിഡിനോടു പോരാട്ടം കടുപ്പിച്ച് ഓച്ചിറ പടനിലത്ത് ആരോഗ്യ വകുപ്പ്. ഓച്ചിറക്കളിക്ക് ആരോഗ്യ വകുപ്പിന്റെ ജാഗ്രത യോദ്ധാക്കൾക്കും ഭക്തർക്കും ഒരേപോലെ ഗുണകരമായി.ഓച്ചിറക്കളിക്കെത്തിയ എല്ലാ യോദ്ധാക്കൾക്കും പ്രതിരോധ മരുന്ന് വിതരണം ചെയ്തു. ഓച്ചിറ സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ.സുനിൽ കുമാറിന്റെ നേതൃത്വത്തിൽ 25 അംഗം സംഘമാണു പടനിലത്ത് ആരോഗ്യ സുരക്ഷാ പ്രവർത്തനങ്ങൾ നടത്തിയത്. ഓച്ചിറക്കളി ഹരിത ചട്ടം പാലിച്ചു നടത്തുന്നതിനും ഭക്ഷ്യവിഷബാധ തടയുന്നതിനും വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി.