എന്റെ കേരളം പ്രദർശന വിപണന മേള: സ്നേഹപതാകയേന്തി പ്രചാരണ പരിപാടികൾക്ക് തുടക്കം

Mail This Article
കൊല്ലം∙ സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചു ആശ്രാമം മൈതാനത്ത് 18 മുതൽ 24 വരെ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് സംഘടിപ്പിക്കുന്ന ‘ എന്റെ കേരളം പ്രദർശന വിപണന മേള’ യുടെ പ്രചാരണ പരിപാടികളുടെ ആരംഭം മന്ത്രി കെ.എൻ.ബാലഗോപാൽ മത്സ്യത്തൊഴിലാളികൾക്ക് സ്നേഹ പതാക കൈമാറി നിർവഹിച്ചു.
മത്സ്യത്തൊഴിലാളി സമിതികൾക്ക് കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ ധനസഹായത്തോടെ നൽകിയ ആഴക്കടൽ മത്സ്യബന്ധന യാനത്തിൽ കൊല്ലം പോർട്ടിൽ സഞ്ചരിച്ച മന്ത്രി പ്രളയകാലത്ത് രക്ഷാപ്രവർത്തനത്തിനായി ആദ്യമായി വള്ളം ഇറക്കിയ ബിജു സെബാസ്റ്റ്യന് സ്നേഹ പതാക കൈമാറി. കേരളമാകെ പ്രളയത്തിൽ മുങ്ങിയപ്പോൾ സർക്കാർ ആഹ്വാനത്തെ തുടർന്ന് ബിജു സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികളുടെ സംഘം ദുരന്ത മുഖത്തേക്ക് സ്വന്തം സുരക്ഷിതത്വം പോലും നോക്കാതെ, ആകെയുള്ള ഉപജീവന മാർഗമായ വള്ളങ്ങളും ബോട്ടുകളുമെടുത്തു പുറപ്പെടുമ്പോൾ, നാട്, മനുഷ്യർ എന്ന വികാരമേ ഉള്ളിൽ ഉണ്ടായിരുന്നുള്ളു.
പകരം ഈ നാട് നിറയെ സ്നേഹം തിരിച്ചു നൽകി. ഓരോ മലയാളിയും കേരളത്തിന്റെ അനൗദ്യോഗിക സൈനികരായി അംഗീകരിച്ചു. അതിജീവനത്തിനായുള്ള പോരാട്ടത്തിൽ സംസ്ഥാന സർക്കാരിനൊപ്പം തോളോടു തോൾ ചേർന്ന് കേരള ജനതയെ സംരക്ഷിച്ചു പിടിച്ച നന്ദി ഇന്നും മലയാളികളുടെ ഹൃദയത്തിലുണ്ട്. തീരദേശത്തിന് വേണ്ടിയുള്ള ഒരു പദ്ധതിക്കും മുടക്കം വരില്ലെന്നും കൂടുതൽ പദ്ധതികൾ ആവിഷ്കരിക്കുമെന്നും മന്ത്രി പറഞ്ഞു. പരിപാടിയിൽ കോർപറേഷൻ കൗൺസിലർമാരായ ജി.ആർ.മിനിമോൾ, സ്റ്റാലിൻ, മത്സ്യത്തൊഴിലാളി സംഘടന ഭാരവാഹികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ, മത്സ്യത്തൊഴിലാളികൾ തുടങ്ങിയവർ പങ്കാളികളായി.