ADVERTISEMENT

അഞ്ചാലുംമൂട് ∙ ഭരണ, പ്രതിപക്ഷ വേർതിരിവില്ലാതെ പനയം ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളും ഉദ്യോഗസ്ഥരും കരുണയുടെ കൈ കോർത്തതോടെ കോവിൽമുക്ക് സ്വദേശിനികളായ അഞ്ജനയ്ക്കും അശ്വതിക്കും വീടായി . അമ്മ ശശികലയുടെ മരണത്തെ തുടർന്ന് അമ്മുമ്മയുടെ തണലിലാണ് അഞ്ജനയും അശ്വതിയും കഴിയുന്നത്. വീട് നിർമാണത്തിനുള്ള അടിസ്ഥാനം കെട്ടിയിരുന്നെങ്കിലും തുടർന്നുള്ള പണികൾക്ക് പണം കണ്ടെത്താൻ കുടുംബത്തിന് കഴിഞ്ഞിരുന്നില്ല. ഇക്കാര്യം അറിഞ്ഞ പഞ്ചായത്ത് ഭരണസമിതി വീട് നിർമാണം ഏറ്റെടുക്കുകയായിരുന്നു. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേർന്ന് സമാഹരിച്ച തുകയ്ക്കൊപ്പം പ്രദേശത്തെ സുമനസ്സുകളുടെ പങ്കാളിത്തവും ചേർന്നതോടെ വീടിന്റെ നിർമാണം പ്രതീക്ഷിച്ചതിലും വേഗം പൂർത്തീകരിച്ചു.

വീട്ടിലേക്ക് ആവശ്യമായ ഗൃഹോപകരണങ്ങളും പെൺകുട്ടികളുടെ പഠനത്തിനും ജീവിത സാഹചര്യം മെച്ചപ്പെടുത്താനുള്ള സഹായവും പഞ്ചായത്ത് ഭരണസമിതി നൽകുന്നുണ്ട്. നാളെ 10.30ന് നടക്കുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ.ഗോപൻ വീടിന്റെ താക്കോൽ കൈമാറും. സാമ്പത്തിക സഹായ വിതരണം കലക്ടർ അഫ്സാന പർവീണും ഗൃഹോപകരണങ്ങളുടെ വിതരണോദ്ഘാടനം വൈസ് പ്രസിഡന്റ് ജിജി രമേശും വസ്ത്രങ്ങളുടെ വിതരണോദ്ഘാടനം സ്ഥിരം സമിതി അധ്യക്ഷ ജയശ്രീ മധുലാലും, പഠനോപകരണ വിതരണം സ്ഥിരം സമിതി അധ്യക്ഷ എ.വി.പ്രീയശ്രീയും കരാറുകാരനെ ആദരിക്കൽ സ്ഥിരസമിതി അധ്യക്ഷൻ ജി.അനന്തകൃഷ്ണപിളളയും നിർവഹിക്കും. 7 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് വീട് നിർമിച്ചത്. പഞ്ചായത്തിന്റെ നേതൃത്വത്തിൽ കാരുണ്യ പ്രവർത്തനങ്ങൾ തുടർന്നും നടപ്പാക്കുമെന്ന് പ്രസിഡന്റ് ഡോ.കെ.രാജശേഖരൻ, സെക്രട്ടറി ടി.എഫ്.ജോസഫ് എന്നിവർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com