ADVERTISEMENT

കൊല്ലം ∙ തനിക്ക് സങ്കടമില്ലെന്ന് മാതാപിതാക്കളെ ബോധിപ്പിക്കാനാവണം ആ മുഖത്ത് ഇപ്പോൾ ചെറിയ ചിരിയുണ്ട്; പക്ഷേ ഉള്ളിലെ ആളുന്ന സങ്കടം ഉറ്റവർക്ക് മുഖത്തുനിന്നു വായിച്ചെടുക്കാം. കൂടെ നിന്നവർ ആ ചെറുചിരി വിരിയിക്കാൻ ഏറെ പാടുപെട്ടിട്ടുമുണ്ട്. ‘5 മിനിറ്റ്’ നൽകിയ ആഘാതം അത്രമേൽ ആഴമുള്ളതായിരുന്നു. വലിയൊരു സ്വപ്നത്തിന്റെ വിലയുണ്ടായിരുന്നു!

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സംവർണയ്ക്ക് നഷ്ടമായ സ്വപ്നങ്ങൾക്ക് ആരു പരിഹാരം കാണും? കോഴിക്കോട് പ്രൊവിഡൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ് എം.സംവർണ ഷാജി. കോടതി അപ്പീൽ അനുവദിച്ചെങ്കിലും അതിന്റെ രേഖ ഇമെയിലിൽ വേണമെന്നു സംഘാടകർ ആവശ്യപ്പെട്ടതും കിട്ടാൻ വൈകിയതും കാരണം മോഹിനിയാട്ടത്തിൽ മത്സരിക്കാനായില്ല.

മത്സര ദിവസം ഉച്ചയ്ക്ക് 12.30നാണു കോഴിക്കോട് അഡീഷനൽ ജില്ലാ കോടതി അപ്പീൽ അനുവദിച്ചത്. വിധിപ്പകർപ്പ് ഒപ്പിട്ടു കിട്ടിയപ്പോൾ 2.15 ആയി. ഈ സമയം നാലു പേർ കൂടി മത്സരത്തിനുണ്ടായിരുന്നു. അവസാന മത്സരാർഥിക്കു ശേഷം അഞ്ചു മിനിറ്റ് കൂടി പ്രോഗ്രാം കമ്മിറ്റി അനുവദിച്ചു. വാട്സാപ്പിൽ ലഭിച്ച വിധിപ്പകർപ്പുമായി സംവർണയുടെ പിതാവ് എം.ആർ.ഷാജി വേദിയിൽനിന്നു രണ്ടര കിലോമീറ്റർ അകലെയുള്ള റജിസ്ട്രേഷൻ കൗണ്ടറിൽ എത്തിയെങ്കിലും ഇമെയിലിൽ ലഭിക്കണം എന്നായി സംഘാടകർ. പകർപ്പ് കിട്ടുമ്പോഴേക്കും പ്രോഗ്രാം കമ്മിറ്റി അനുവദിച്ച 5 മിനിറ്റ് കഴിഞ്ഞു. ഏറെ മോഹിച്ചെത്തിയ വേദിയിൽനിന്നു ചിലങ്കയഴിച്ചു കരഞ്ഞു കലങ്ങിയ കണ്ണുകളോടെ അവൾക്കു മടങ്ങേണ്ടി വന്നു.

അപ്പീലിൽ നീതി; പക്ഷേ, അപ്പോഴേക്കും...

‘ഞങ്ങൾ എത്ര ശ്രമിച്ചിട്ടും അവൾക്ക് ചിരിക്കാൻ കഴിഞ്ഞിരുന്നില്ല. അവളുടെ ചിരി ഓരോ നിമിഷത്തിലും യാന്ത്രികമാകുകയായിരുന്നു. കെട്ടിയ നൃത്ത വേഷം ആടാഥെ അഴിക്കേണ്ടിവന്ന കലാകാരിയായ ആ കുഞ്ഞു മനസ്സിന്റെ നൊമ്പരം ആരോട് പറയും.?’ – കൊല്ലത്ത് കലോത്സവ നഗരിയിൽ സംഭവങ്ങള്‍ക്കു സാക്ഷിയായ കലാമണ്ഡലം ധനുഷ സന്യാൽ സമൂഹമാധ്യമത്തിൽ കുറിച്ചു.

‘ഇനി ഒരു കുട്ടിക്കും ഇങ്ങനെ സംഭവിച്ചുകൂടാ. അർഹതയുണ്ടെന്നു മനസിലായപ്പോഴാണല്ലോ കോടതി അപ്പീൽ അനുവദിച്ചത്? പക്ഷേ, ആ നീതി അവൾക്ക് നടപ്പാക്കി നല്‍കാൻ നമ്മുക്കായില്ല. വിധി യഥാസമയം വാട്സ്ആപ് വഴി എത്തിക്കാൻ സാധിച്ചു. എന്നാൽ കോടതിയിൽ നിന്ന് നേരിട്ട് ഇ–മെയിലിൽ ലഭിക്കണമെന്ന സംഘാടകരുടെ നിലപാടാണ് വിലങ്ങുതടിയായത്.’ – ധനുഷ സന്യാൽ മനോരമ ഓൺലൈനിനോട് പറഞ്ഞു. കുട്ടിക്കു മാനസിക പിൻതുണ നൽകുന്നതിനാണ് ഇപ്പോൾ മുൻഗണന. അന്വേഷിക്കാം എന്നു പറഞ്ഞ മന്ത്രിയുടെ നിലപാടിനു കാക്കുകയാണ്. കലോത്സവ ശേഷം കുട്ടിയുടെ മാതാപിതാക്കളുമായി ആലോചിച്ച് തുടർനടപടി തീരുമാനിക്കുമെന്നും ധനുഷ സന്യാൽ വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com