മഹാത്മാ കുഞ്ഞൻ വെളുമ്പൻ പഠന ഗവേഷണ കേന്ദ്രം നിർമാണോദ്ഘാടനം ഇന്ന്
Mail This Article
ഓച്ചിറ∙ കേരള തണ്ടാൻ മഹാസഭ സംസ്ഥാന കമ്മിറ്റിയുടെ മഹാത്മാ കുഞ്ഞൻ വെളുമ്പൻ പഠന ഗവേഷണ കേന്ദ്രത്തിന്റെയും കേന്ദ്ര കാര്യാലയത്തിന്റെയും നിർമാണവും സഭ പ്ലാറ്റിനം ജൂബിലി ആഘോഷവും ഇന്ന് 10.30ന് പരബ്രഹ്മ ഓഡിറ്റോറിയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും.തണ്ടാൻ മഹാസഭ സംസ്ഥാന പ്രസിഡന്റ് ഡോ.പി.എൻ.പ്രേമചന്ദ്രൻ അധ്യക്ഷത വഹിക്കും. എംഎൽഎമാരായ സി.ആർ.മഹേഷ്, കോവൂർ കുഞ്ഞുമോൻ എന്നിവർ പങ്കെടുക്കും .
സഭ സംസ്ഥാന കമ്മിറ്റി ഓഫിസ് അങ്കണത്തിലാണ് മഹാത്മാ കുഞ്ഞൻ വെളുമ്പൻ പഠന ഗവേഷണ കേന്ദ്രവും കേന്ദ്ര കാര്യാലയവും നിർമിക്കുന്നതെന്ന് ഭാരവാഹികളായ ഡോ.പി.എൻ.പ്രേമചന്ദ്രൻ, ജി.വരദരാജൻ, എൻ.രാജേന്ദ്രൻ എന്നിവർ അറിയിച്ചു.
ഗവർണറുടെ സന്ദർശനം; കനത്ത സുരക്ഷയൊരുക്കി പൊലീസ്
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്നു ജില്ലയിൽ സന്ദർശനം നടത്തുന്ന പശ്ചാത്തലത്തിൽ കനത്ത സുരക്ഷയൊരുക്കി പൊലീസ്. എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർ ഗവർണർക്ക് എതിരെ കരിങ്കൊടി കാണിക്കുമെന്ന് ഇന്റലിജൻസ് റിപ്പോർട്ടുണ്ട്. ഗവർണർക്ക് രണ്ടു പരിപാടികളാണ് ജില്ലയിലുള്ളത്. രാവിലെ 10.30ന് ഓച്ചിറയില്‍ കേരള തണ്ടാൻ മഹാസഭ ഓഫിസ് സമുച്ചയം, ഗവേഷണ കേന്ദ്രം എന്നിവയുടെ നിർമാണോദ്ഘാടനം, പ്ലാറ്റിനം ജൂബിലി ആഘോഷം ഉദ്ഘാടനം എന്നിവയാണ് ആദ്യ പരിപാടി.
കാവനാട് ലേക്ഫോർഡ് സ്കൂളിൽ ഗാന്ധി പ്രതിമ 12.45ന് അനാഛാദനം ചെയ്യും. തുടർന്ന് കൊല്ലം ഗെസ്റ്റ് ഹൗസിൽ എത്തിയ ശേഷം വൈകിട്ടോടെ തിരുവനന്തപുരത്തേക്കു മടങ്ങും.പൊലീസും ഗവർണറുടെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ സംഘവുമാണ് കനത്ത സുരക്ഷ ഒരുക്കുന്നത്. പുതിയകാവിനും ഓച്ചിറയ്ക്കും ഇടയിൽ ദേശീയപാതയിൽ ഗവർണറെ തടയുവാൻ സാധ്യതയുണ്ടെന്നും സംസ്ഥാന ഇന്റലിജൻസും സ്പെഷൽ ബ്രാഞ്ചും റിപ്പോർട്ട് നൽകിയിട്ടുണ്ട്.
20ന് ഡിവൈഎഫ്ഐയുടെ മനുഷ്യച്ചങ്ങല നടക്കുന്നതിനാൽ ഗവർണർക്കെതിരെ കരിങ്കൊടി പ്രതിഷേധം മാത്രം നടക്കാനാണു സാധ്യതയെന്നാണു റിപ്പോർട്ട്. പറയുന്നുണ്ട്. ഇന്നലെ രാവിലെ മുതൽ ഓച്ചിറ പടനിലം പൊലീസിന്റെ പൂർണ നിരീക്ഷണത്തിലാണ്.