ADVERTISEMENT

പുനലൂർ ∙ ഭൂരഹിതരായവർക്കു പട്ടയം നൽകുന്നതുമായി ബന്ധപ്പെട്ട ‘ഭൂരഹിതർ ഇല്ലാത്ത പുനലൂർ’ പദ്ധതിയുടെ പ്രവർത്തന പുരോഗതി വിലയിരുത്തുന്നതിന്റെയും താലൂക്കിലെ ‌ഭൂമി സംബന്ധമായ പ്രധാനപ്രശ്നങ്ങൾ കണ്ടെത്തുന്നതിന്റെയും ഭാഗമായി ഉദ്യോഗസ്ഥതല യോഗം ചേർ‌ന്നു. ‌‌‌‘എല്ലാവർക്കും ഭൂമി എല്ലാവർക്കും പട്ടയം’ എന്ന പ്രഖ്യാപിത ലക്ഷ്യം നടപ്പിലാക്കുന്നതിലേക്കായി പുനലൂർ മണ്ഡലത്തിൽ പി.എസ്.സുപാൽ എംഎൽഎ വിഭാവനം ചെയ്ത പദ്ധതിയാണിത്.

ഇന്നലെ എംഎൽഎ വിളിച്ച് ചേർത്ത യോഗത്തിൽ ഭൂരഹിതരില്ലാത്ത പുനലൂർ പദ്ധതിയുടെ ഭാഗമായിട്ടുള്ള വിവിധ പ്രവർത്തനങ്ങളുടെ പുരോഗതി   വിലയിരുത്തി. അഞ്ചൽ ഇടമുളയ്ക്കൽ, അറക്കൽ, ഏരൂർ വില്ലേജുകളുടെ ഡിജിറ്റൽ സർവേ നടത്തുന്നത് നടപടി സ്വീകരിക്കുന്നതിന് ഡപ്യൂട്ടി ഡയറക്ടറെ ചുമതലപ്പെടുത്തി. ഭൂരഹിതരില്ലാത്ത പുനലൂർ പദ്ധതിക്കായി പദ്ധതി പൂർത്തീകരണം വരെ ഉപയോഗിക്കാൻ ഒരു വാഹനം ഏറ്റെടുക്കുന്നതിനായി ജില്ലാ കലക്ടർക്ക് നിർദേശം നൽകുമെന്ന് എംഎൽഎ അറിയിച്ചു. 

വനം, ജലസേചന വകുപ്പ് മന്ത്രിതല ചർച്ച ഉടൻ നടത്തി കനാൽ പുറമ്പോക്ക്, വനഭൂമി പട്ടയങ്ങളിൽ ഉചിതമായ നടപടി കൈക്കൊള്ളുമെന്നും എംഎൽഎ അറിയിച്ചു. കൂടാതെ പരമാവധി ആളുകൾക്ക് പട്ടയം നൽകുന്നതിന് എല്ലാ വില്ലേജ് ഓഫിസർമാരും പട്ടയത്തിനായുള്ള അപേക്ഷകൾ പരിശോധിച്ചു നടപടി സ്വീകരിക്കുന്നതിനായി വില്ലേജ് ഓഫിസർമാർക്ക് നിർദേശം നൽകി .വില്ലേജ് ജനകീയ സമിതി എംഎൽഎയുടെ സാന്നിധ്യത്തിൽ ചേരുന്നതിനും വാർഡ് അംഗങ്ങളെ ഉൾപ്പെടുത്തി പട്ടയം സംബന്ധിച്ച വിഷയങ്ങൾ കൂടി ചർച്ച ചെയ്യുന്നതിനായി അഭിപ്രായങ്ങൾ ശേഖരിക്കാവുന്നതാണെന്നും യോഗത്തിൽ തീരുമാനിച്ചു.

 പദ്ധതി നടത്തുന്നതുമായി ബന്ധപ്പെട്ട സർവേ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാനായി സർവേ ഡപ്യൂട്ടി ഡയറക്ടർക്ക് നിർദേശം നൽകുകയും ചെയ്തു.നഗരസഭ അധ്യക്ഷ ബി.സുജാത, കൗൺസിലർ വി.പി.ഉണ്ണിക്കൃഷ്ണൻ, തഹസിൽദാർ കെ.എസ്.നസിയ, മണ്ഡലത്തിലെ മുഴുവൻ വില്ലേജ് ഓഫിസർമാർ മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com