ADVERTISEMENT

പുനലൂർ ∙ ചെങ്കോട്ട –കൊല്ലം റെയിൽ പാതയിൽ രാത്രിയിൽ ട്രെയിൻ എത്തുന്നതിനു തൊട്ടു മുൻപ് റെയിൽവേ ട്രാക്കിലേക്ക് വൈദ്യുതി ലൈൻ തകർത്ത്  മരം ഒടിഞ്ഞ് വീണു. പാലരുവി എക്സ്പ്രസ് എത്തുന്നതിന്  സെക്കന്റുകൾക്ക് മുൻപ് തെന്മല മൂന്നുകണ്ണറ പാലത്തിനു സമീപത്തായിരുന്നു സംഭവം.  

വൈദ്യുതി ലൈനിന്റെ കുറെ ഭാഗം ഇളകിമാറിയിരുന്നു. നാട്ടുകാരുടെ സഹായത്തോടെ മരം മുറിച്ചു നീക്കിയ ശേഷമാണ് ട്രെയിൻ യാത്ര തുടർന്നത്. പാതയിൽ വൈദ്യുതീകരണം പൂർത്തിയാക്കി കഴിഞ്ഞ മാസം വിജയകരമായി പരീക്ഷണ ഓട്ടവും നടത്തിയതാണ്.  പുനലൂർ ചെങ്കോട്ട ട്രാക്‌ഷൻ സബ് സ്റ്റേഷനുകളിലേക്ക് വൈദ്യുതി എത്താത്തതു മൂലം വൈദ്യുതി എൻജിൻ ഉപയോഗിച്ചല്ല ഇപ്പോൾ ട്രെയിനുകൾ ഓടുന്നത്. കഴിഞ്ഞവർഷം തെന്മലയ്ക്കും ഇടമണ്ണിനും മധ്യേയുള്ള ഐഷാ പാലത്തിന് സമീപം രാത്രിയിൽ വലിയ മൺതിട്ട ഇടിഞ്ഞ് ട്രാക്കിലേക്ക് വീണ് അപകടം ഉണ്ടായിരുന്നു. ഇതും ട്രെയിൻ എത്തുന്നതിന് തൊട്ടുമുൻപായിരുന്നു. 

2018ൽ പാത കമ്മിഷൻ ചെയ്തപ്പോൾ അപകട ഭീഷണി ഉയർത്തി നിൽക്കുന്ന മരങ്ങൾ മുറിക്കാൻ ചീഫ് സുരക്ഷാ കമ്മിഷണർ നിർദേശം നൽകിയിരുന്നതാണ്. കുറെ മരങ്ങൾ മുറിക്കുകയും ചെയ്തിരുന്നു. അപകട ഭീഷണി ഉയർത്തി നിൽക്കുന്ന എല്ലാ മരങ്ങളും നീക്കം ചെയ്യണമെന്നാണ് ആവശ്യം ഉയർന്നിരിക്കുന്നത്. വൈദ്യുതീകരണം കഴിഞ്ഞതോടെ ഭാവിയിൽ കൂടുതൽ ദീർഘദൂര സർവീസുകൾ പ്രതീക്ഷിച്ചിരിക്കുന്ന പാതയാണിത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com