കൊടുംചൂട്; കന്നുകാലികൾക്കും കഷ്ടകാലം
Mail This Article
കൊല്ലം ∙ ജില്ലയിൽ കൊടുംചൂടിൽ ഇതുവരെ 400 ലേറെ കന്നുകാലികൾക്ക് ജീവൻ നഷ്ടമായതായി മൃഗസംരക്ഷണ വകുപ്പിന്റെ കണക്ക്. 38 കറവപ്പശുക്കൾ, 2 കിടാരികൾ, 2 എരുമക്കിടാങ്ങൾ, ഒരു ആട് ഉൾപ്പെടെയാണിത്. ജില്ലയിൽ പ്രതിദിന പാൽ ഉൽപാദനം 30000 ലീറ്റർ കുറഞ്ഞു. ചൂട് കനത്തതോടെ കാലികളും പക്ഷികളും കൂട്ട മരണത്തിലേക്ക് നീങ്ങുകയാണെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ പറയുന്നു. പച്ചപ്പുല്ലും വെള്ളവും കിട്ടാത്ത സാഹചര്യം ഇതാദ്യമാണ്. 22 പഞ്ചായത്തുകളിൽ കുടിവെള്ള ക്ഷാമമുണ്ട്. നിലവിലെ കണക്കുകളനുസരിച്ച് കഴിഞ്ഞ കുംഭം മീനം, മേടം മാസങ്ങളിലായി 38 ഓളം കറവപ്പശുക്കൾ സൂര്യാതപമേറ്റു മരിച്ചു. ഇത്രയും ജില്ലയിൽ ആദ്യമാണെന്നു ജില്ലാ മൃഗാശുപത്രി മേധാവി ഡോ.ഡി.ഷൈൻകുമാർ പറഞ്ഞു.
അടിയന്തര വൈദ്യസഹായം
∙ ജില്ലയിലെ എല്ലാ മൃഗാശുപത്രികളിലും ഡ്രിപ് രൂപത്തിലുള്ള മരുന്നുകളും മറ്റു ജീവൻ രക്ഷാ മരുന്നുകളും ശേഖരിച്ചിട്ടുണ്ട്
∙മൃഗാശുപത്രികളിൽ ചികിത്സയ്ക്ക് വരുന്ന മൃഗങ്ങൾക്കും ഉടമകൾക്കും ആവശ്യമായ കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്
∙ വാഹനങ്ങളിൽ കൊണ്ടുവരുന്ന മൃഗങ്ങളിലും കോഴികളിലും ഉഷ്ണസമ്മർദത്തിന്റെ ലക്ഷണങ്ങൾ നിരീക്ഷിക്കുന്നതിന് നിർദേശം നൽകിയിട്ടുണ്ട്
∙ താപനില നിശ്ചിത പരിധിക്ക് മുകളിൽ ഉയരുന്ന ഘട്ടങ്ങളിൽ എസ്എംഎസ് വഴിയുള്ള മുന്നറിയിപ്പ് കർഷകർക്ക് ലഭ്യമാക്കുന്നതിന് സംവിധാനം മൃഗസംരക്ഷണ വകുപ്പ് ഒരുക്കിയിട്ടുണ്ട്
ശ്രദ്ധിക്കണം
∙ പകൽ 11 നും 3 നും ഇടയിലുള്ള സമയത്ത് തുറസ്സായ സ്ഥലങ്ങളിൽ ഉരുക്കളെ മേയാൻ വിടരുത്. ആ സമയത്ത് പശുക്കളെ പാടത്ത് കെട്ടിയിടുകയും പാടില്ല.
∙ ആസ്ബസ്റ്റോസ് ഷീറ്റോ തകര ഷീറ്റോ കൊണ്ട് മേഞ്ഞ കൂടാരങ്ങളിൽ നിന്ന് പുറത്തിറക്കി മരത്തണലിൽ കെട്ടണം. തൊഴുത്തിൽ ഫാനുകൾ പ്രവർത്തിപ്പിക്കണം. തെങ്ങോല, ടാർപോളിൻ എന്നിവയിൽ ഏതെങ്കിലും ഉപയോഗിച്ച് മേൽക്കൂരയ്ക്ക് കീഴെ സീലിങ് ഒരുക്കാം.സ്പ്രിങ്‌ലർ, ഷവർ എന്നിവ ഉപയോഗിച്ച് അരമണിക്കൂർ കൂടുമ്പോൾ പശുക്കളെ നനയ്ക്കുന്നത് ഉഷ്ണസമ്മർദം കുറയ്ക്കാൻ സഹായിക്കും
∙ വാഹനത്തിൽ കയറ്റിയുള്ള ദീർഘദൂര യാത്രകൾ രാവിലെയും വൈകുന്നേരവുമായി ക്രമീകരിക്കണം.
∙ നിർജലീകരണം തടയാനും പാൽ കറവ നഷ്ടം കുറയ്ക്കാനും തൊഴുത്തിൽ 24 മണിക്കൂറും തണുത്ത കുടിവെള്ളം ലഭ്യമാക്കണം. കുടിവെള്ളം ചൂടുപിടിക്കുന്നത് തടയാൻ വെള്ള ടാങ്കുകളും വിതരണ പൈപ്പുകളും നനച്ച ചണച്ചാക്ക് ഉപയോഗിച്ച് പൊതിയാം.
∙ വേനലിൽ കഴിക്കുന്ന കാലിത്തീറ്റയുടെ അളവ് കുറയുന്നതിനാൽ ഏറ്റവും നിലവാരം ഉള്ള തീറ്റ തന്നെ നൽകണം. ധാതു ലവണ മിശ്രിതങ്ങൾ തീറ്റയിൽ ചേർക്കണം
∙ ചൂട് കുറഞ്ഞ സമയങ്ങളിൽ രണ്ടു മൂന്ന് തവണ തറവിരി ഇളക്കിയിടണം. ചകിരിച്ചോറാണ് നല്ല തറവിരി. സ്പ്രിൻക്ലർ ഉപയോഗിച്ച് മേൽക്കൂര തണുപ്പിക്കണം . മേൽക്കൂരയ്ക്ക് മുകളിൽ തെങ്ങോലയോ ചണച്ചാക്കോ വിരിക്കുന്നതും വള്ളിചെടികൾ പടർത്തുന്നതും ചൂട് കുറയാൻ സഹായിക്കും. മേൽക്കൂര കഴിയുമെങ്കിൽ വെള്ളപൂശണം .
∙ഐസിട്ട ബള്ളം കുടിക്കാൻ നല്കണം. എക്സോസ്റ്റ് ഫാനുകൾ കൂട്ടിൽ ഘടിപ്പിക്കണം
∙ നായ്ക്കുടുകൾക്കു മുകളിൽ തണൽ വലകൾ അൽപം ഉയരത്തിൽ വിരിക്കാം.
∙ ചൂടുകൂടിയ സമയങ്ങളിൽ തീറ്റ ഒഴിവാക്കണം. ഒരു ദിവസം നൽകുന്ന തീറ്റ പലതവണകളായി മാറ്റാം.
∙ ആഹാരത്തിൽ തൈരോ ജീവകം സി യോ നൽകണം.
∙ നായ്ക്കളുടെ കൂട്ടിൽ ഫാൻ നിർബന്ധമാണ്. ദിവസവും ദേഹം ബ്രഷ് ചെയ്യാൻ മറക്കരുത്.
∙ അധികം ശരീരഭാരമുള്ള ഇനങ്ങൾക്കാണ് സൂര്യാഘാത സാധ്യതയേറുന്നത്.
∙ ചൂടുള്ള പകലിൽ നായ്ക്കളെയും പൂച്ചകളെയും കാറിനുള്ളിലോ മുറിക്കുള്ളിലോ അടച്ചു പുറത്തു പോകരുത് .
∙ സൂര്യാഘാതമേറ്റാൽ നായ്ക്കളെ തണലിടങ്ങളിലേക്ക് മാറ്റി തണുത്ത വെള്ളത്തിൽ മുക്കിയ ടവൽ പുതപ്പിക്കണം .