ADVERTISEMENT

പുനലൂർ ∙ വൈദ്യുതീകരണം പൂർത്തിയാക്കി കമ്മിഷൻ ചെയ്ത ചെങ്കോട്ട – പുനലൂർ റെയിൽപാതയിലെ തുരങ്കങ്ങളിൽ വൻ ചോർച്ച കണ്ടെത്തിയ ഭാഗത്തു ഷോർട്ട് സർക്യൂട്ട് ഉണ്ടാകാതിരിക്കാൻ സുരക്ഷാ നടപടികൾ തുടങ്ങി. നേരത്തെ വിവിധ തുരങ്കങ്ങളിലായി കണ്ടെത്തിയ 36 മീറ്ററിലെ ചോർച്ചയെത്തുടർന്നു വൈദ്യുതി ലൈനിനു മുകളിൽ ലോഹ ഷീറ്റുകൾ സ്ഥാപിച്ചു സുരക്ഷ ഉറപ്പാക്കിയിരുന്നു. എന്നാൽ, കാലവർഷം കടുത്തതോടെ വിവിധ തുരങ്കങ്ങളിൽ 15 മീറ്റർ ഭാഗത്തുകൂടി പുതുതായി ചോർച്ച കണ്ടെത്തി. ഇവിടെയും ഷീറ്റുകൾ സ്ഥാപിക്കും. തമിഴ്നാട് അതിർത്തിയിലെ 896 മീറ്റർ നീളമുള്ള, ഒരു വശം കേരളവും മറുവശം തമിഴ്നാടുമായുള്ള തുരങ്കമാണിത്. ഒന്നേകാൽ നൂറ്റാണ്ടിനു മുൻപ് ബ്രിട്ടീഷുകാർ നിർമിച്ചതാണ്.

കൂടുതൽ ദീർഘദൂര ട്രെയിനുകൾ ഓടിക്കഴിഞ്ഞാൽ റെയിൽവേയുടെ തന്ത്ര പ്രധാന പാതയായി ഇതു മാറും. അപ്പോൾ തുരങ്കങ്ങളിൽ വെള്ളം ചോർന്നു തടസ്സം നേരിട്ടാൽ വൈദ്യുത ട്രെയിൻ ഗതാഗതത്തെ പ്രശ്നം പ്രതികൂലമായി ബാധിക്കും. അതിനാലാണ് തുരങ്കങ്ങളിലെ ഷോർട്ട് സർക്യൂട്ട് പ്രതിരോധ മാർഗങ്ങൾക്കു റെയിൽവേ മുന്തിയ പരിഗണന നൽകുന്നത്. അപകടകരമായ നിലയിൽ നിൽക്കുന്ന 147 മരങ്ങൾ മുറിച്ചു മാറ്റുന്ന ജോലികളും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഈ മരങ്ങൾ വലുപ്പം ഉള്ളവയായതതിനാൽ ദിവസം നാലും അഞ്ചും എണ്ണം മാത്രമാണ് മുറിക്കുന്നത്.

നേരത്തെ മരങ്ങളുടെ പട്ടിക തയാറാക്കിയിരുന്നെങ്കിലും പൂർണമായി മരം മുറി നടന്നിരുന്നില്ല. ഈ 13നു ചെങ്കോട്ട ട്രാക്‌ഷൻ സബ്സ്റ്റേഷനിൽ നിന്നു വൈദ്യുതി പ്രവഹിപ്പിച്ച് പുനലൂർ – ചെങ്കോട്ട പാതയിൽ എൻജിൻ ട്രയൽ റൺ നടത്തിയിരുന്നു. ഇനി റെയിൽവേയുടെ നയപരമായ തീരുമാനം ഉണ്ടായാൽ 14 കോച്ചുകൾ ഘടിപ്പിച്ച ട്രെയിൻ ഉപയോഗിച്ചു പരീക്ഷണ ഓട്ടവും നടത്തും. അതിനുമുൻപു മരം മുറി പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com