ADVERTISEMENT

മങ്ങാട് ∙ വീസയുടെ ആവശ്യത്തിന് അടിയന്തരമായി പാസ്പോർട്ട് പുതുക്കാൻ റിയാദിൽ നിന്നെത്തിയ പ്രവാസിയോട് പോസ്റ്റ് ഓഫിസ് അധികൃതർ നീതികേട് കാട്ടിയതായി പരാതി. പാസ്പോർട്ടിലെ മേൽവിലാസത്തിൽ ആളുണ്ടെന്നിരിക്കെ പാസ്പോർട്ട് നൽകാതെ പോസ്റ്റ് ഓഫിസ് അധികൃതർ തിരികെ അയച്ചതാണ് പരാതിക്കും വിവാദങ്ങൾക്കും ഇടയാക്കിയിരിക്കുന്നത്. മങ്ങാട് തോട്ടുംമുഖത്ത് വീട്ടിൽ നീലേഷ് ഹരിയാണ് മങ്ങാട് പോസ്റ്റ് ഓഫിസ് അധികൃതർക്കെതിരെയാണ് പരാതി. കഴിഞ്ഞ 19നാണ് എമർജൻസി തൽക്കാലിൽ നീലേഷ് ഹരി തന്റെ പാസ്പോർട്ട് പുതുക്കിയത്. പാസ്പോർട്ട് പുതുക്കുന്നതിന്റെ ആവശ്യത്തിനായി ഒരാഴ്ച മുൻപാണ് നാട്ടിലെത്തിയത്. 

കുടുംബ മേൽവിലാസത്തിലാണ് പാസ്പോർട്ടും മറ്റ് രേഖകളും ഉളളത്. നിലവിൽ കുടുംബ വീട് പൂട്ടിയിട്ടിരിക്കുകയാണ്. അതിനാൽ കഴിഞ്ഞ ദിവസം പാസ്പോർട്ട് പോസ്റ്റ് ഓഫിസിൽ എത്തിയപ്പോൾ തന്നെ അത് നേരിട്ട് കൈപ്പറ്റാൻ നീലേഷ് ഹരി അവിടെ എത്തിയെങ്കിലും പോസ്റ്റ് വുമൻ ഇല്ലാത്തതിനാൽ നൽകാൻ സാധിക്കില്ലെന്നാണ് പോസ്റ്റ് മാസ്റ്റർ അറിയിച്ചത്. തുടർന്ന് മടങ്ങിയെങ്കിലും ഉച്ചയോടെ വീണ്ടും പോസ്റ്റ് ഓഫിസിൽ എത്തിയപ്പോൾ മേൽവിലാസത്തിൽ ആളില്ലെന്ന കാരണത്താൽ പാസ്പോർട്ട് തിരികെ അയച്ചതായി പോസ്റ്റ് മാസ്റ്റർ അറിയിച്ചു.

മേൽവിലാസത്തിലെ ഉടമ നേരിട്ട് എത്തിയിട്ടും നൽകാതിരുന്ന പാസ്പോർട്ട് ആളില്ലെന്ന പേരിൽ മടക്കി അയച്ചതിനുള്ള കാരണം ആവശ്യപ്പെട്ടെങ്കിലും അതിനു മറുപടി നൽകാൻ പോസ്റ്റ് മാസ്റ്റർ തയാറായില്ല. പാസ്പോർട്ട് ലഭിച്ചില്ലെങ്കിൽ തന്റെ ജോലി നഷ്ടപ്പെടുന്ന സ്ഥിതിയാണെന്നും കുടുംബം റിയാദിലും താൻ നാട്ടിലുമായി അകപ്പെടുമെന്നും അറിയിച്ചിട്ടും പാസ്പോർട്ട് നൽകാൻ പോസ്റ്റ് മാസ്റ്റർ തയാറായില്ല. കുടുംബ പ്രശ്നവുമായി ബന്ധപ്പെട്ട ബാഹ്യ ഇടപെടലുകളാണ് സംഭവത്തിന് പിന്നിലെന്ന് നീലേഷ് ഹരി ആരോപിക്കുന്നു.

സംഭവത്തെ തുടർന്ന് പൂട്ടി കിടക്കുന്ന കുടുംബ വീടിന് സമീപം നീലേഷ് താൽക്കാലികമായി വീട് വാടകയ്ക്ക് എടുക്കുകയും അതിന്റെ രേഖകൾ പാസ്പോർട്ട് ഓഫിസിലും പോസ്റ്റൽ വകുപ്പ് അധികൃതർക്ക് നൽകുകയും ചെയ്തു. മടക്കി അയച്ച പാസ്പോർട്ട് ഇതേ മേൽവിലാസത്തിലേക്ക് തിരികെ അയച്ച് അത് നേരിട്ട് കൈപ്പറ്റാനുള്ള കാത്തിരിപ്പിലാണ് നീലേഷ് ഹരി. പോസ്റ്റ് ഓഫിസ് അധികൃതരുടെ വീഴ്ചയ്ക്കെതിരെ പോസ്റ്റൽ വകുപ്പിനും കേന്ദ്ര മന്ത്രി അടക്കമുള്ളവർക്കും കിളികൊല്ലൂർ പൊലീസിലും നീലേഷ് ഹരി പരാതി നൽകി.

English Summary:

Riyadh expatriate visiting his hometown of Mangad, Kerala, filed a complaint against the local post office for returning his passport despite his presence at the delivery address. This incident raises concerns about potential injustices faced by individuals relying on crucial document deliveries for visa and travel purposes.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com