ADVERTISEMENT

കൊല്ലം∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂർ എടുത്തതല്ലെന്നും പകരം എൽഡിഎഫ് സർക്കാർ കൊടുത്തതാണെന്നും എഐസിസി സെക്രട്ടറി പി.സി. വിഷ്ണുനാഥ് എംഎൽഎ. ആർഎസ്എസ് നേതാക്കളും എഡിജിപിയുമായുള്ള കൂടിക്കാഴ്ചയുടെ ഫലമാണ് തൃശൂരിലെ ബിജെപി വിജയമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മയുടെ ജില്ലാ തല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. 

മുഖ്യമന്ത്രിക്കും മകൾക്കും എതിരായ അഴിമതി ആരോപണങ്ങൾ അന്വേഷണം എങ്ങുമെത്തിയില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംരക്ഷണത്തിലാണ് പിണറായി വിജയൻ. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിനെ ഉൾപ്പെടെയുള്ളവരെ അഴിമതി ആരോപണത്തിന്റെ പേരിൽ അറസ്റ്റ് ചെയ്ത മോദി പിണറായിയെ വെറുതേ വിട്ടു. സ്വർണക്കടത്ത് കേസിലും പിണറായിയെ മോദി സംരക്ഷിച്ചു. തൃശൂരിലെ വിജയത്തിന്റെ ബാക്കിയാണ് പിണറായിയെയും മറ്റും മോദി സംരക്ഷിക്കുന്നത്. 38–ാം തവണ ലാവ്‌ലിൻ കേസ് സുപ്രീംകോടതി മാറ്റിവച്ചതും ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറും മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയുടെ ഫലമാണ്. പിണറായി വിജയൻ കേരളത്തിലെ സിപിഎമ്മിന്റെ അവസാനത്തെ മുഖ്യമന്ത്രി ആയിരിക്കുമെന്നും വിഷ്ണുനാഥ് പറഞ്ഞു.  

ഡിസിസി പ്രസിഡന്റ് പി.രാജേന്ദ്ര പ്രസാദ് അധ്യക്ഷനായിരുന്നു, കോൺഗ്രസ് നേതാക്കളായ എസ്. വിപിനചന്ദ്രൻ, അൻസർ അസീസ്, എൻ. ഉണ്ണിക്കൃഷ്ണൻ, ആദിക്കാട് മധു, ജി. ജയപ്രകാശ്, എം. എം. സഞ്ജീവ് കുമാർ, ആനന്ദ് ബ്രഹ്‌മാനന്ദ്, ബ്ലോക്ക് പ്രസിഡന്റ് എം. നാസർ, കെ. ബി. ഷഹാൽ തുടങ്ങിയവർ പ്രസംഗിച്ചു.  അഞ്ചാലുംമൂടിൽ നടന്ന പ്രതിഷേധ കൂട്ടായ്മ പി. രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. കരുനാഗപ്പള്ളിയിൽ അടൂർ പ്രകാശ് എംപി, ചവറയിൽ ബിന്ദുകൃഷ്ണ, കുന്നത്തൂരിൽ കെ. സി രാജൻ, എഴുകോൺ, കുണ്ടറ എന്നിവിടങ്ങളിൽ പി. സി. വിഷ്ണുനാഥ്, ചടയമംഗലത്ത് എം.എം. നസീർ, പരവൂരിൽ തൊടിയൂർ രാമചന്ദ്രൻ, ചിതറയിൽ സൈമൺ അലക്‌സ്, പത്തനാപുരത്ത് സൂരജ് രവി, പുനലൂരിൽ എൻ. കെ പ്രേമചന്ദ്രൻ എംപി, തൃക്കോവിൽവട്ടത്ത് എ. ഷാനവാസ്ഖാൻ, അഞ്ചലിൽ ഭാരതീപുരം ശശി, കൊട്ടാരക്കരയിൽ പി. ഹരികുമാർ, തലവൂരിൽ ജ്യോതികുമാർ ചാമക്കാല എന്നിവർ ഉദ്ഘാടനം ചെയ്തു.

English Summary:

Congress leader and AICC Secretary P.C. Vishnunath has accused the ruling LDF government in Kerala of orchestrating BJP's victory in the Thrissur Lok Sabha seat. Vishnunath claims secret meetings between RSS and CPI(M) leaders led to this outcome. His allegations have fueled Congress protests demanding the resignation of Chief Minister Pinarayi Vijayan.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com