ADVERTISEMENT

കടയ്ക്കൽ ∙ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി നടന്ന കടയ്ക്കൽ സമരത്തിന് ഇന്ന് 86 വയസ്സ്. 1938 സെപ്റ്റംബർ 29നാണ് ഐതിഹാസികമായ സമരം നടന്നത്. പൊലീസിനെ നാടുകടത്തി കടയ്ക്കൽ ഉൾപ്പെടുന്ന പ്രദേശത്തു ജനങ്ങൾ ഭരണം നടത്തിയെന്നതാണു ചരിത്രം. ജനങ്ങളുടെ രാജ്യത്തു രാജാവായി ഫ്രാങ്കോ രാഘവൻ പിള്ളയെയും മന്ത്രിയായി ചന്തിരൻ കാളിയമ്പിയെയും പ്രഖ്യാപിച്ചു. പ്രദേശം തിരിച്ചുപിടിക്കാൻ സർ സി.പി.രാമസ്വാമി അയ്യരുടെ പൊലീസിന് അക്ഷരാർഥത്തിൽ യുദ്ധ മുറ തന്നെ സ്വീകരിക്കേണ്ടി വന്നു. മർദനത്തെത്തുടർന്ന് അവശരായി മരിച്ചവർ ഏറെ. കേസിൽ 10ലധികം പേരെ ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നു.

ഇന്നു സമരവുമായി ബന്ധപ്പെട്ട പോരാളികൾ ആരും ജീവിച്ചിരിപ്പില്ല. സമരത്തെക്കുറിച്ചു മനസ്സിലാക്കാൻ സഹായിക്കുന്നത് കടയ്ക്കൽ ഗോപിനാഥ പിള്ള രചിച്ച ‘കടയ്ക്കൽ വിപ്ലവം’ എന്ന പുസ്തകം ആണ്. കടയ്ക്കൽ സമരത്തിൽ പങ്കെടുത്ത പലർക്കും സ്വാതന്ത്ര്യ പെൻഷൻ നിഷേധിക്കപ്പെട്ടു എന്നതും കയ്പ്പേറിയ ഓർമയാണ്. ജീവിതത്തിന്റെ അന്ത്യഘട്ടത്തിൽ സമരസേനാനികൾക്കു തെരുവിൽ അലയേണ്ടി വന്നു. ഒട്ടേറെ വിവാദങ്ങൾക്കും രേഖകളുടെ പരിശോധനകൾക്കും ശേഷമാണു സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി സംഭവം അംഗീകരിച്ചതും പെൻഷൻ അനുവദിച്ചതും. 

കടയ്ക്കൽ ചന്തയിലെ അന്യായമായ കരം പിരിവിനെതിരെ ജനം സംഘടിച്ചതാണു കടയ്ക്കൽ സമരത്തിനു കാരണമായത്. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ നേതൃത്വത്തിൽ കടയ്ക്കൽ ചന്തയിൽ അന്യായമായ കരം പിരിക്കുന്നതിനെതിരെ സമരം ചെയ്ത ജനങ്ങളും പൊലീസും ഏറ്റുമുട്ടി. കടയ്ക്കൽ പൊലീസ് സ്റ്റേഷൻ ഔട്ട്പോസ്റ്റ് ജനങ്ങൾ തീയിട്ടു നശിപ്പിച്ചു. പൊലീസിനെ കടയ്ക്കലിൽ നിന്നു നാടുകടത്തി. പൊലീസ് വരാതിരിക്കാൻ കടയ്ക്കൽ നിലമേൽ റോഡിൽ മരങ്ങൾ മുറിച്ചിട്ടും മറ്റും ഗതാഗത തടസ്സം ഉണ്ടാക്കി. കാര്യത്തു പാലവും പൊളിച്ചിട്ടു. പിന്നീട് പൊലീസും പട്ടാളവും ചേർന്ന് കടയ്ക്കൽ പ്രദേശം തിരിച്ചു പിടിക്കുകയായിരുന്നു. കടയ്ക്കൽ ചന്തയ്ക്കു സമീപത്തു സമര സ്മാരകം സ്ഥാപിച്ചിട്ടുണ്ട്. സ്മാരകത്തിലെ ചരിത്ര മ്യൂസിയത്തിൽ സമര കഥ ശിൽപങ്ങളിൽ ആലേഖനം ചെയ്തിട്ടുമുണ്ട്.

സമര വാർഷികം ആചരിക്കും 
കടയ്്ക്കൽ ∙ സമര വാർഷികാചരണത്തിന്റെ ഭാഗമായി ഇന്നു രാവിലെ 10നു വ്യാപാരി ഭവനിൽ കടയ്ക്കൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തുന്ന അനുസ്മരണ സമ്മേളനം കൊടിക്കുന്നിൽ സുരേഷ് എംപി ഉദ്ഘാടനം ചെയ്യും. ഡിസിസി ജനറൽ സെക്രട്ടറി ജി.മോഹനൻ അധ്യക്ഷനാകും. കെപിസിസി ജനറൽ സെക്രട്ടറി എം.എം.നസീർ പങ്കെടുക്കും. 
കടയ്ക്കൽ ∙ അസോസിയേഷൻ കൾചറൽ ചാരിറ്റി ഓർഗനൈസേഷൻ ജില്ലാ കമ്മിറ്റി ഇന്നു രാവിലെ 9നു സമര സ്മാരകത്തിൽ കടയ്ക്കൽ സമര വാർഷികം ആചരിക്കും. സമര ചരിത്രകാരൻ എൻ.ഗോപിനാഥൻ പിളള ഉദ്ഘാടനം ചെയ്യും. ആർ.രവീന്ദ്രൻ പിള്ള അധ്യക്ഷനാകും.

English Summary:

The Kadakkal Revolt, a significant event in India's struggle for independence, took place on September 29, 1938.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com