ശക്തമായ മഴ: ചിതറയിൽ വൻ നാശം; പല ഭാഗത്തും മണ്ണിടിച്ചിൽ ഭീഷണി
Mail This Article
കടയ്ക്കൽ∙ ശക്തമായ മഴയിൽ ചിതറ പഞ്ചായത്തിൽ വൻ നാശം. ചിതറ കാരറ പച്ചയിൽ വീട്ടിൽ സലി മോളുടെ കോൺക്രീറ്റ് വീടിന്റെ സംരക്ഷണ ഭിത്തി തകർന്നു. മുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറിനും കേടുപാടുണ്ടായി. മഴ തുടർന്നാൽ വീടിനും നാശം ഉണ്ടാകാൻ സാധ്യതയേറെയാണ്. വേങ്കൊല്ല സജി വിലാസം വീട്ടിൽ രാധാമണിയുടെ വീടിനോട് ചേർന്നുള്ള കൽക്കെട്ട് പൂർണമായി തകർന്നു. മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ വീട്ടിൽ നിന്നും മാറി താമസിക്കുവാൻ റവന്യു ഉദ്യോഗസ്ഥർ നിർദേശം നൽകി.
ജില്ലാ അതിർത്തിയായ ചിതറ പഞ്ചായത്ത് പ്രദേശത്തു മലയിടിച്ചിൽ ഭീഷണിയും ഉണ്ട്. കഴിഞ്ഞ രാത്രി ചിതറ പഞ്ചായത്ത് പ്രദേശത്തോട് ചേർന്നുള്ള മടത്തറയിൽ പെരിങ്ങമ്മല പഞ്ചായത്ത് പ്രദേശത്ത് വേളിയൻകാല കുന്നിൽ ചെറിയ മലയിടിച്ചിൽ ഉണ്ടായി. ഇന്നലെ ഉച്ച മുതൽ മഴ ശക്തമായി തുടരുകയാണ്. പല ഭാഗത്തും മണ്ണിടിച്ചിൽ ഭീഷണിയുണ്ട്.
ചിതറ, മാങ്കോട് വില്ലേജ് ഓഫിസുകളുടെ പരിധിയിൽ വരുന്ന പ്രദേശത്ത് മലയോര മേഖലയിലാണ് മണ്ണിടിച്ചിൽ ഭീഷണി ഉള്ളത്. മഴയിൽ റോഡുകൾക്ക് വൻ തകർച്ചയാണ് നേരിടുന്നത്. കടയ്ക്കൽ പഞ്ചായത്തിൽ പല ഭാഗത്തും റോഡിൽ വെള്ളം കയറി. അഞ്ചുമുക്ക്, എറ്റിൻകടവ് ഭാഗത്ത് വാഹനങ്ങൾക്ക് കടന്നു പോകാൻ കഴിയാത്ത തരത്തിൽ വെള്ളക്കെട്ടാണ്.