കാത്തിരിപ്പ് കേന്ദ്രം പൊളിച്ചിട്ട് മാസങ്ങൾ; വെയിലത്ത് നിൽക്കട്ടെ എന്നാണോ?
Mail This Article
കൊല്ലം ∙ ഹൈസ്കൂൾ ജംക്‌ഷനിൽ പൊരിവെയിലത്ത് ബസ് കാത്തു നിൽക്കേണ്ട ഗതികേടിലാണ് കൊല്ലം ഗേൾസ്, ബോയ്സ് സ്കൂളുകളിലെ വിദ്യാർഥികളടക്കമുള്ള യാത്രക്കാർ. അപകടാവസ്ഥയിലായിരുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം മാസങ്ങൾക്കു മുൻപ് പൊളിച്ചു നീക്കിയതോടെ പുതിയ സുരക്ഷിതമായ സംവിധാനം ഏറെ വൈകാതെ എത്തുമെന്ന് പ്രതീക്ഷിച്ചവരെ നിരാശരാക്കുകയാണ് അധികൃതർ. നിലവിലുണ്ടായിരുന്ന കേന്ദ്രം പൊളിച്ചിട്ട് മാസങ്ങൾ കഴിഞ്ഞെങ്കിലും നിർമാണ പ്രവൃത്തികൾ കാര്യക്ഷമമായി ആരംഭിക്കാൻ സാധിച്ചിട്ടില്ല.
ചിന്നക്കടയിലേക്കുള്ള ഭാഗത്തെ ഹൈസ്കൂൾ ജംക്‌ഷനിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ നിർമാണ പ്രവർത്തനമാണ് ഇനിയും തുടങ്ങാത്തത്. കോർപറേഷന്റെ നേതൃത്വത്തിൽ നഗരത്തിലെ വിവിധ ഇടങ്ങളിലെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ പുതുക്കിപ്പണിയുന്നതിന്റെ ഭാഗമായാണ് ഹൈസ്കൂൾ ജംക്‌ഷനിലെ കേന്ദ്രം പൊളിച്ചു നീക്കിയത്. സ്വകാര്യ പങ്കാളിത്തത്തോടെയാണ് വിവിധ ഇടങ്ങളിൽ ബസ് ഷെൽറ്ററുകൾ നിർമിക്കാനും പുതുക്കിപ്പണിയാനും കോർപറേഷൻ പദ്ധതി ആവിഷ്കരിച്ചത്.
ഹൈസ്കൂൾ ജംക്‌ഷന് പുറമേ തട്ടാമല, പാലത്തറ, കലക്ടറേറ്റ്, അഞ്ചുകല്ലുമൂട്, കാവനാട്, എക്സൈസ് ഓഫിസിന് മുൻവശം, കടപ്പാക്കട, കടവൂർ എന്നീ ഇടങ്ങളിലാണ് ബസ് സ്റ്റോപ്പുകൾ നിർമിക്കാൻ പദ്ധതിയിട്ടത്. ചിന്നക്കട, റെയിൽവേ സ്റ്റേഷൻ, കോർപറേഷൻ അടക്കമുള്ള ഇടങ്ങളിൽ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നവീകരിക്കാനും പദ്ധതിയുണ്ടായിരുന്നു. ഇതിൽ തട്ടാമല അടക്കമുള്ള പ്രദേശങ്ങളിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുമ്പോഴാണ് യാത്രക്കാർ ഏറെയുള്ള ഹൈസ്കൂൾ ജംക്‌ഷനിലെ നിർമാണം നിലച്ചിരിക്കുന്നത്.
കഴിഞ്ഞ ജൂലൈയിലാണ് വർഷങ്ങളോളം അപകടാവസ്ഥയിൽ തുടർന്നിരുന്ന ഇവിടത്തെ ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചു മാറ്റിയത്. അന്നു മുതൽ മഴയും വെയിലും കൊണ്ട് വാഹനങ്ങളെ കാത്തു നിൽക്കുകയാണ് യാത്രക്കാർ. ഗേൾസ് സ്കൂളിന് മുന്നിലുള്ള ബസ് സ്റ്റോപ്പായതിനാൽ തന്നെ ഇവിടെ നിന്ന് ബസ് കയറുന്നവരിൽ ഭൂരിഭാഗവും വിദ്യാർഥികളാണ്. അതിനാൽ തന്നെ ഏറെ വൈകാതെ നിർമാണം പൂർത്തിയാക്കി സുരക്ഷിതമായ ബസ് കേന്ദ്രം ഉടൻ ഒരുക്കണമെന്നാണ് ആവശ്യം.